പയ്യന്നൂർ: കോവിഡെന്ന മഹാമാരിക്ക് മുന്നില്‍ മുട്ടുമടക്കാന്‍ പയ്യന്നൂരിലെ ഓട്ടോ ഡ്രൈവറായ പി.വി.സുജിത്തിന് ആവില്ല.
കാരണം തന്നെ ആശ്രയിച്ചു കഴിയുന്ന അച്ഛനും അമ്മയും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്റെ അത്താണിയാണ് കോറോം പരവന്തട്ടയിലെ ഈ മുപ്പത്തഞ്ചുകാരൻ.
വര്‍ഷങ്ങള്‍ക്ക് മുമ്പുനടന്ന ഒരു വാഹനാപകടമാണ് തേപ്പുപണിക്കാരനായിരുന്ന സുജിത്തിനെ ഓട്ടോ ഡ്രൈവറാക്കിയത്. ബൈക്കപകടത്തെ തുടര്‍ന്നുള്ള ചികിത്സകള്‍ അവസാനിച്ചതോടെ വീണ്ടും ജോലിക്കിറങ്ങിയെങ്കിലും സിമന്റുപൊടി വില്ലനായി മാറുകയായിരുന്നു.
പൊടിശല്യം മൂലം ഒടുവില്‍ തലയില്‍ ശസ്ത്രക്രിയ ചെയ്യേണ്ടിവന്നതോടെയാണ് ഓട്ടോറിക്ഷ ജീവിതോപാധിയാക്കിയത്.
എണ്ണച്ചെലവുകഴിച്ച് എഴുന്നൂറും എണ്ണൂറും രൂപ വരുമാനമുണ്ടായിരുന്ന അവസ്ഥയില്‍നിന്നാണ് കോവിഡും ലോക്ക്ഡൗണും വറുതിയുടെ ദിവസങ്ങളിലേക്ക് തള്ളിയിട്ടത്.
നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി ഒന്നിടവിട്ട ദിവസങ്ങളില്‍ ഓട്ടോയോടിക്കാന്‍ അനുമതിയുണ്ടായെങ്കിലും യാത്രക്കാരില്ലാത്തതിനാല്‍ ടൗണിലേക്കുള്ള എണ്ണച്ചെലവിന്റെ പൈസ പോലും കിട്ടാത്ത അവസ്ഥയായിരുന്നു.
വീട്ടിലെ നിത്യച്ചെലവുകള്‍ക്കുള്ള വകപോലും കണ്ടെത്താനാകാതെ വന്നപ്പോഴാണ് പഴയ തേപ്പ് പണിയിലേക്ക് തിരിഞ്ഞത്.
മാസ്ക് ധരിക്കുന്നത് ഒരുപരിധിവരെ പൊടിതടയാനുപകരിക്കുമെങ്കിലും പൊടിതട്ടാതിരിക്കാന് കൂടെയുള്ള സഹായികള്‍ ശ്രദ്ധിക്കുന്നുണ്ട്. ജോലി സ്ഥലത്തേക്ക് പോകാനാണ് ഇപ്പോള്‍ ഓട്ടോ ഉപയോഗിക്കുന്നത്.