തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി സുകാന്ത് ഒളിവിലാണെന്ന് സംശയിക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി. സംസ്ഥാനത്തിന് പുറത്തേക്കും ഒരു സംഘത്തെ നിയോഗിച്ചു. സുകാന്തിന്റെ ചില സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സുകാന്ത് ഒളിവിൽ കഴിയാൻ സാധ്യതയുള്ള കേരളത്തിലെയും പുറത്തെയും സ്ഥലങ്ങളിൽ പോലീസ് സംഘം അന്വേഷണം മാറ്റിയത്.
സുകാന്തിന്റെ ഐപാഡ്, ഫോണ് എന്നിവ പോലീസ് കണ്ടെടുത്തിരുന്നു. ഇത് ഫോറൻസിക് പരിശോധനയ്ക്കയച്ചു. വിവാഹ വാഗ്ദാനത്തിൽനിന്നു പിൻമാറിയതും സുകാന്തിന്റെ പ്രകോപനപരമായ സംഭാഷണവുമാണ് യുവതിയെ ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.
യുവതിയെ സാന്പത്തികമായും ലൈംഗികമായും സുകാന്ത് ചൂഷണം നടത്തിയിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. തലസ്ഥാനത്തെ സ്വകാര്യാശുപത്രിയിൽ ഗർഭഛിദ്രം നടത്താൻ സുകാന്ത് യുവതിയെ എത്തിച്ചതിന്റെ വിവരങ്ങളും പോലീസിന് ലഭിച്ചിരുന്നു.
യുവതിയുടെ മാതാപിതാക്കളുടെ പരാതിയിലും മൊഴിയിലും മകളുടെ മരണത്തിന് പിന്നിൽ സുകാന്തിന് പങ്കുണ്ടെന്ന് മാതാപിതാക്കൾ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുകാന്തിനെതിരേ പേട്ട പോലീസ് കേസെടുത്തത്. മൂന്ന് ലക്ഷം രൂപയുടെ സാന്പത്തിക ഇടപാട് നടന്നിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഡിസിപി. നകുൽ ദേശ്മുഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണത്തിൽ അലംഭാവം നടന്നിട്ടുണ്ടെന്ന ആരോപണത്തെ തുടർന്ന് അന്വേഷണ ചുമതല ഡിസിപിയ്ക്ക് കൈമാറുകയായിരുന്നു. കഴിഞ്ഞ മാസം 24 നാണ് ഐബി ഉദ്യോഗസ്ഥയായ യുവതി ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്.