കൽപ്പറ്റ: വർഷങ്ങളായി തുടരുന്ന സമുദായവിലക്കിനെതിരെ യുവതി മൊബൈൽ ആപ്ലിക്കേഷനിലൂടെ പ്രധാനമന്ത്രിക്ക് നൽകിയ പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി. മാനന്തവാടി എരുമത്തെരുവ് വളപ്പാള അരുണ്‍ പ്രസാദിന്റെ ഭാര്യ സുകന്യയുടെ പരാതിയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് നിർദേശിച്ചതനുസരിച്ചാണ് പോലീസ് അന്വേഷണം. ഇതിന്റെ ഭാഗമായി മാനന്തവാടി പ്രിൻസിപ്പൽ എസ്ഐ കഴിഞ്ഞ ദിവസം ബന്ധപ്പെട്ട കക്ഷികളെ സ്റ്റേഷനിൽ വിളിച്ചുവരുത്തി മൊഴിയെടുത്തു.
ഹിന്ദു യാദവ സമുദായാംഗങ്ങളാണ് അരുണ്‍പ്രസാദും സുകന്യയും. പ്രണയത്തിലായിരുന്ന ഇവർ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് നാലര വർഷം മുന്‍പാണ് വിവാഹിതരായത്. കേണിച്ചിറയ്ക്ക് സമീപം ക്ഷേത്രത്തിൽ മിന്നുകെട്ടിയശേഷം വിവാഹം രജിസ്റ്റർ ചെയ്യുകയായിരുന്നു. വിവാഹശേഷം വാടക ക്വാർട്ടേഴ്സിൽ താമസിച്ചുവരുന്നതിനിടെയാണ് എരുമത്തെരുവ് യാദവ സമുദായ കമ്മിറ്റി തനിക്കും ഭാര്യയ്ക്കും ഭ്രഷ്ട് കൽപ്പിച്ചതിനെക്കുറിച്ച് അറിഞ്ഞതെന്ന് മാനന്തവാടിയിൽ ലോറി ഡ്രൈവറായ അരുണ്‍പ്രസാദ് പറഞ്ഞു.
വിവാഹശേഷം ബിരുദപഠനം പൂർത്തിയാക്കിയ സുകന്യ രണ്ട് വയസുള്ള പെണ്‍കുഞ്ഞിന്റെ അമ്മയാണിപ്പോൾ. സ്വസമുദായത്തിൽപ്പെട്ട മറ്റു കുട്ടികളുമായി മകൾ ഇടപഴകിയതിനെതിരെയും കമ്മിറ്റിക്കാർ രംഗത്തുവന്നു. ഒടുവിൽ സഹികെട്ടാണ് സമുദായ വിലക്കിനെതിരെ സുകന്യ മൊബൈൽ ആപ്ലിക്കേഷനിലൂടെ പ്രധാനമന്ത്രിക്ക് പരാതി നൽകിയത്.