സുകന്യ വീണ്ടും തിരിച്ചുവരുന്നു. മോഹൻലാൽ, മമ്മൂട്ടി, ജയറാം, മുകേഷ് തുടങ്ങിയവരുടെ നായികയായി ഒരു കാലത്ത് സിനിമയിൽ തിളങ്ങിനിന്ന സുകന്യ നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു. മധുപാൽ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യനിലൂടെയാണ് താരം തിരിച്ചെത്തുന്നത്. ഈ മാസം ചിത്രീകരണം ആരംഭിക്കുന്ന സിനിമയിൽ നിമിഷ സജയനും ടൊവിനോ തോമസുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങൾക്കു ജീവൻ പകർന്ന സുകന്യ അഭിനയിച്ച അവസാനചിത്രം 2014ൽ പ്രിയദർശൻ സംവിധാനം ചെയ്യ്ത ആമയും മുയലുമാണ്.
തമിഴിലും തെലുങ്കിലും നായികയായി തിളങ്ങിനിന്ന സുകന്യ മലയാള സിനിമയിൽ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ താരം മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി ഈ നടി മാറി. 1991 ൽ പുറത്തിറങ്ങിയ പുതു നെല്ല് പുതു നാത്ത് എന്ന സിനിമയാണ് സുകന്യയുടെ ആദ്യ സിനിമ. ഐ.വി. ശശി സംവിധാനം ചെയ്ത അപാരതയിലൂടെയാണ് സുകന്യ മലയാളത്തിൽ തുടക്കം കുറിച്ചത്. റഹ്മാനായിരുന്നു ചിത്രത്തിലെ നായകൻ.
സിബി മലയിൽ സംവിധാനം ചെയ്ത സാഗരം സാക്ഷിയിൽ മമ്മൂട്ടിയുടെ ഭാര്യയായാണ് സുകന്യ വേഷമിട്ടത്. ജയറാമും ദിലീപും മഞ്ജു വാര്യരുമെല്ലാം അഭിനയിച്ച തൂവൽക്കൊട്ടാരത്തിൽ ജയറാമിന്റെ നായികയായാണ് സുകന്യ അഭിനയിച്ചത്. മികച്ച പ്രതികരണം നേടിയ ചിത്രമായിരുന്നു അത്. പ്രിയദർശൻ സംവിധാനം ചെയ്ത ചന്ദ്രലേഖയിലൂടെയാണ് സുകന്യ മോഹൻലാലിനൊപ്പം അഭിനയിച്ചത്. നായികയല്ലെങ്കിലും അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തെയായിരുന്നു താരത്തിന് ലഭിച്ചത്.
ഇവരെക്കൂടാതെ മുകേഷിനൊപ്പവും സുകന്യ അഭിനയിച്ചിരുന്നു. അമ്മ അമ്മായി അമ്മ, സ്വസ്ഥം ഗൃഹഭരണം തുടങ്ങിയ സിനിമകളിൽ ഇവർ ഒരുമിച്ചിരുന്നു. മുരളിയുടെനായികയായും സുകന്യ വേഷമിട്ടിരുന്നു. കാണാക്കിനാവ് എന്ന സിനിമയിലായിരുന്നു ഇവരുവരും ഒരുമിച്ചെത്തിയത്.
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത നോട്ട് ബുക്കിൽ അമ്മ വേഷത്തിലാണ് താരം എത്തിയത്. അഭിനയം മാത്രമല്ല നൃത്തവും സുകന്യക്ക് നന്നായി വഴങ്ങിയിരുന്നു. നല്ലൊരു ഗായികയും സംഗീത സംവിധായികയും കൂടിയാണ് താരം. ഏറെ പ്രതീക്ഷകളോടെ വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചെങ്കിലും പിന്നീടു വിവാഹമോചിതയാവുകയായിരുന്നു.