കുപ്രസിദ്ധ കുറ്റവാളി സുകേഷ് ചന്ദ്രശേഖറുള്പ്പെട്ട സാമ്പത്തികത്തട്ടിപ്പു കേസില് കൂടുതല് വിവരങ്ങള് പുറത്ത്.
ബോളിവുഡ് നടി ജാക്വിലിന് ഫെര്ണാണ്ടസിനെ ഉള്പ്പെടെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് ഇഡി കുറ്റപത്രത്തിലെ കൂടുതല് വിവരങ്ങള് പുറത്തുവന്നത്.
സിനിമാരംഗത്തുള്ള നാല് പേര് സുകാഷ് ചന്ദ്രശേഖറിനെ ജയിലിലെത്തി സന്ദര്ശിച്ചതായാണു കുറ്റപത്രത്തില് പറയുന്നത്.
നികിത തംബോലി, ചാഹത് ഖന്ന, സോഫിയ സിങ്, അരുഷ പാട്ടീല് എന്നീ നടികളാണു തിഹാര് ജയിലിലെത്തി സുകാഷിനെ സന്ദര്ശിച്ചത്.
സുകാഷിന്റെ അനുയായി പിങ്കി ഇറാനി വഴിയാണ് ഇവര് ജയിലിലെത്തിയത്. വിവിധ പേരുകളിലാണു സുകാഷിനെ പിങ്കി ഈ നടികള്ക്കു പരിചയപ്പെടുത്തിയത്.
സന്ദര്ശിച്ചതിനു പകരമായി പണവും മറ്റു വിലകൂടി സമ്മാനങ്ങളും ഈ നടിമാര്ക്കു സുകാഷ് സമ്മാനിച്ചതായി ഇഡി കുറ്റപത്രത്തില് പറയുന്നു.
ജയിലിനുള്ളില് വന് സുഖസൗകര്യങ്ങളാണു സുകാഷിന് ഒരുക്കിയിരുന്നതെന്നാണ് നടികള് ഇഡിക്കു നല്കിയ മൊഴിയില് പറയുന്നത്.
‘ഓഫിസ്’ എന്ന പേരില് സുകാഷ് ഉപയോഗിച്ചിരുന്ന മുറിയിലെത്തിയാണ് ഇവര് സന്ദര്ശനം നടത്തിയത്. ധാരാളം ഗാഡ്ജറ്റുകള്, ടിവി, പ്ലേ സ്റ്റേഷന്, എസി, ആപ്പിള് ബ്ലൂടൂത്ത് സ്പീക്കറുകള്, ലാപ്ടോപ്പുകള്, ഒരു സോഫ, കൂളര്, ഫ്രിജ്, ഫോണുകള്, റോളക്സ് വാച്ചുകള്, വിലകൂടിയ ബാഗുകള് തുടങ്ങിയവ ഇവിടെയുണ്ടായിരുന്നതായി കുറ്റപത്രത്തില് പറയുന്നു.
ബിഗ് ബോസ് ഫെയിം നികിത തംബോലിയുടെ മൊഴിപ്രകാരം ‘ശേഖര്’ എന്ന പേരിലാണ് പിങ്കി ഇറാനി, സുകാഷിനെ പരിചയപ്പെടുത്തിയത്.
ദക്ഷിണേന്ത്യന് നിര്മാതാവും സുഹൃത്തുമാണെന്നാണു പറഞ്ഞിരുന്നത്. രണ്ടു തവണ നികിത സുകാഷിനെ തിഹാര് ജയിലിനുള്ളില് കണ്ടുമുട്ടിയതായി കുറ്റപത്രത്തില് പറയുന്നു.
2018 ഏപ്രിലിലെ ആദ്യ സന്ദര്ശനത്തില്, പിങ്കി ഇറാനി സുകാഷില്നിന്ന് 10 ലക്ഷം രൂപ പണമായി സ്വീകരിച്ചു, അതില് 1.5 ലക്ഷം നികിതയ്ക്കു നല്കി.
ഇതിനു രണ്ടോ മൂന്നോ ആഴ്ചയ്ക്കു ശേഷം, നികിത ഒറ്റയ്ക്കു സുകാഷിനെ കാണാന് പോയപ്പോള് രണ്ടു ലക്ഷം രൂപയും ഒരു വിലകൂടിയ ബാഗും നല്കി.
2021 ഡിസംബര് 15നാണ് ഇഡി നികിതയുടെ മൊഴി രേഖപ്പെടുത്തിയത്. 2018ല് വാട്സാപ് വഴിയാണ് പിങ്കി തന്നെ സമീപിച്ചതെന്നും സിനിമ കോര്ഡിനേറ്ററും നിര്മാതാവുമാണെന്നാണു പറഞ്ഞിരുന്നതെന്നും നികിത ഉദ്യോഗസ്ഥരോടു പറഞ്ഞു.
ദക്ഷിണേന്ത്യന് ചാനലിന്റെ ഉടമയായ ശേഖര് റെഡ്ഡി എന്നാണു സുകാഷിനെ പിങ്കി തനിക്കു പരിചയപ്പെടുത്തിയതെന്ന് നടി ചാഹത് ഖന്ന ഇഡിക്കു നല്കിയ മൊഴിയില് പറയുന്നു.
ബഡേ അച്ചേ ലഗ്തേ ഹേ എന്ന സീരിയലിലൂടെ പ്രശസ്തയായ നടിയാണ് ചാഹത് ഖന്ന.
2018 മേയിലാണ് ചാഹത്, സുകാഷിനെ തിഹാര് ജയിലിനുള്ളിലെ ഓഫിസില് സന്ദര്ശിച്ചത്. ഇതിനു പകരമായി നടിക്ക് രണ്ടു ലക്ഷം രൂപയും വാച്ചും പിങ്കി ഇറാനി നല്കി.
2018ല്, ഏഞ്ചല് എന്ന പേരിലാണ് പിങ്കി ചാഹത് ഖന്നയെ സമീപിച്ചതെന്നു കുറ്റപത്രത്തില് പറയുന്നു. 2021 ഡിസംബര് 16നാണ് ചാഹത്തിന്റെ മൊഴി ഇഡി രേഖപ്പെടുത്തിയത്.
ഒരു സിനിമയുമായി ബന്ധപ്പെട്ടാണ് സുകാഷ് ചന്ദ്രശേഖറിനെ കാണാന് പിങ്കി തന്നെ സമീപിച്ചതെന്നാണ് നടി സോഫിയ സിങ് ഇഡി ഉദ്യോഗസ്ഥര്ക്കു നല്കിയ മൊഴി.
ശേഖര് റെഡ്ഡി എന്ന പേരിലാണ് പരിചയപ്പെടുത്തിയത്. രണ്ടു തവണ സോഫിയ സിങ് തിഹാര് ജയിലില്വച്ച് സുകാഷ് ചന്ദ്രശേഖറിനെ കണ്ടിരുന്നു.
2018 മേയിലെ ആദ്യ സന്ദര്ശനത്തിനുശേഷം, സുകാഷ് സോഫിയയുടെ ബാങ്ക് അക്കൗണ്ടിലേക്ക് രണ്ടു ലക്ഷം രൂപ നിക്ഷേപിച്ചു.
15 ദിവസത്തിനു ശേഷം, സുകാഷ് ചന്ദ്രശേഖറിനെ കാണാന് സോഫിയ ഒറ്റയ്ക്കു പോയി. അപ്പോള് ഒരു വിലകൂടി ബാഗും സോഫിയയുടെ അക്കൗണ്ടിലേക്ക് 1.5 ലക്ഷം രൂപയും സുകാഷ് നല്കിയതായി ഇഡി കുറ്റപത്രത്തില് പറയുന്നു.
സുകാഷ് ചന്ദ്രശേഖറിനെ ഒരിക്കലും നേരിട്ടു കണ്ടിട്ടില്ലെന്നും വാട്സാപ്പില് ചാറ്റു ചെയ്യുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നുമാണ് നടി അരുഷ പാട്ടീല് നല്കിയ മൊഴി.
2020 ഡിസംബറില് ഏഞ്ചല് അഥവാ അഫ്രീന് എന്നയാളാണ് തന്നെ സുകാഷിനു പരിചയപ്പെടുത്തിയെന്നാണ് അരുഷ പറയുന്നത്. ഇതു പിങ്കി ഇറാനി തന്നെയാണെന്നാണ് ഇഡിയുടെ കണ്ടെത്തല്.
സുകാഷില്നിന്ന് 5.20 ലക്ഷം രൂപ ലഭിച്ചിട്ടുണ്ടെന്നും അതില് ഒരു ലക്ഷം പിങ്കി ഇറാനിക്ക് കൈമാറിയെന്നും 2022 ജനുവരി 3ന് ഇഡിക്ക് നല്കിയ മൊഴിയില് അരുഷ പറഞ്ഞു.