സര്‍ക്കാര്‍ സ്കൂളുകളില്‍ മക്കളെ വിടാന്‍ മാതാപിതാക്കള്‍ തയാറാകാത്ത കാലമാണിത്. ഇവിടെ പഠിക്കാന്‍ കുട്ടികള്‍ക്കും താല്പര്യം കുറവ്. എല്ലാവരും ഇങ്ങനെയാണെന്നാണ് പൊതുധാരണ. എന്നാല്‍, തങ്ങള്‍ പഠിക്കുന്ന സ്കൂളിനായി സ്വര്‍ണം ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ ഊരി നല്കിയ ഒരു നാടുണ്ട് കേരളത്തില്‍. മറ്റെവിടെയുമല്ല, നമ്മുടെ സ്വന്തം കണ്ണൂരില്‍. മലപ്പട്ടം സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് അപൂര്‍വമായൊരു ചടങ്ങ് നടന്നത്.
സ്കൂളിനെ ഹൈടെക്ക് ആക്കുകയെന്ന ലക്ഷ്യത്തിനായാണ് തളിപ്പറമ്പ് എംഎല്‍എ ജെയിംസ് മാത്യുവും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥും മുന്നിട്ടിറങ്ങി ധനസമാഹരണത്തിന് ആഹ്വാനം ചെയ്തത്. ഒക്ടോബര്‍ മുപ്പതാം തിയതിയായിരുന്നു ചടങ്ങ്. ഈ പരിപാടിക്കിടെയാണ് “എന്റെ സ്കൂളിന് എന്റെ സ്വര്‍ണമാല” എന്നു പറഞ്ഞ് സുകന്യയെന്ന പെണ്‍കുട്ടി കഴുത്തിലെ സ്വര്‍ണമാല ഊരി എംഎല്‍എയ്ക്ക് നല്‍കിയത്. സ്കൂളിന്റെ വികസനത്തിനായി കഴുത്തിലെ മാല ഊരി നല്‍കിയ സുകന്യയെന്ന പെണ്‍കുട്ടി ഏവരെയും സ്തബ്ധരാക്കി. തുടര്‍ന്ന് പൂര്‍വ വിദ്യാര്‍ത്ഥികളും നാട്ടുകാരും തങ്ങളുടെ സംഭാവനയായ കമ്മലും വളയും മോതിരവുമെല്ലാം വിദ്യാഭ്യാസ മന്ത്രിയുടെപക്കലേല്‍പ്പിച്ചു.
വിദ്യാലയത്തെ ഉന്നത നിലവാരത്തിലെത്തിക്കാന്‍ തന്റെ കഴുത്തിലെ മാല അഴിച്ച് നല്‍കിയ സുകന്യയുടെ മനസിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്നാണ് നാട്ടുകാരും ജനപ്രതിനിധികളും ഒരുപോലെ അഭിപ്രായപ്പെട്ടത്. തന്റെ സ്വപ്നത്തിന് മലപ്പട്ടം ഒന്നാകെ നല്‍കിയ പിന്തുണ കണ്ട് ജയിംസ് മാത്യു എംഎല്‍എ വേദിയില്‍ ആനന്ദാശ്രു പൊഴിക്കുകയും ചെയ്തു. ഹൃദയസ്പര്‍ശിയായ വീഡിയോ കണ്ടുനോക്കൂ…