വൈക്കം: പാടത്ത് ഉഴുതുകൊണ്ടിരുന്ന തൊഴിലാളിയെ അണലി കടിച്ചു. പാന്പുകടിയേറ്റയാളെ ഉടൻ ബോട്ടിൽ കായൽ കടത്തി ആംബുലൻസിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി. ചേർത്തല പെരുന്പളം ദ്വീപിലെ പാടത്ത് ഉഴുന്നതിനിടയിൽ ഇന്നലെ ഉച്ചയ്ക്ക് പെരുന്പളം കുന്നത്തുതറ സുകുമാര പണിക്കർക്കാണ് അണലിയുടെ കടിയേറ്റത്. കൂടെയുണ്ടായിരുന്ന തൊഴിലാളികളും നാട്ടുകാരും ചേർന്നു കടിച്ച അണലിയെ പിടികൂടി കൂട്ടിലാക്കി. സുകുമാര പണിക്കരുമായി പെരുന്പളത്തുനിന്നു ബോട്ടു കയറി പൂത്തോട്ട ജെട്ടിയിലെത്തി.
ബോട്ടുജെട്ടിയിലടുത്ത ഉടൻ രോഗിയെകാത്തു കിടന്ന 108 ആംബുലൻസ് ശരവേഗത്തിൽ വൈക്കം താലൂക്ക് ആശുപത്രിയിൽ സുകുമാര പണിക്കരെ എത്തിച്ചു. പ്രഥമ ശുശ്രൂഷയ്ക്കുശേഷം രോഗിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലതാമസം വരുത്താതെ ഉടനടി ചികിത്സ ലഭ്യമാക്കിയതുമൂലമാണ് സുകുമാരപണിക്കരുടെ ജീവൻ രക്ഷിക്കാനായത്.
അപകടനില തരണം ചെയ്ത് സുഖം പ്രാപിപ്പിച്ചു വരുകയാണ് സുകുമാര പണിക്കാർ. ആശുപത്രിയിലേക്ക് ഉടൻ കൊണ്ടുപോകാൻ ജാഗ്രതകാണിച്ച സഹപ്രവർത്തകർക്കും നാട്ടുകാർക്കും കായൽ കടക്കാനും ആശുപത്രിയിലെത്തിക്കാനും അത്യുത്സാഹം കാട്ടിയ ജലഗതാഗത വകുപ്പിലെ ബോട്ടുജീവനക്കാർക്കും വൈക്കത്തെ 108 ആംബുലൻസ് അധികൃതർക്കും നന്ദി പറഞ്ഞ് സുകുമാര പണിക്കർ.