എത്ര മിടുമിടുക്കന്മാരായ പോലീസുകാരോ എന്തിന് സിബിഐ പോലുമോ അന്വേഷിച്ചിട്ട് കണ്ടെത്താത്ത പല കാര്യങ്ങളും ലോകത്തുണ്ട്. ഇത്തരത്തില്‍ കേരളത്തില്‍ ഇതുവരെ പിടികിട്ടാത്ത ചുരുക്കം ചില കഥാപാത്രങ്ങളിലൊന്നാണ് സുകുമാരക്കുറുപ്പ് എന്ന പിടികിട്ടാപ്പുള്ളിയുടേത്. യഥാര്‍ത്ഥ ജീവിതത്തില്‍ ചുരുളഴിയാത്ത ആ രഹസ്യം ബിഗ്‌സ്‌ക്രീനിലെത്തുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ മലയാളികളെ കിടിലം കൊള്ളിച്ചിരിക്കുന്നത്.
എണ്‍പതുകളില്‍ കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ചാക്കോ കൊലക്കേസും പിന്നീടുള്ള സുകുമാരക്കുറുപ്പിന്റെ തിരോധാനവുമാണ് സിനിമയ്ക്ക് വിഷയമാവുന്നതെന്നാണ് കരുതപ്പെടുന്നത്. പറഞ്ഞതും അറിഞ്ഞതുമല്ല, പറയാന്‍ പോകുന്നതാണ് കഥ എന്ന അടിക്കുറിപ്പോടെയാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ പുറത്ത് വിട്ടിരിക്കുന്നത്. ചോക്കോ എന്ന ഫിലിം പ്രൊജക്ടറെ പണം തട്ടുന്നതിനായി കൊലപ്പെടുത്തുകയും കാറോടെ കത്തിക്കുകയുമായിരുന്നു. സുകുമാരക്കുറുപ്പാണ് മരിച്ചതെന്ന് വരുത്തിതീര്‍ക്കാനായിരുന്നു അത്. എന്നാല്‍ പിന്നീട് സുകുമാരക്കുറുപ്പിന്റെ പൊടിപോലും കിട്ടുകയുമുണ്ടായില്ല. ഇപ്പോഴും ഒരു ദുരൂഹതയായി തുടരുകയാണ് സുകുമാരക്കുറുപ്പ്. ആ സംഭവങ്ങളാണ് ഇപ്പോള്‍ സിനിമയാവാന്‍ തയാറെടുക്കുന്നത്.