ഗാന്ധിനഗർ( കോട്ടയം): 37 വർഷം മുന്പ് ഫിലിം റപ്രസന്റേറ്റീവ് ചാക്കോയെ കൊലപ്പെടുത്തിയ ശേഷം കാറിനുള്ളിൽ കത്തിച്ച കേസിലെ കുപ്രസിദ്ധ കുറ്റവാളി സുകുമാരക്കുറുപ്പ് കോട്ടയം നവജീവനിലുണ്ടെന്നുള്ള പ്രചാരണത്തെത്തുടർന്ന് തെരച്ചിൽ നടത്തി ക്രൈംബ്രാഞ്ച് പോലീസ്.
കഴിഞ്ഞ ദിവസം കോട്ടയം നവജീവൻ ആസ്ഥാനത്താണ് ആലപ്പുഴ ക്രൈബ്രാഞ്ച് എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള ഒരു സംഘം പോലീസ് എത്തിയത്.
നാലു വർഷം മുന്പ് ഉത്തർപ്രദേശിലെ ലക്നൗ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ അപകടത്തിൽ പരിക്കേറ്റ് ഒരു മലയാളിയെത്തി.
ജോബിന്റെ കഥ
സ്വദേശം പത്തനംതിട്ട ജില്ലയിൽ അടൂർ പന്നിവിഴയാണെന്നും പേര് ജോബ് എന്നും ആശുപത്രി അധികൃതരോടു പറഞ്ഞു.
ആശുപത്രിയിലെ മലയാളി മെയിൽ നേഴ്സായ കോട്ടയം പുതുപ്പള്ളി സ്വദേശി അജേഷ് കെ. മാണിയാണ് ഇയാളെ ശുശ്രൂഷിച്ചത്.
തുടർന്ന് ഇരുവരും നല്ല സൗഹൃദത്തിലായി. നാട്ടിലെത്തുവാൻ മാർഗമില്ലാത്ത ജോബിനെ സഹായിക്കുവാൻ അജേഷ് തീരുമാനിച്ചു.
ഇലവുംതിട്ട സ്വദേശിയായ പ്രവാസി മലയാളി ജിബു വിജയനുമായി ചേർന്നു ജോബിന്റെ കഥ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചെങ്കിലും ആരും തേടിയെത്തിയില്ല.
ഒടുവിൽ അജേഷ്, കോട്ടയം ആർപ്പൂക്കരയിലുള്ള നവജീവൻ ട്രസ്റ്റി പി.യു. തോമസുമായി ബന്ധപ്പെട്ടു. സംരക്ഷണം ഏറ്റെടുക്കാമെന്ന് അദ്ദേഹം അറിയിച്ചു.
രോഗവിമുക്തനായ ശേഷം ജോബിനെ 2017 ഒക്ടോബർ 19ന് ലക്നൗവിൽനിന്ന് അജേഷിന്റെ സ്വന്തം ചെലവിൽ കോട്ടയം നവജീവനിലെത്തിച്ചു.
ഇപ്പോൾ നാട്ടിൽ കഴിയുന്ന അജേഷിനു കുറച്ചു നാളുകൾക്കുമുന്പ് കിംഗ് ജോർജ് ആശുപത്രിയിലെ ന്യൂറോ സർജറി വിഭാഗം മേധാവിയുടെ ഫോണ്കോളെത്തി.
ആ സംശയം
അന്നു നമ്മൾ ചികിത്സിച്ച രോഗി കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പാണോ?
സുകുമാരക്കുറുപ്പിന്റെ തിരോധാനം സംബന്ധിച്ച് 45 മിനിട്ട് നീണ്ടുനിന്ന ഒരു പ്രോഗ്രാം ഹിന്ദി ചാനലായ ആജ് തക്കിന്റെ ക്രൈം തക് എന്ന പരിപാടിയിൽ വന്നിരുന്നു. ഇതു കണ്ടാണ് ന്യൂറോ സർജറി വിഭാഗം മേധാവി അജേഷിനെ വിളിച്ചത്.
അതുവരെ ഇല്ലാതിരുന്ന സംശയം അജേഷിനും ഉടലെടുത്തു. സുകുമാരക്കുറുപ്പിന്റെ യഥാർഥ കഥ വിലയിരുത്തിയപ്പോൾ അജേഷിനും ജോബ് എന്നയാൾ സുകുമാരക്കുറുപ്പ് ആണോ എന്നു തോന്നി. ജോബിന് എയർഫോഴ്സിലായിരുന്നു ജോലി.
എയർഫോഴ്സ് ജീവിതം
35 വർഷമായി അടൂർ പന്നിവിഴയിലുള്ള വീട്ടുകാരുമായി അകന്നു കഴിയുന്നു. ലക്നൗവിലെ ഒരു സ്ത്രീക്കൊപ്പമായിരുന്നു താമസം. അവർ ഇറക്കിവിട്ടതിനെത്തുടർന്നു തെരുവിൽ താമസിക്കുന്നതിനിടയിലായിരുന്നു അപകടമുണ്ടായതും ആശുപത്രി ചികിത്സ തേടിയെത്തിയതും ജോബ് പറഞ്ഞ് അറിയാമായിരുന്നു.
സുകുമാരക്കുറുപ്പ് എയർഫോഴ്സിലായിരുന്നതായി അജേഷ് കേട്ടിരുന്നു. ജോബും എയർഫോഴ്സിലായിരുന്നു. കൂടാതെ സുകുമാരക്കുറുപ്പിന്റെ മുഖഛായയും. ഇതാണ് നവജീവനിൽ താൻ എത്തിച്ച ജോബ് സുകുമാരക്കുറുപ്പാണോ എന്ന സംശയം തോന്നാൻ കാരണമെന്നും സംഭവത്തിന്റെ നിജസ്ഥിതി പോലീസ് അന്വേഷിക്കട്ടെയെന്നും ഓണ്ലൈൻ വാർത്തയിൽ അദ്ദേഹം പറയുന്നു.
ഇതാണ് സംസ്ഥാന ക്രൈബ്രാഞ്ച് പോലീസിന്റെ ആലപ്പുഴ ഐപി മേധാവി ന്യൂമാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കോട്ടയം ക്രൈംബ്രാഞ്ച് പോലീസിന്റെ സഹായത്തോടെ നവജീവനിൽ കഴിയുന്ന ജോബിനെ കാണാനെത്തിയത്.
172 ഉയരം
പോലീസിന് പ്രഥമ സൃഷ്ടിയിൽതന്നെ സുകുമാരക്കുറുപ്പല്ലെന്ന് മനസിലായി. 172 അടി ഉയരമായിരുന്നു സുകുമാരക്കുറുപ്പിന്റെ ഉയരം. ജോബിന് 162 അടി ഉയരം മാത്രമാണുള്ളത്. വിശദമായി നടത്തിയ പരിശോധനയിൽ സുകുമാരക്കുറുപ്പല്ല നവജീവനിൽ കഴിയുന്നതെന്ന ഉറപ്പു വരുത്തിയ ശേഷം സംഘം മടങ്ങി.
1984 ജനുവരി 22നാണ് മാവേലിക്കര ചെങ്ങന്നൂർ റോഡിൽ കാറിനുള്ളിൽ കരിഞ്ഞ നിലയിൽ ചാക്കോയെ കാണപ്പെട്ടത്. അന്നു മുതൽ സുകുമാരക്കുറുപ്പിനു പിന്നാലെയാണ് പോലീസ് സംഘം.