പത്തനംതിട്ട: പിടികിട്ടാപ്പുള്ള സുകുമാരക്കുറുപ്പിന്റെ രൂപസാമ്യമുള്ളയാളുകളെ പലയിടങ്ങളിലായി കണ്ട് ആളുകള്‍ സംശയം പ്രകടിപ്പിച്ചിരുന്നു.
പക്ഷേ പത്തനംതിട്ടയിലെ ബിവറേജസ് ഷോപ്പ് മാനേജര്‍ ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നു: രാജസ്ഥാനില്‍ താന്‍ കണ്ടത് സാക്ഷാല്‍ സുകുമാരക്കുറുപ്പിനെ തന്നെയെന്ന്.
അദ്ദേഹം ഇക്കാര്യം മുഖ്യമന്ത്രിക്ക് കഴിഞ്ഞ ജനുവരി അഞ്ചിന് കത്തെഴുതി.
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞദിവസം പത്തനംതിട്ടയിലെത്തി റെന്‍സിമിന്റെ മൊഴി ശേഖരിച്ചു.
റെന്‍സിം ഇസ്മായില്‍ 2007ല്‍ സ്കൂള്‍ അധ്യാപകനായി രാജസ്ഥാനിലെ ഈഡന് സദാപുരയില്‍ ജോലി നോക്കുമ്പോഴാണ് സുകുമാരക്കുറിപ്പിന്റെ രൂപ സാമ്യമുള്ളയാളെ കണ്ടെത്തുന്നത്.
സന്യാസി വേഷത്തിലായിരുന്നയാളെയാണ് സംശയിച്ചത്. ഇദ്ദേഹം സദാപുരം ആശ്രമത്തിലായിരുന്നു താമസം.
ഹിന്ദി, ഇംഗ്ലീഷ്, സംസ്കൃതം, തമിഴ്, അറബി, മലയാളം ഭാഷകള്‍ അറിയാമായിരുന്നു. കാവി മുണ്ടും ജുബയുമായിരുന്നു വേഷം.
നീട്ടി വളര്‍ത്തിയ വെളുത്ത താടിയുണ്ട്. സുകുമാരക്കുറുപ്പിന്റെ ഫോട്ടോ മഠാധിപതിയെ കാട്ടിയപ്പോള്‍ അദ്ദേഹവും ഈ സ്വാമിയുടെ രൂപസാദൃശ്യവുമായി ഒത്തുചേരുന്നുവെന്ന് സംശയം പറഞ്ഞതായി റെന്‍സിം ക്രൈംബ്രാഞ്ച് സംഘത്തിനു മൊഴി നല്‍കിയിട്ടുണ്ട്.
സിഐ ന്യൂമാന്റെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്. ഇതു വിശകലനം ചെയ്തശേഷം ആവശ്യമെങ്കില്‍ തുടരന്വേഷണമെന്നാണ് ക്രൈംബ്രാഞ്ച് നിലപാട്.
കഴിഞ്ഞ ഡിസംബറിലെ ഹരിദ്വാറിലെ യാത്രാവിവരണങ്ങളുടെ ഒരു വീഡിയോ കണ്ടപ്പോള്‍ ഇതേ സന്യാസിയെ അതില്‍ കണ്ടപ്പോഴാണ് പഴയ ഓര്‍മച്ചിത്രം മനസില്‍ തെളിഞ്ഞതെന്ന് റെന്‍സിം പറയുന്നു.