അമ്പലപ്പുഴ: പ്രമാദമായ ചാക്കോവധക്കേസിലെ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ സർക്കാർ കണ്ടുകെട്ടിയ സ്ഥലം സ്വകാര്യവ്യക്തി കൈയേറി വഴിയിട്ടു.
വണ്ടാനം മെഡിക്കൽ കോളജിനു കിഴക്കുള്ള സുകുമാരക്കുറുപ്പ് പണികഴിപ്പിച്ച വീടിന്റെ കിഴക്കേ അതിരാണ് സമീപവാസി കൈയേറിയത്. തുടർന്ന് പ്രദേശത്തെ വണ്ടാനം റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ജില്ലാ കളക്ടർക്കും അമ്പലപ്പുഴ സിഐക്കും പരാതി നൽകി.
ഇയാൾ വാടകയ്ക്ക് കൊടുത്തിരിക്കുന്ന വീട്ടിലേക്ക് നാലടി വീതിയിലാണ് വഴിയുണ്ടായിരുന്നത്. വഴിയുടെ വീതികൂട്ടാനായി സർക്കാർ കണ്ടുകെട്ടിയ സ്ഥലത്തിന്റെ കിഴക്കേ അതിരു കൈയേറി ലോറി കയറാൻ സൗകര്യത്തിൽ ഗ്രാവൽ വിരിക്കുകയായിരുന്നു.
നൂറുമീറ്ററോളം നീളത്തിലാണ് വഴിയുടെ വീതികൂട്ടിയത്.വിവരമറിഞ്ഞെത്തിയ സിപിഎം പ്രവർത്തകർ കൈയേറിയ സ്ഥലത്ത് കുറ്റിയടിച്ചു. ഇതിനോട് ചേർന്ന് പ്രദേശത്തെ യുവാക്കൾ വായനശാല പണിയാനും തീരുമാനിച്ചു.
ഇതിൽ പ്രകോപിതനായ ഇയാൾ, സർക്കാർ അധീനതയിലുള്ള സ്ഥലത്തിന്റെ തെക്കേ അതിരിൽ പ്രധാനറോഡിനോട് ചേർന്ന് വേലിക്കല്ലുകൾ സ്ഥാപിച്ചതും വിവാദത്തിനു വഴിയൊരുക്കി. പ്രദേശവാസികളായ ചിലർ ഇവിടെയാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.
വേലിക്കല്ലുകൾ സ്ഥാപിച്ചതോടെ പുരയിടത്തിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ പുറത്തിറക്കാനായില്ല. തുടർന്ന് വാഹന ഉടമകൾ അമ്പലപ്പുഴ പോലീസിൽ പരാതി നൽകി. പോലീസ് എത്തി വേലിക്കല്ലുകൾ നീക്കം ചെയ്യാൻ നിർദേശം നൽകുകയായിരുന്നു.
തന്റെ പേരിലുള്ള വസ്തുവിലാണ് ഗ്രാവൽ വിരിച്ചതെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. എന്നാൽ, ഇതിന്റെ രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ല. സർക്കാർ അധീനതയിലുള്ള സ്ഥലത്ത് യാതൊരു ജോലികളും ചെയ്യരുതെന്ന നിർദേശവും പോലീസ് നൽകി.