അമ്പലപ്പുഴ: കേരളത്തിൽ ഏറെ കോളിളക്കം സ്യഷ്ടിച്ച ചാക്കോ വധക്കേസിനെ ആസ്പദമാക്കി നിർമിച്ച കുറുപ്പ് എന്ന ചിത്രം ഇന്ന് തിയറ്ററിലെത്തുന്പോൾ വീണ്ടും സുകുമാരക്കുറുപ്പ് ചർച്ച യാകുന്നു.
കുറുപ്പ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ, അതോ മരിച്ചോ? കാലങ്ങളായുള്ള ഈ ചോദ്യത്തിന് ഇന്നും ഉത്തരമില്ല.1984 ജനുവരി 22നാണ് നാടിനെ നടുക്കിയ നരഹത്യ നടന്നത്.
ആലപ്പുഴ തത്തംപള്ളിക്കാരനായ ചാക്കോ അന്ന് ഫിലിം റെപ്രസന്റേറ്റീവ് ആയി ജോലി നോക്കുകയായിരുന്നു. ചാക്കോയുടെ ഏക വരുമാനത്തിലായിരുന്നു കുടുബം കഴിഞ്ഞിരുന്നത്.
ജോലി കഴിഞ്ഞു മടങ്ങാൻ രാത്രി റോഡരികിൽ നിന്ന ചാക്കോയ്ക്കു സമീപം ഒരു കാർ വന്നു നിന്നു.ഗർഭിണിയായ ഭാര്യയുടെ അടുത്തേക്കു പാതിരാത്രിയ്ക്ക് മുമ്പ് എത്താനുള്ള മോഹം കൊണ്ടാണ് ചാക്കോ എന്ന തങ്കച്ചൻ (32) കാറിൽ കയറിയത്.
ആ കാറിൽ ഉണ്ടായിരുന്നത് സുകുമാരകുറുപ്പായിരുന്നു. അബുദാബി ഇൻഷ്വറൻസ് കമ്പനിയിൽ നിന്നുള്ള ലക്ഷങ്ങൾ തട്ടിയെടുക്കാൻ ഗൂഡതന്ത്രവുമായി ഇറങ്ങി തിരിച്ചതായിരുന്നു സംഘം. കാർ മാവേലിക്കര കൊല്ലക്കടവിലാണ് എത്തി ചേർന്നത്.
കാറിൽ വെച്ച് കൊന്ന ചാക്കോയെ ഇവിടുത്തെ പാടത്താണ് കാർ ഉൾപ്പെടെ കത്തിച്ചത്. സുകുമാരകുറുപ്പ് കാർ അപകടത്തിൽ കത്തി കരിഞ്ഞെന്ന് വരുത്തി തീർത്ത് ഇൻഷ്വറൻസ് തുക തട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ചാക്കോ വധം. ശ്രമം പാളിയെങ്കിലും മുങ്ങിയ സുകുമാരകുറുപ്പിനെ കണ്ടെത്താൻ ഇന്നും കേരള പോലീസിനായിട്ടില്ല.
ഇതിനിടയിൽ സുകുമാരകുറുപ്പ് ജീവിചിരിപ്പുണ്ടെന്ന് പല അഭ്യൂഹങ്ങളും പരന്നെങ്കിലും കണ്ടെത്താനായില്ല. വിദേശത്തു നിന്ന് സമ്പാദിച്ച പണം കൊണ്ട് സുകുമാരകുറുപ്പ് വണ്ടാനത്ത് ഒരു ഇരു നില മാളിക പണിതെങ്കിലും ഒരു പ്രേതാലയം പോലെ കാടു പിടിച്ചു ഇന്നും കിടക്കുകയാണ്.
എന്തായാലും ഏറെ നിഗൂഢത നിറഞ്ഞ ഒരു കൊലപാതകം അടിസ്ഥാനമാക്കി ഒരു സിനിമ തിയറ്ററിലെത്തുമ്പോഴും അവശേഷിക്കുന്നത് ഒറ്റ ചോദ്യം … സുകുമാര കുറുപ്പ് എവിടെ? ആലപ്പുഴയിലെ ചാക്കോയുടെ കുടുബം ഇന്നും ആ നടുക്കുന്ന ഓർമയിലാണ് കഴിയുന്നത്.