എന്റെ മക്കളുടെ പേരില്‍ നീയൊക്കെ ഒരിക്കല്‍ എന്റെ വീട്ടില്‍ വരും! എന്റെ ആഗ്രഹങ്ങളെല്ലാം മക്കള്‍ തീര്‍ക്കും; പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സുകുമാരന്‍ പറഞ്ഞിരുന്നതിനെക്കുറിച്ച് വെളിപ്പെടുത്തി മല്ലിക സുകുമാരന്‍

ചരിത്രം പരിശോധിച്ചാല്‍ ഒട്ടനവധി ആളുകളുണ്ട്, പലവിധ കാരണങ്ങളാല്‍ തങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാതെ പോയ പല കാര്യങ്ങളും തങ്ങളുടെ മക്കളിലൂടെ നേടിയെടുക്കുന്നവര്‍. അല്ലെങ്കില്‍ അത്തരത്തിലുള്ള സ്വപ്‌നങ്ങള്‍ വച്ചു പുലര്‍ത്തുന്നവര്‍. സമാനമായ രീതിയില്‍ സിനിമ സംവിധാനം ചെയ്യുക എന്ന് സ്വപ്‌നം കണ്ട്, എന്നാല്‍ അത് നടത്താന്‍ സാധിക്കാതെ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ്, പിന്നീടിപ്പോള്‍ മക്കളിലൂടെ ആ നേട്ടം സ്വന്തമാക്കിയിരിക്കുന്ന ഒരു വ്യക്തിയാണ് സുകുമാരന്‍ എന്ന നടന്‍.

സിനിമ സംവിധാനം ചെയ്യുകയെന്നതു നടന്‍ സുകുമാരന്റെ വലിയ മോഹമായിരുന്നു.പക്ഷെ അതു നടക്കും മുമ്പ് അദ്ദേഹം വിടവാങ്ങി. സുകുമാരന്റെ സ്വപ്നം നടപ്പാക്കാന്‍ ഭാഗ്യമുണ്ടായതു മകന്‍ പൃഥ്വിരാജിനാണ്. ലൂസിഫര്‍ എന്ന ചിത്രം.

അച്ഛനും മകനും പിന്തുണയും പ്രോത്സാഹനവുമായി നിലനിന്നിരുന്ന മല്ലിക സുകുമാരന്‍ അവരുടെ സിനിമയെന്ന സ്വപ്‌നത്തെക്കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ ആളുകള്‍ക്ക് പ്രചോദനവമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

”എന്റെ മക്കളുടെ പേരില്‍ നീയൊക്കെ ഒരിക്കല്‍ എന്റെ വീട്ടില്‍ വരേണ്ടി വരുമെന്ന് ഒരിക്കല്‍ സുകുവേട്ടന്‍ തമാശയായി ഷാജി കൈലാസിനോടു പറഞ്ഞിരുന്നു. പില്‍ക്കാലത്ത് ‘സിംഹാസന’ത്തിന്റെ ഡേറ്റിനു വന്നപ്പോള്‍ ഷാജി തന്നെയാണ് ഇക്കാര്യം ഓര്‍മിപ്പിച്ചത്. എന്റെ ആഗ്രഹങ്ങളെല്ലാം മക്കള്‍ തീര്‍ക്കും എന്നും സുകുവേട്ടന്‍ പറഞ്ഞിരുന്നു. സുകുവേട്ടന്റെ വലിയൊരു ആഗ്രഹമാണ് ‘ലൂസിഫറി’ലൂടെ സാധിക്കുന്നത്”മല്ലിക സുകുമാരന്‍ ചൂണ്ടിക്കാട്ടി.

”എന്റെ മക്കള്‍ മിടുക്കരാകുമെന്നു സുകുവേട്ടന്‍ എപ്പോഴും പറയുമായിരുന്നു. അങ്ങനെ തന്നെ സംഭവിച്ചു. ‘ലൂസിഫര്‍’ സംവിധാനം ചെയ്യുമ്പോള്‍ അച്ഛന്റെ സ്വപ്നം കൂടിയാണ് അവന്‍ നിറവേറ്റുന്നത്. സിനിമ സംവിധാനം ചെയ്തിട്ടില്ലെങ്കിലും സിനിമയെക്കുറിച്ചു നല്ല വിവരം പൃഥ്വിരാജിനുണ്ട്. സംവിധായകര്‍ക്കും ക്യാമാറാമാന്‍മാര്‍ക്കും എഡിറ്റര്‍മാര്‍ക്കുമൊപ്പം നിന്ന് എല്ലാം അവന്‍ പഠിച്ചെടുത്തതാണ്. ‘ലൂസിഫറി’ന്റെ തിരക്കഥ പൂര്‍ത്തിയായ ശേഷം രണ്ടു മാസമാണു ഗൃഹപാഠം ചെയ്തത്. രാത്രി ഒരു മണി വരെ നീളുന്ന തപസ്യയായിയിരുന്നു അത്.”

”സ്‌ക്രിപ്റ്റ് പൂര്‍ണമായും അവനു മനഃപാഠമായിരുന്നുവെന്നു മോഹന്‍ലാല്‍ പറഞ്ഞു. എടുത്ത രംഗങ്ങളും എടുക്കാന്‍ പോകുന്ന രംഗങ്ങളുമെല്ലാം മനസ്സില്‍ സൂക്ഷ്മമായി റെക്കോര്‍ഡ് ചെയ്തു വച്ചിരുന്നുവെന്നാണ് ലാല്‍ പറഞ്ഞത്. ഓരോ കഥാപാത്രവും എതിലേ പോകണമെന്ന് അവനു നല്ല നിശ്ചയമുണ്ടായിരുന്നു. താരങ്ങളെ സ്വന്തം കയ്യില്‍ നിന്ന് എന്തെങ്കിലും ഇട്ടു ചെയ്യാന്‍ അവന്‍ സമ്മതിച്ചിരുന്നില്ലെന്ന് മഞ്ജു വാരിയര്‍ എന്നോടു പറഞ്ഞു.”

”ഈ ചിത്രത്തില്‍ അഭിനയിച്ചില്ലായിരുന്നുവെങ്കില്‍ വലിയ നഷ്ടമായേനേയെന്നു ടൊവിനോയും പറയുകയുണ്ടായി. ചിത്രം തിയറ്ററിലെത്തുമ്പോള്‍ ഏറ്റവും സന്തോഷിക്കുക, സുകുവേട്ടന്റെ ആത്മാവായിരിക്കും’. മല്ലിക പറയുന്നു.

Related posts