ഭരണമാറ്റത്തിന്ആഗ്രഹിച്ച് സുകുമാരൻ നായർ
ചങ്ങനാശേരി: സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നെന്നാണ് തന്റെ വിശ്വാസമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. വാഴപ്പള്ളി സെന്റ് തെരേസാസ് ഹൈസ്കൂളിൽ വോട്ട് ചെയ്തശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുകുമാരൻ നായർ.
സാമൂഹ്യ നീതിയും മതേതരത്വവും സംരക്ഷിക്കുന്ന സർക്കാർ ഉണ്ടാകണം. കുറച്ചുകാലമായി വിശ്വാസികളുടെ പ്രതിഷേധമുണ്ട്.
തുടര്‍ഭരണമുണ്ടാകുമെന്ന് കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ഭരണമുണ്ടാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. വോട്ടര്‍മാരുടെ മുഖത്ത് തുടര്‍ഭരണ സാധ്യത പ്രകടമാകുന്നുണ്ടെന്നും കടകംപള്ളി വ്യക്തമാക്കി.മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മുഖ്യമന്ത്രി അയ്യപ്പനോട് മാപ്പ് പറയണമെന്ന് എ.കെ ആന്റണി
തിരുവനന്തപുരം: യുഡിഎഫ് വരുമെന്ന് കോൺഗ്രസ് നേതാവ് എ.കെ ആന്റണി. കോൺഗ്രസ് ദേശീയ തലത്തിലും തിരിച്ചു വരുമെന്നും കേരളമാകെ ഭരണവിരുദ്ധ വികാരമാണെന്നും എ.കെ ആന്റണി പറഞ്ഞു.
മുഖ്യമന്ത്രിക്ക് ഇപ്പോഴെങ്കിലും സ്വാമി അയ്യപ്പനെ കുറിച്ചു ബോധമുണ്ടായല്ലോയെന്നും ഇപ്പോൾ സ്വാമി അയ്യപ്പനെ ഓർക്കുന്ന മുഖ്യമന്ത്രിക്ക് അന്ന് ഈ ബോധം ഉണ്ടായില്ലെന്നും മുഖ്യമന്ത്രി അയ്യപ്പനോട് മാപ്പ് പറയണമെന്നും എ.കെ ആന്റണി പറഞ്ഞു.
തൃശൂരിലെ 13 സീറ്റും എൽഡിഎഫ് നേടുമെന്ന് എ.സി. മൊയ്തീൻ
വടക്കാഞ്ചേരി: ജില്ലയിലെ 13 മണ്ഡലങ്ങളിലും എൽഡിഎഫ് സ്ഥാനാർഥികൾ വിജയിക്കുമെന്ന് മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പനങ്ങാട്ടുകര എംഎൻഡി എൽപി സ്കൂളിലെ ബി ബ്ലോക്കിൽ 53-ാം നന്പർ ബൂത്തിൽ വോട്ട് ചെയ്തതിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
താൻ ഒരു സ്ഥാനാർഥിയേയും അപമാനിച്ചിട്ടില്ല. എന്നാൽ ചിലർ സത്യവിരുദ്ധമായ വാർത്തകൾ നൽകി തന്നെ മോശമായി ചിത്രികരിക്കുകയാണെന്നും പാവപ്പെട്ട കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകുന്നത് തടസപ്പെടുത്തിയ വ്യക്തിയാണ് തന്നെ കുറിച്ച് മോശമായ പരാമർശം നടത്തുന്നതെന്നും മന്ത്രി കൂട്ടി ചേർത്തു.
എൽഡിഎഫ് സർക്കാരിന്റെ തുടർ ഭരണം സംസ്ഥാനത്ത് ഉണ്ടാകുമെന്നും തദ്ദേശ സ്വയംഭരണ മന്ത്രി എ.സി.മൊയ്തീൻ പറഞ്ഞു.
ജനങ്ങളെ ഭയന്നാണ് യൂടേൺ സ്വീകരിച്ചതെന്ന് ഉമ്മൻ ചാണ്ടി
കോട്ടയം: ശബരിമല വിഷയത്തിൽ ജനങ്ങളെ ഭയന്നാണ് തെരഞ്ഞെടുപ്പ് സമയത്ത് എൽഡിഎഫ് സർക്കാരും മുഖ്യമന്ത്രി പിണറായി വിജയനും യൂ ടേണ്‍ സ്വീകരിച്ചിരിക്കുന്നതെന്ന് ഉമ്മൻചാണ്ടി.
പുതുപ്പള്ളിയിൽ വോട്ട് ചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ശബരിമല വിഷയത്തിൽ സാധ്യമായതെല്ലാം ചെയ്യും.
ശബരിമല വിശ്വാസ ആചാര അനുഷ്ഠാനങ്ങൾക്ക് എതിരായി സുപ്രീംകോടതിയിൽ സത്യവാംഗമൂലം നൽകിയ എൽഡിഎഫ് സർക്കാർ ഇതുവരെ
അത് പിൻവലിക്കാതെ തങ്ങൾ വിശ്വാസികൾക്ക് അനുകൂലമാണെന്ന് പറയുന്നത് ജനങ്ങൾ എങ്ങനെ വിശ്വസിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്ത്രീ പ്രവേശനത്തെ എതിർത്ത് ആചാര അനുഷ്ഠാനങ്ങൾ ലംഘിക്കുന്നതിന് എതിരെ എൻഎസ്എസ് നിലപാട് സ്വീകരിച്ചപ്പോൾ അതിനെ വിമർശിച്ചതാണ് പിണറായി വിജയനെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.
യുഡിഎഫ് മികച്ച വിജയം നേടുമെന്ന് കെ. മുരളീധരൻ
തിരുവനന്തപുരം: യുഡിഎഫ് മികച്ച വിജയം നേടുമെന്ന് കെ.മുരളീധരൻ. ബിജെപി അക്രമവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പിൽ ബിജെപി വട്ടപൂജ്യമായി മാറുമെന്നും മുരളീധരൻ വ്യക്തമാക്കി.
എത്ര ശരണം വിളിച്ചാലും അയ്യപ്പൻ മുഖ്യമന്ത്രിയോടു ക്ഷമിക്കില്ലെന്നും കെ.മുരളീധരൻ പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫിനു നല്ല വിജയപ്രതീക്ഷ: ഹൈദരലി തങ്ങൾ
മലപ്പുറം: തെരഞ്ഞെടുപ്പിൽ യുഡിഎഫിനു നല്ല വിജയ പ്രതീക്ഷയാണുള്ളതെന്നു മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. ഇന്നു രാവിലെ പാണക്കാട് സികെഎംഎൽപി സ്കൂളിലെ 97-ാം ബൂത്തിൽ വോട്ടു ചെയ്തശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫിന് മികച്ച ഭൂരിപക്ഷം ഉണ്ടാവുമെന്നും എല്ലാ മണ്ഡ ലങ്ങളിലും യുഡിഎഫന് അനുകൂലമായ അന്തരീക്ഷമാ ണുള്ള തെ ന്നും വേങ്ങര മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയും മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറിയുമായ പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതേ സ്കൂളിൽ ഹൈദരലി ശിഹാബ് തങ്ങളോടൊപ്പം വോട്ടു ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം