ചങ്ങനാശേരി: തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെത്തി. തിങ്കളാഴ്ച രാവിലെയായിരുന്നു സന്ദർശനം. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തി. അനുഗ്രഹം വാങ്ങാനാണു വന്നതെന്നും കൂടുതൽ പറയാൻ സാധിക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
2015-ൽ നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ് ദിവസം സുരേഷ് ഗോപി എൻഎസ്എസ് ആസ്ഥാനത്തെത്തിയപ്പോൾ അദ്ദേഹത്തെ ഇറക്കിവിട്ടത് വിവാദമായിരുന്നു. പിറന്നാൾ ദിനത്തിൽ മന്നം സമാധിയിൽ പുഷ്പാർച്ചനയ്ക്കു ശേഷം സുരേഷ് ഗോപി ബജറ്റ് സമ്മേളനം നടക്കുന്ന ഹാളിലേയ്ക്ക് സുകുമാരൻ നായരെ സന്ദർശിക്കാൻ എത്തിയെങ്കിലും സുരേഷ് ഗോപിയോട് ഇറങ്ങിപ്പോകാൻ സുകുമാരൻ നായർ ആവശ്യപ്പെടുകയായിരുന്നു. ഉപതെരഞ്ഞെടുപ്പ് ദിവസം തന്നെ സന്ദർശിക്കാൻ എത്തിയ സുരേഷ് ഗോപിയോട് തന്റെ ഷോ ഇവിടെ വേണ്ടെന്നാണ് സുകുമാരൻനായർ പറഞ്ഞത്.
ഇതിനുശേഷം എൻഎസ്എസ് നേതൃത്വത്തെ സുരേഷ് ഗോപി വിമർശിച്ചിരുന്നു. നേതൃത്വത്തെ തിരുത്തേണ്ടത് ആവശ്യമാണെന്നും പെരുന്നയിൽ എല്ലാവർക്കും ചെല്ലേണ്ട സാഹചര്യം ഉണ്ടാകണമെന്നും സുരേഷ് ഗോപി അന്ന് അഭിപ്രായപ്പെട്ടിരുന്നു.