കൂത്തുപറമ്പ്: വട്ടിപ്രത്തെ സുലഭ വെജിറ്റബിൾ ക്ലസ്റ്ററിന്റെ കൃഷിയിടത്തിൽ വിളയാത്ത ഉല്പന്നങ്ങളായി ഒന്നും തന്നെ ഇല്ല. 13 ഏക്കറിൽ വ്യാപിച്ചുകിടക്കുന്നതാണ് ഇവരുടെ കൃഷിയിടം. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി ആരംഭിച്ച ഇവിടെ കാർഷിക ഉല്പന്നങ്ങളെല്ലാം വിളവെടുപ്പിന് തയാറായിക്കഴിഞ്ഞു.
സുലഭ വെജിറ്റബിൾ ക്ലസ്റ്ററിൽ അംഗങ്ങളായ പ്രദേശത്തെ ഇരുപത് കർഷകരുടെ കൂട്ടായ്മയാണ് ഇവിടെ കൃഷിയിറക്കിയത്. മാങ്ങാട്ടിടം പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും സഹായത്തോടെയാണ് സ്വകാര്യ വ്യക്തിയുടെ പതിമൂന്ന് ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത് ജൂണിൽ വിത്തിറക്കിയത്.
ഇവർ ഈ സ്ഥലത്ത് കൃഷി ഇറക്കാൻ തുടങ്ങിയിട്ട് ആറുവർഷമായി. രണ്ടുവർഷം സ്വമേധയാ ആയും കഴിഞ്ഞ നാല് വർഷം കൃഷി വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ യുമായിരുന്നു കൃഷി ചെയ്തത്.നേരത്തെ തെങ്ങും കശുമാവും ഉൾപ്പെടെ നിലനിന്നതായിരുന്നു ഈ പ്രദേശം. കാർഷിക ഉല്പന്നങ്ങളുടെ വില തകർച്ച കാരണം കർഷകർ ഈ കൃഷി കൈവിട്ടതോടെയാണ് ഇവിടം പച്ചക്കറി കൃഷി ചെയ്യാനുള്ള ഇടമായി മാറിയത്.
ഈ കൃഷിയിടത്തിൽ ഇന്ന് വിളയാത്ത ഉല്പന്നങ്ങൾ ഒന്നും തന്നെയില്ല. പയർ, വെണ്ട, കയ്പ, ചീര, കുമ്പളം, മരച്ചീനി, മഞ്ഞൾ, ചേന ഇങ്ങിനെ നീളുന്നു ഇവയുടെ പട്ടിക.കരനെൽ കൃഷിയും ഇവിടെയുണ്ട്. കീടങ്ങളെ ഒഴിവാക്കാൻ മൂന്ന് സോളാർ ലൈറ്റ് ട്രാപ്പും കൃഷിഭവൻ മുഖേന ലഭിച്ചിരുന്നു. വിഷാംശമില്ലാത്ത പച്ചക്കറി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പൂർണമായും ജൈവവളമാണ് കൃഷിക്ക് ഉപയോഗിച്ചത്.
രണ്ടു മാസമായി ചെയ്യുന്ന തോരാത്ത മഴ കൃഷിയെ ബാധിച്ചിരുന്നു.മാങ്ങാട്ടിടം പഞ്ചായത്തിലേയും സമീപ പഞ്ചായത്തുകളിലും ഉള്ള വിപണന കേന്ദ്രങ്ങളിലൂടെയാണ് ഇവയുടെ വില്പന ഉദ്ദേശിക്കുന്നത്.