ലോകകപ്പിലെ ഗ്രൂപ്പ്ഘട്ട മത്സരത്തില്‍ അര്‍ജന്റീന നൈജീരിയയെ പരാജയപ്പെടുത്തിയതോടെയാണ് അര്‍ജന്റീന ആരാധകര്‍ക്ക് ശ്വാസം നേരെ വീണത്. കാരണം മത്സര വിജയികളെ പ്രവചിച്ച് പേരെടുത്ത അക്കില്ലസ് എന്ന പൂച്ച മത്സരത്തിന് മുമ്പ് പ്രവചിച്ചിരുന്നത് അര്‍ജന്റീന നൈജീരിയയോട് തോല്‍ക്കുമെന്നായിരുന്നു. എന്നാല്‍ അര്‍ജന്റീന ജയിച്ചതോടെ അക്കില്ലസിനെ ട്രോളിയാണ് ആളുകള്‍ മുഴുവന്‍ രംഗത്തെത്തിയിരിക്കുന്നത്. പൂച്ചയെ കിണറ്റിലെറിയേണ്ട സമയമായെന്നും പൂച്ചയ്ക്ക് കൊടുത്തത് ഉണക്ക മീനായിരുന്നോ എന്നുമൊക്കെ ആളുകള്‍ ചോദിക്കുന്നുണ്ട്.
എന്നാല്‍ അക്കില്ലസ് പൂച്ചയ്ക്ക് പ്രവചനം പിഴച്ചപ്പോള്‍ താരമായിരിക്കുന്നത്, സുലൈമാന്‍ എന്ന പൂവന് കോഴിയാണ്. അര്‍ജന്റീനയുടെ വിജയം കിറുകൃത്യമായി പ്രവചിച്ചയാളാണ് സുലൈമാന്‍ കോഴി. ആള് ‘മലയാളിക്കോഴി’ കൂടിയായതിനാല്‍ കേരളത്തിലെ അര്‍ജന്റീന ആരാധകരുടെയിടയിലെ താരമായി മാറിയിരിക്കുകയാണിപ്പോള്‍ സുലൈമാന്‍.
സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോയിലൂടെയാണ് ഇവന് ശ്രദ്ധ നേടുന്നത്. സുലൈമാന്‍ കോഴി അര്‍ജന്റീനയുടെ വിജയം പ്രവചിച്ചത് ഇങ്ങനെ: അര്‍ജന്റീന, നൈജീരിയ എന്നിങ്ങനെ എഴുതിയ രണ്ട് പേപ്പറുകളില്‍, ഉടമസ്ഥന് കോഴിക്കുള്ള ഭക്ഷണം വെച്ചു. ഇതില്‍ സുലൈമാന്‍ കോഴി തിരഞ്ഞെടുത്തത് അര്‍ജന്റീന എന്നെഴുതിയ പേപ്പറിലെ ഗോതമ്പ്.
കോഴിയുടെ ഉടമസ്ഥന് വീഡിയോയിലൂടെ കാര്യങ്ങളെല്ലാം വിശദീകരിക്കുന്നുമുണ്ട്. ഏതായാലും അക്കില്ലസിനുള്ള പൊങ്കാല തുടരുമ്പോള്‍ താരമാകുന്നത് സുലൈമാന്‍ കോഴി തന്നെയാണ്. ഇനിയും കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു, സുലൈമാന്‍ അന്താരാഷ്ട്ര താരമായി മാറുമോയെന്ന്.
https://youtu.be/WaxTz0Dh4NI