സംവിധായകനുമായി കിടക്ക പങ്കിടാൻ തയ്യാറാണോ എന്നു ചോദിച്ച് തന്നെ ഏജന്റ് സമീപിച്ചതായി വെളിപ്പെടുത്തി ടെലിവിഷൻ താരം സുലഗ്ന ചാറ്റർജി. ആരോപണം ഉന്നയിച്ചതിനൊപ്പം ഏജന്റുമായി നടന്ന സംഭാഷണത്തിന്റെ സ്ക്രീൻഷോട്ടും സുലഗ്ന പുറത്തുവിട്ടു. ’ഇതൊരു വിട്ടുവീഴ്ച ആവശ്യമുള്ള പ്രോജക്റ്റാണ്. മുഴുവൻ പണവും നൽകി, ഷൂട്ടിങ് കഴിഞ്ഞശേഷം മതി. ഇതിൽ താത്പര്യമുണ്ടോ’ എന്നായിരുന്നു ചോദ്യം. വിട്ടുവീഴ്ചയ്ക്കില്ലെന്ന് സുലഗ്ന പറഞ്ഞപ്പോൾ എനിക്കല്ല, സംവിധായകന്റെ ആവശ്യമാണെന്നായി ഇടനിലക്കാരൻ. ആരുടെ ആവശ്യമാണെങ്കിലും എന്നെ കിട്ടില്ലെന്ന് പിന്നെ മുഖത്തടിച്ചപോലെ മറുടപടി കൊടുത്തു നടി. ഇറ്റ്സ് ഓക്കെ ഡിയർ എന്നു പറഞ്ഞ് തടിയൂരുകയും ചെയ്തു ഇടനിലക്കാരൻ.
സംവിധായകൻ ആരെന്നോ ഏജന്റിന്റെ വിവരങ്ങളോ സുലഗ്ന വെളിപ്പെടുത്തിയിട്ടില്ല. എന്നോ ഒരിക്കൽ പരിചയപ്പെട്ട ഒരാളാണ് ഇപ്പോൾ മൊബൈലിൽ ബന്ധപ്പെട്ടതെന്നു പറയുന്നു സുലഗ്ന. അയാളെ പരിചയമില്ല. ഇപ്പോൾ ഓർക്കുന്നുപോലുമില്ല. പെട്ടെന്നൊരു ദിവസം അയാൾ സന്ദേശം അയക്കുകയായിരുന്നു. ഈ ചാറ്റിന്റെ സ്ക്രീൻ ഷോട്ടാണ് സുലഗ്ന ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തത്.
ബോളിവുഡിലെ ഒരു പ്രമുഖ നടനൊപ്പമുള്ള ഒരു പരസ്യത്തിനുവേണ്ടിയാണ് ഇയാൾ മെസേജ് അയച്ചത്. ഓഫർ കേട്ടപ്പോൾ എനിക്ക് ആദ്യം സന്തോഷമാണ് ഉണ്ടായത്. ഇതുപോലുള്ള ഓഫറുകൾ സർവസാധാരണമാകുന്പോൾ അത് നമ്മളെ ബാധിക്കുകയേ ഇല്ല എന്നാണ് ഈ പോസ്റ്റിന് സുലഗ്നയിട്ട കുറിപ്പ്. പബ്ലിസിറ്റിയൊന്നും ആഗ്രഹിച്ചല്ല താൻ ഈ പോസ്റ്റിട്ടതെന്ന് സുലഗ്ന പിന്നീട് വിശദീകരിച്ചു.