ബാഗ്ദാദ്: ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഇറാൻ ചാര തലവനടക്കമുള്ള സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഇറാനിയൻ റെവല്യൂഷണറി ഗാർഡ് തലവൻ ജനറൽ ഖാസിം സുലൈമാനി അടക്കം ഏഴു പേരാണ് കൊല്ലപ്പെട്ടത്.
പോപ്പുലർ മൊബിലൈസേഷൻ ഫോഴ്സ് എന്നറിയപ്പെടുന്ന ഇറാൻ പിന്തുണയുള്ള ഇറാക്കിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാൻഡറായ അബു മഹ്ദി അൽ മുഹന്ദിസും ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
ഇവരുൾപ്പെട്ട സൈനിക സംഘത്തെ ലക്ഷ്യമിട്ട് ഇന്നു പുലർച്ചെ അമേരിക്ക റോക്കറ്റാക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. മൂന്നു റോക്കറ്റുകളാണ് വിമാനത്താവളത്തിൽ പതിച്ചത്. രണ്ടു കാറുകൾ പൊട്ടിത്തെറിച്ചതായും ഇറാക്ക് സൈന്യം അറിയിച്ചു.
ഉത്തരവിട്ടത് ട്രംപ്
ആക്രമണം നടത്തിയതായി യുഎസ് സ്ഥിരീകരിച്ചു. ഇറാൻ റവല്യൂഷനറി ഗാർഡ്സ് കമാൻഡർ ഖാസിം സുലൈമാനിയെ വധിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടിരുന്നതായി വൈറ്റ് ഹൗസ് ട്വീറ്റ് ചെയ്തു. ഇയാളുടെ മരണത്തിനു പിന്നാലെ വിശദീകരണങ്ങളൊന്നുമില്ലാതെ യുഎസ് ദേശീയപതാക ട്രംപ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഇതോടെ യുഎസ്-ഇറാൻ-ഇറാക്ക് ബന്ധം കൂടുതൽ വഷളാവുമെന്ന് ആശങ്ക ശക്തമായി. ആക്രമണത്തിന് പിന്നാലെ ക്രൂഡ് ഓയിൽ വില ബാരലിന് 4.4 ശതമാനം കൂടി. സ്വർണവില പവന് 360 രൂപയും വർധിച്ചു. ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാൻ റവലൂഷണറി ഗാർഡ് മുൻ മേധാവി പ്രതികരിച്ചു.
ബാഗ്ദാദിലെ യുഎസ് എംബസിക്ക് നേരെ കഴിഞ്ഞ ദിവസം യുഎസ് വിരുദ്ധ പ്രക്ഷോഭകർ ആക്രമണം നടത്തിയിരുന്നു. കിർക്കുക്കിൽ ഒരു യുഎസ് കോണ്ട്രാക്ടറെ കൊലപ്പെടുത്തിയതിനു പ്രതികാരമായി യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 25 പേർക്കു ജീവഹാനി നേരിട്ട സംഭവത്തിൽ പ്രതിഷേധിച്ചാണ് ഹിസ്ബുള്ളകൾ എംബസി ഉപരോധത്തിനു തുനിഞ്ഞത്.
യുഎസ് സൈനികരുമായി പ്രതിഷേധക്കാർ ഏറ്റുമുട്ടുകയും ചെയ്തു. ഇതിന് പിന്നിൽ ഇറാനാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുഎസ് ആക്രമണമുണ്ടായിരിക്കുന്നത്.
മുന്നറിയിപ്പല്ല, ഭീഷണിയാണ്
ചൊവ്വാഴ്ചയാണ് ബാഗ്ദാദിലെ യുഎസ് എംബസിക്കുനേരെ ആക്രമണമുണ്ടായത്. എല്ലാത്തിനും പിന്നിൽ ഇറാനാണെന്നാണ് ട്രംപ് ആരോപിക്കുന്നത്. “എന്തെങ്കിലും നാശനഷ്ടമോ ആളപായമോ ഉണ്ടായാൽ ഇറാൻ കനത്തവില നൽകേണ്ടിവരും. ഇത് മുന്നറിയിപ്പല്ല, ഭീഷണിയാണ്’’ -ട്രംപ് ട്വിറ്ററിൽ പറഞ്ഞു. എന്നാൽ, ഇറാനുമായി ഒരു യുദ്ധമുണ്ടാകുന്നത് തനിക്കുകാണാനാവില്ലെന്നും അത് ഇറാനെ സംബന്ധിച്ച് മോശം കാര്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമാധാനമാണ് തങ്ങളാഗ്രഹിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാക്കിൽ ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന സായുധസംഘടനയായ ഹിസ്ബുൾ ബ്രിഗേഡ്സിനുനേരെ യുഎസ് ഞായറാഴ്ച നടത്തിയ വ്യോമാക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് അവിടെ പ്രക്ഷോഭമാരംഭിച്ചത്. നിലവിൽ അയ്യായിരത്തോളം യു.എസ്. സൈനികർ ഇറാക്കിലുണ്ട്.