കോഴിക്കോട്: ചാത്തമംഗലം സ്വദേശി രാമകൃഷ്ണന്റെ ദുരുഹ മരണവുമായി ബന്ധപ്പെട്ട് കോഴിക്കോട് എൻഐടിക്കടുത്ത ബ്യൂട്ടി പാർലർ ഉടമ സുലേഖയേയും ഭർത്താവിനെയും ഡിസ്ട്രിക്ട് ക്രൈം റെക്കോർഡ് ബ്യൂറോ (ഡിസിആർബി ) ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു.
കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളിക്ക് സുലേഖയുടെ ബ്യൂട്ടി പാർലറുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് ഡിസിആർബി അസി. കമ്മീഷണർ ടി.പി. രഞ്ജിത്തിന്റെ നേതൃത്വത്തിൽ മൊഴി എടുത്തത്.
തുടക്കത്തിൽ കൃത്യമായ ഉത്തരം നൽകാതെ ഉരുണ്ടു കളിച്ച സുലേഖ ഉദ്യോഗസ്ഥർ ജോളിയുടെ ഫോട്ടോ കാണിച്ചതോടെ പരുങ്ങലിലായി. ഇത് എൻഐടി പ്രഫസർ അല്ലേ എന്നായിരുന്നു ഇവരുടെ മറുപടി. നിർണായക വിവരങ്ങൾ ഇവരിൽ നിന്നും ലഭിച്ചതായി അറിയുന്നു.
പ്രാഥമിക അന്വേഷണം മാത്രമാണ് നടന്നതെന്നും ആവശ്യമെങ്കിൽ ഇവരെ വീണ്ടും വിളിച്ചു വരുത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ജോളിയെ അറിയില്ലെന്നും ബ്യൂട്ടിപാർലറിൽ ഒരിക്കൽ പോലും വന്നിട്ടില്ലെന്നുമായിരുന്നു സുലേഖ ആദ്യം പറഞ്ഞിരുന്നത്.
വാർത്താമാധ്യമങ്ങളിൽ ജോളി യുടെ ഫോട്ടോ നിരന്തരം വന്നിട്ടും ആദ്യം അറിയില്ലെന്നു പറഞ്ഞതിൽ പോലീസിന് സംശയം ഉയർന്നിട്ടുണ്ട്. രാമകൃഷ്ണന്റെ മകൻ രോഹിത് നൽകിയ പരാതിയിലാണ് സുലേഖയേയും ഭർത്താവിനെയും വിളിച്ചുവരുത്തിയത്. റിയൽ എസ്റ്റേറ്റ് ഇടപാടുകാരനായ രാമകൃഷണൻ കൂടത്തായി ദുരുഹ മരണത്തിന് സമാനമായി വായിൽനിന്ന് നുരയും പതയും വന്ന് കുഴഞ്ഞുവീണാണ് മരിച്ചത്.
മരിക്കുന്നതിന് മുൻപ് നടത്തിയ റിയൽ എസ്റ്റേറ്റ് ഇടപാടിൽ ലഭിച്ച 55 ലക്ഷം രൂപ കാണാതായതിനു പിന്നിൽ സുലേഖക്കും ഭർത്താവിനും അറിവുണ്ടെന്നും ജോളി ഇവരുടെ ഉറ്റ സുഹൃത്താണെന്നുമാണ് രോഹിതിന്റെ ആരോപണം.