വൈപ്പിൻ : ജൈവപച്ചക്കറി കൃഷിയിൽ 46 വയസിനുള്ളിൽ 39 അവാർഡുകൾ. യുവകർഷക സുൽഫത്ത് മൊയ്തീൻ എത്തി നിൽക്കുന്നത് നേട്ടങ്ങളുടെ കൊടുമുടിയിൽ. സംസ്ഥാന കൃഷിവകുപ്പിന്റെ 2019-20 വർഷത്തെ ഏറ്റവും നല്ല ടെറസ് കൃഷിക്കുള്ള അംഗീകാരം ഇന്നലെ തേടിയെത്തിയതോടെയാണ് ആകെ അവാർഡുകൾ 39 ൽ എത്തിയത്.
കഴിഞ്ഞ തവണ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനക്കാരിയായിരുന്നു. ഇത്തവണ ജില്ലയിലെ ഏറ്റവും നല്ല ടെറസ് കർഷകയും സുൽഫത്ത് തന്നെയാണ്.
കഴിഞ്ഞ തവണയും ജില്ലയിൽ ഒന്നാം സ്ഥാനത്തായിരുന്നു. കൂടാതെ കഴിഞ്ഞ വർഷം ഓണത്തിനു ഒരുമുറം പച്ചക്കറിപദ്ധതിയിൽ രണ്ടാംസ്ഥാനവും നേടിയിരുന്നു.
27 വർഷം മുന്പാണ് സുൽഫത്ത് ജൈവപച്ചക്കറി കൃഷിയിലേക്ക് തിരിഞ്ഞത്. തുടർന്ന് മൂന്ന് വർഷത്തിനുശേഷം ടെറസ് കൃഷിയും ആരംഭിച്ചു. എല്ലാത്തരം പച്ചക്കറി കൃഷികളും സുൽഫത്തിന്റെ തോട്ടത്തിലുണ്ട്. കണ്ണുകളുടെ ആരോഗ്യത്തിനു ഏറ്റവും ഗുണം ചെയ്യുന്ന പൊന്നാങ്കണ്ണി എന്ന ഒരിനം ചീര ഇപ്പോൾ പ്രത്യേകമായി കൃഷി ചെയ്യുന്നുണ്ട്.
കഴിഞ്ഞ വർഷം മാത്രമായി നാലു ലക്ഷം രൂപയുടെ ചീര വിറ്റു . സുൽഫത്തിന്റെ എടവനക്കാട് അണിയൽ കിഴക്കുള്ള കാട്ടുപറന്പിൽ വീട്ടിലേക്ക് ചെന്നാൽ ഏവരും ഒരു നിമിഷം അത്ഭുതപ്പെട്ടു പോകും.
വീടിന്റെ ടെറസും ചുറ്റുമുള്ള 60 ഓളം സെന്റ് ഭൂമിയും സർവം കൃഷിമയമാണ്. ഭർത്താവ് മൊയ്തീൻ, മക്കളായ ഡോ. മസ്ഹർ, അസ്ഹർ, സൈനബ, മരുമക്കളായ ഡോ. നിഷ, അമീന എന്നിവരുടെ അകമഴിഞ്ഞ സഹായമാണ് സുൽഫത്തിനെ സംസ്ഥാനത്ത് തന്നെ അറിയപ്പെടുന്ന ഒരു കർഷകയാക്കി മാറ്റിയത്.