സ്വന്തം ലേഖകൻ
തൃശൂർ: ഒരു ഭാഗം തളർന്ന് അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന സുൾഫത്ത് ജീവിതത്തിലേക്കു മടങ്ങുന്നു. ന്യൂമോണിയ ബാധിച്ച് അപസ്മാരത്തോടുകൂടിയാണ് യുവതിയെ അശ്വനി ആശുപത്രിയിലെത്തിക്കുന്നത്.
തലച്ചോറിൽ അശുദ്ധരക്തം രണ്ടു ഭാഗത്തേക്കും പ്രവഹിക്കുന്ന ഏറ്റവും പ്രധാന രക്തധമനിയിലെ ബ്ലോക്ക് അശ്വിനിയിൽ നൂതന ചികിത്സാ മാർഗമായ പിൻഹോൾ സർജറിയിലൂടെ നീക്കം ചെയ്തതോടെ യാണു പാലക്കാട് ചിറ്റൂർ സ്വദേശിനിക്ക് പുതു ജീവിതത്തിലേക്കു മടങ്ങിവരാനായത്.
ആർത്തവ സംബന്ധമായി ഗുളിക കഴിച്ചതിനെ തുടർന്നാണ് സുൾഫിത്തിന്റെ തലച്ചോറിലെ ഏറ്റവും പ്രധാന രക്തധമനിയിൽ 25 സെന്റിമീറ്ററോളം രക്തം കട്ടപിടിച്ച് അടഞ്ഞുപോയത്.
രക്തധമനിയിലെ രക്തക്കട്ട അലിയിച്ചു കളയാൻ നിർവാഹമില്ലാത്തതിനാൽ കീഹോൾ ശസ്ത്രക്രിയയേക്കാൾ ചെറിയ മാർഗമായ പിൻഹോൾ സർജറി എന്ന എൻഡോ വാസ്കുലർ മെക്കാനിക്കൽ ത്രോന്പറ്റമി തെരഞ്ഞെടുക്കുകയാ യിരുന്നു.
ന്യുറോ സർജൻ ഡോ. ആൽഫ്രഡ് മൈക്കിൾ, ഇന്റർവെൻഷണൽ റേഡിയോളജിസ്റ്റ് ഡോ. ഇന്ദു ജേക്കബ്, അനസ്തേഷ്യ വിഭാഗം ഡോ. ഫാബിയൻ ആന്റണി എന്നിവരാണ് അതിസങ്കീർണമായ ശസ്ത്രക്രിയക്കു നേതൃത്വം നൽകിയത്.
പാലക്കാട് ചിറ്റൂർ കണ്യാർപാടം അബ്ദുൾജബാറിന്റെ മകളാണു ഗണിതശാസ്ത്രത്തിൽ ബിരുദാനന്തരബിരുദധാരിയായ ഇരുപത്തിയഞ്ചുകാരി സുൾഫത്ത്. തനിക്ക് പുനർജന്മം തന്ന ഡോക്ടർമാരോടും മറ്റും നിറകണ്ണുകളോടെ നന്ദി പറയുകയാണ് സുൾഫത്ത്. ഒപ്പം എല്ലാവരേയും ക്ഷണിക്കുന്നു… മാർച്ചിലെ തന്റെ നിക്കാഹിന്.