മാനന്തവാടി: തിരുവനന്തപുരം ആറ്റിങ്ങൽ അവനവൻചേരി തച്ചർകുന്ന് എസ്എൽ മന്ദിരം സുലിലിന്റെ (30) മരണം കൊലപാതകം. കൂടെ താമസിച്ചിരുന്ന തിരുവനന്തപുരം സ്വദേശിനിയായ യുവതിയുടെ നിർദേശാനുസരണം സഹായികൾ സുലിലിനെ കന്പിപ്പാര ഉപയോഗിച്ച് തലയ്ക്കടിച്ചുകൊല്ലുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.
സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ വീട്ടുവേലക്കാരി കൊയിലേരി ഉൗർപ്പള്ളി പൊയിൽ വേലിക്കോത്ത് അമ്മു (38), മണിയാറ്റിങ്കൽ പ്രശാന്ത് എന്ന ജയൻ (36), ഉൗർപ്പള്ളി പൊയിൽകോളനിയിലെ കാവലൻ (52) എന്നിവരെ മാനന്തവാടി സിഐ പി.കെ. മണി, എസ്ഐ രതീഷ് തെരുവത്തുപീടികയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തു.
കസ്റ്റഡിയിലുള്ള യുവതിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. യുവതിക്കൊപ്പം താമസിച്ചുവരികയായിരുന്ന സുലിലിനെ 2016 സെപ്റ്റംബർ 26നാണ് ഉൗർപ്പള്ളിയിൽ പുഴയോരത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്.
അമ്മുവും ജയനും ചേർന്ന് സുലിലിനെ കൊലപ്പെടുത്തി കാവലന്റെ സഹായത്തോടെ മൃതദേഹം പുഴയോരത്ത് തള്ളുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അമ്മുവിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ഉൗർപ്പള്ളിയിലെ വീട്ടിൽ സഹോദരനെന്നു പറഞ്ഞാണ് യുവതി സുലിലിനെ താമസിപ്പിച്ചിരുന്നത്. പിതൃസ്വത്ത് വിറ്റുകിട്ടിയ തുകയുമായാണ് സുലിൽ നേരത്തേ ഉൗർപ്പള്ളിയിൽ താമസമാക്കിയിരുന്ന ഭർതൃമതിയുമായ യുവതിയുടെ വീട്ടിലെത്തിയത്. സുലിലിന്റെ പക്കലുണ്ടായിരുന്ന പണത്തിന്റെ നല്ലൊരു ഭാഗം പലപ്പോഴായി യുവതി കൈക്കലാക്കി. ഈ തുക തിരിച്ചുചോദിച്ചതിലുള്ള വിരോധമാണ് കൊലയിൽ കലാശിച്ചതെന്നാണ് പോലീസിനു ലഭിച്ച വിവരം.