നൗഷാദ് മാങ്കാംകുഴി
കായംകുളം: മലയാളി മനസുകളെ ചുവപ്പിച്ച് അഭിനയവും സംഗീതവും കൈകോർത്ത സുവർണ നിമിഷങ്ങളിലൂടെ നാടക ലോകത്തെ വാനന്പാടിയായി തീർന്ന കെപിഎസി സുലോചനയുടെ ഓർമകൾക്ക് ഇന്ന് പതിനഞ്ച് വയസ്.
2005 ഏപ്രിൽ 17 ന് പുലർച്ചെയാണ് ഒരു പിടി മനോഹര ഗാനങ്ങൾ ജന മനസുകൾക്ക് സമ്മാനിച്ച സുലോചന വിടപറഞ്ഞത്. വർഷം നിരവധി കഴിഞ്ഞിട്ടും ആസ്വാദക മനസുകളിൽ അനശ്വര ഗാനങ്ങളിലൂടെ ഇന്നും ഈ കലാകാരി ജീവിക്കുന്നു.
മാവേലിക്കര കോട്ടയ്ക്കകത്ത് കുഞ്ഞുകുഞ്ഞിന്റെയും കല്യാണിയമ്മയുടെയും മകളായി ജനിച്ച സുലോചന തിരുവനന്തപുരം ആകാശവാണിയിലെ ബാലലോകം പരിപാടിയിലൂടെ പ്രഫഷണൽ രംഗത്തേക്ക് പ്രവേശിച്ചു.
തടിയൂർ ഗോപാലകൃഷ്ണനിൽ നിന്നാണ് സംഗീതം അഭ്യസിച്ചത്. മുൻഷി പരമുപിള്ളയുടെ അധ്യാപകൻ എന്ന നാടകത്തിൽ നടൻ പ്രേംനസീറിനൊപ്പം അഭിനയിച്ചു. 1951 ൽ എന്റെ മകനാണ് ശരി എന്ന നാടകത്തിൽ ശാരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കെപിഎസിയിൽ നാടകാഭിനയത്തിന് തുടക്കമിട്ടു. ഇതോടെ സുലോചന കെപിഎസി സുലോചനയായി.
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി മുതൽ മന്വന്തരം വരെയുള്ള പത്ത് നാടകങ്ങളിൽ അഭിനയിക്കുകയും പാടുകയും ചെയ്തു. കാലം മാറുന്നു എന്ന സിനിമയിൽ കെ.എസ്. ജോർജിന്റെ കൂടെ ഈ മലർ പൊയ്കയിൽ എന്ന യുഗ്മഗാനം പാടി ഇതേ സിനിമയിൽ സത്യന്റെ നായികയായി അഭിനയിച്ചതും സുലോചനയായിരുന്നു.
രണ്ടിടങ്ങഴി എന്ന പ്രശസ്ത നോവൽ സിനിമയാക്കിയപ്പോൾ അതിലും രണ്ട് മനോഹര ഗാനങ്ങൾ സുലോചന ആലപിച്ചു. കമുകറ പുരുഷോത്തമനൊപ്പം പാടിയ തുന്പപ്പൂ പെയ്യണ പൂനിലാവേ .. എന്ന ഗാനമാണ് സുലോചനയുടെ ആദ്യ സിനിമാഗാനം.
സുലോചന പാടിയ വെള്ളാരം കുന്നിലെ …,
അന്പിളിയമ്മാവാ…., ചാഞ്ചാടുണ്ണി ചരിഞ്ഞാടുണ്ണി …., ചെപ്പു കിലുക്കുണ ചങ്ങാതി…, പൊന്നരിവാൾ അന്പിളിയിൽ.. തുടങ്ങിയ ഗാനങ്ങൾ മലയാളികൾക്ക് ഇന്നും ഹൃദയത്തുടിപ്പാണ്.
കൃഷ്ണ കുചേല, കാലം മറന്നു , അരപ്പവൻ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. പ്രഫഷണൽ നാടക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കേരള സർക്കാരിന്റെ അവാർഡ് ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ഒരു കാലത്ത് കമ്യൂണിസ്റ്റ് പാർട്ടിയുടെ യോഗങ്ങളിൽ പാടി ജന മനസുകളെ ചുവപ്പിച്ച് വിപ്ലവ പാർട്ടിക്ക് ഉൗർജം പകർന്ന കലാകാരിയായിരുന്നു കെപിഎസി സുലോചന.
സുലോചനയുടെ മനോഹര ഗാനങ്ങൾ ഇന്നും ആസ്വാദക മനസുകളിൽ ഓൾഡ് ഈസ് ഗോൾഡ് ആയി മുൻ നിരയിലാണ്. അതിനാൽ കാലവും ചരിത്രവും തുടിച്ചു നിൽക്കുന്ന മനോഹര ഗാനങ്ങൾ സമ്മാനിച്ച അനശ്വര കലാകാരിയെ മലയാളി മനസുകൾക്ക് മറക്കാനാവില്ല.