മാള: താൻ പോലീസ് മഫ്റ്റിയിൽ ആണെന്നും പറഞ്ഞ് വിദ്യാർഥികളെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ചയാളെ പോലീസ് പിടികൂടി.
പുത്തൻചിറ ചിലങ്ക സ്വദേശിയായ വാഴയ്ക്കാമഠത്തിൽ ജാസി എന്നറിയപ്പെടുന്ന സുൽത്താൻ കരീം(29) ആണ് അറസ്റ്റിൽ ആയത്.
കുഴൂർ സ്വദേശികളായ വിദ്യാർഥികളായ സഞ്ജയ് രവീന്ദ്രൻ, അവിനാശ്, അർജുൻ എന്നിവർ കഴിഞ്ഞദിവസം വൈകുന്നേരം നടക്കാൻ ഇറങ്ങിയതായിരുന്നു.
ആ സമയം എതിർവശത്തു നിന്നും മാരുതികാറിൽ ഇവരുടെ അടുത്ത് എത്തിയ പ്രതി ബൈക്കിൽ ഇവർ മൂന്നുപേരും ഒരുമിച്ചുപോയത് ശ്രദ്ധയിൽപെട്ടെന്നു അറിയിച്ചു.
താൻ മാള പോലീസ് സ്റ്റേഷനിൽ പുതുതായി വന്ന എഎസ്ഐ ആണെന്നാണ് അയാൾ അവരോടു പറഞ്ഞത്. സംശയംതോന്നിയ വിദ്യാർഥികൾ ഐഡി കാർഡ് ആവശ്യപ്പെട്ടെങ്കിലും അയാൾ അവരെ ഭീഷണിപ്പെടുത്തുകയും ബലമായി കാറിൽ കയറ്റി സ്റ്റേഷനിലേക്ക് എന്നുപറഞ്ഞ് കൊണ്ടുപോവുകയും ചെയ്തു.
സ്റ്റേഷൻ എത്തുന്നതിനുമുന്പ് വണ്ടി നിർത്തി അയാൾ 1000രൂപ നൽകുകയാണെങ്കിൽ അവരെ വെറുതെ വിടാം എന്നും റസീപ്റ്റ് സ്റ്റേഷനിൽ നിന്നും പിറ്റേദിവസം കൈപ്പറ്റിക്കൊള്ളാനും പറഞ്ഞു.
ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വിദ്യാർഥികൾ സ്റ്റേഷനിൽവന്ന് നേരിട്ട് ഫൈൻ അടച്ചുകൊള്ളാം എന്ന് പറയുകയും അയാൾ അപ്പോൾതന്നെ അവരെ ഉപേക്ഷിച്ച് അവിടെനിന്ന് കടന്നുകളയുകയും ചെയ്തു.
തുടർന്ന് ഇവർ മാള പോലീസിൽ പരാതി നൽകി. എസ്എച്ച്ഒ വി. സജിൻ ശശിയുടെ നേതൃത്വത്തിൽ എസ്ഐ രമ്യ കാർത്തികേയൻ, എഎസ്ഐ സുമേഷ്, എഎസ്ഐ മുഹമ്മദ് ബാഷി, സീനിയർ സിപിഒ ജിബിൻ കെ. ജോസഫ്, സിപിഒ ഷഹീർ അഹമ്മദ്, സിപിഒ മാർട്ടിൻ, സിപിഒ ഭരതൻ എന്നിവർ അടങ്ങുന്ന സംഘം രാത്രി തന്നെ പ്രതിയെ മാളയിൽ നിന്നും അറസ്റ്റ് ചെയ്തു.
ഇയാൾക്കെതിരെ മാള പോലീസ് സ്റ്റേഷനിൽ നേരത്തെ വഞ്ചനാകേസ് നിലവിലുണ്ട്.