തൃശൂർ: ഉറങ്ങിക്കിടന്ന ഭാര്യയെ കന്പിപ്പാരകൊണ്ട് തലയ്ക്കടിച്ചുകൊന്ന പ്രവാസിയായ ഭർത്താവ് പോലീസിൽ കീഴടങ്ങി. ചേറൂർ കല്ലടിമൂല സ്വദേശിനി സുലി (46) ആണ് കൊല്ലപ്പെട്ടത്.
ഭർത്താവ് ഉണ്ണികൃഷ്ണൻ (50) സംഭവത്തിനുശേഷം വിയ്യൂർ സ്റ്റേഷനിൽ കീഴടങ്ങി. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം നടന്നത്.
പ്രവാസിയായ ഉണ്ണികൃഷ്ണൻ മൂന്നു ദിവസം മുമ്പാണ് നാട്ടിലെത്തിയത്. ഭാര്യയ്ക്കു മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയമാണ് കൊലയ്ക്കു കാരണമെന്ന് ഉണ്ണികൃഷ്ണൻ പോലീസിനു നൽകിയ മൊഴിയിൽ പറയുന്നു.
വിദേശത്തായിരുന്ന ഇയാൾ ഭാര്യയ്ക്കു പലപ്രവാവശ്യമായി ഒരു കോടിയോളം രൂപ ഇയാൾ അയച്ചു കൊടുത്തിരുന്നു. ഈ തുക ഭാര്യയുടെ കൈയിലുണ്ടായിരുന്നില്ലെന്ന് പറയുന്നു.
കൂടാതെ കടവും ഉണ്ടായിരുന്നു. അപരിചിതനുമായി ഭാര്യയ്ക്കു ബന്ധമുണ്ടെന്ന സംശയത്തിനൊടുവിലാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയതെന്നു പോലീസ് പറഞ്ഞു.
ഒറ്റപ്പെട്ട പ്രദേശത്താണ് ഇവരുടെ വീട് സ്ഥിതി ചെയ്യുന്നത്. അയൽപക്കക്കാരുമായി ബന്ധമില്ലാത്ത സാഹചര്യമായിരുന്നു. ഇവരുടെ രണ്ട് മക്കളും പുറത്താണ് പഠിക്കുന്നത്. വീട്ടിൽ ഈ സ്ത്രീ മാത്രമാണ് ഉണ്ടായിരുന്നത്.
ഇന്നലെ രാത്രി കൊലപ്പെടുത്തിയശേഷം ഇയാൾ സ്വമേധയാ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായശേഷം മൃതദേഹം തൃശൂർ മെഡിക്കൽ കോളജിലേക്ക് പോസ്റ്റുമോർട്ടത്തിനായി മാറ്റും. വിയ്യൂർ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.