കണ്ണൂർ: കണ്ണൂർ കോർപറേഷൻ മേയറായി യുഡിഎഫിലെ സുമാ ബാലകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു. ഇന്നുരാവിലെ 11 ഓടെ കണ്ണൂർ കോർപറേഷൻ ഹാളിൽ ജില്ലാ കളക്ടർ ടി.വി.സുഭാഷ് വരണാധികാരിയായി നടന്ന തെരഞ്ഞെടുപ്പിൽ സുമാ ബാലകൃഷ്ണന് 28 വോട്ടു ലഭിച്ചു. എൽഡിഎഫ് സ്ഥാനാർഥിയും മുൻ മേയറുമായിരുന്ന ഇ.പി. ലതയ്ക്ക് 25 വോട്ടുകളാണ് ലഭിച്ചത്. ഒരു വോട്ട് അസാധുവായി. കെപിസിസി ജനറൽ സെക്രട്ടറിയാണ് സുമാ ബാലകൃഷ്ണൻ.
എഐസിസി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. കിഴുന്ന വാർഡിൽ നിന്നാണ് കോർപറേഷൻ അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗമായും ചേലോറ ഗ്രാമപഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. നേരത്തെ കോഴിക്കോട് ജില്ലയുടെ ചുമതല വഹിച്ചിരുന്ന സുമാ ബാലകൃഷ്ണൻ നിലവിൽ വയനാട് ജില്ലയിലെ ചുമതല വഹിച്ചുവരികയാണ്. കോട്ടയം പുതുപ്പള്ളി സ്വദേശിയാണ്.
സൗദിയിലെ അഡ്നോക്ക് കന്പനിയുടെ മുംബൈയിലെ ജനറൽ മാനേജർ കാപ്പാട്ടെ പരേതനായ ബാലകൃഷ്ണൻ നന്പ്യാരാണ് ഭർത്താവ്. ഏക മകൻ കൗശിൽ ബംഗളൂരുവിൽ ജോലി നോക്കിവരികയാണ്. മുംബൈയിൽ ജോലി ചെയ്യുകയായിരുന്ന സമയത്ത് കോൺഗ്രസിന്റെ മഹിളാ സംഘടനയിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് കടന്നുവന്നത്.
ഓഗസ്റ്റ് 17ന് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പിലാണ് മേയർ ഇ.പി. ലത പുറത്തായത്.ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ് യുഡിഎഫ് പക്ഷത്തേക്ക് മാറി വോട്ടു ചെയ്ത സാഹചര്യത്തിൽ 26 നെതിരേ 28 വോട്ടിനാണ് അവിശ്വാസം വിജയിച്ചത്. തുടർന്ന് ഡെപ്യൂട്ടിമേയർ പി.കെ. രാഗേഷിനെതിരേ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു.
28 യുഡിഎഫ് കൗൺസിലർമാരും യോഗം ബഹിഷ്കരിച്ചപ്പോൾ എൽഡിഎഫിന് ലഭിച്ചത് 26 വോട്ടായിരുന്നു.രാഗേഷിന്റെ പിന്തുണയോടെ മേയറായി തെരഞ്ഞെടുക്കപ്പെട്ട ഇ.പി. ലത മൂന്നുവർഷവും പത്തുമാസവുമായിരുന്നു എൽഡിഎഫ് കണ്ണൂർ കോർപറേഷൻ ഭരണം കൈയാളിയിരുന്നത്.