ബംഗളൂരു: മലയാള സിനിമയിൽ അവസരങ്ങൾക്കായി സഹകരിക്കണമെന്നും ഇല്ലെങ്കിൽ ഉപദ്രവിക്കുമെന്നും പിന്തുടർന്ന് വേട്ടയാടുമെന്നും പലരും സ്വകാര്യമായി എന്നോട് പറഞ്ഞിട്ടുണ്ടെന്നു നടിയും മുൻ എംപിയുമായ സുമലത.
അവർക്കതെല്ലാം തുറന്നു പറയാൻ പേടിയായിരുന്നു. തുറന്ന് പറയുന്നവരെ മോശക്കാരാക്കുന്ന പ്രവണതയായിരുന്നു അന്ന്. ഹേമക്കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നശേഷം അത് മാറുന്നു എന്നതിൽ സന്തോഷമുണ്ടെന്നും സുമലത ഒരു മാധ്യമത്തോടു സംസാരിക്കവേ പറഞ്ഞു.
ഞാൻ ജോലി ചെയ്ത പല സെറ്റുകളും കുടുംബം പോലെയായിരുന്നു. അങ്ങനെയല്ലാത്ത സെറ്റുകളെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. ഞാൻ കണ്ടിട്ടില്ല എന്നതുകൊണ്ട് ഇതൊന്നും നടന്നിട്ടില്ല എന്ന് പറയാൻ ഞാനാളല്ല. മലയാളത്തിലെന്നല്ല, ഏത് സിനിമാ ഇൻഡസ്ട്രിയിലും രാഷ്ട്രീയത്തിലും പവർ ഗ്രൂപ്പുകൾ ഉണ്ട്.
സിനിമാമേഖലയിലെ സ്ത്രീസുരക്ഷയ്ക്കായി നിയമങ്ങൾ നടപ്പാക്കാൻ സെൻസർ ബോർഡ് പോലെ കേന്ദ്ര, സംസ്ഥാനസർക്കാരുകൾക്ക് കീഴിൽ ഒരു ഭരണഘടനാ സംവിധാനം വേണമെന്നും അതിനായി കേന്ദ്രസർക്കാരിന് കത്ത് നൽകുമെന്നും സുമലത പറഞ്ഞു.