ന്യൂഡൽഹി: സിനിമാ താരങ്ങളുമായ സുമലതയുടെയും നിഖിൽ കുമാരസ്വാമിയുടെയും ചിത്രങ്ങൾ ടിവിയിൽ പ്രദർശിപ്പിക്കുന്നതിനു വിലക്ക്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണു വിലക്കേർപ്പെടുത്തിയത്. കർണാടകയിലെ മാണ്ഡ്യയിൽനിന്ന് ഇരുവരും ജനവിധി തേടുന്നതിന്റെ പശ്ചാത്തലത്തിലാണു വിലക്ക്.
തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ ഇരുവരുടെയും സിനിമകൾ പ്രദർശിപ്പിക്കരുതെന്നു കമ്മീഷൻ ദൂരദർശനോട് ആവശ്യപ്പെട്ടു. സ്വകാര്യ ചാനലുകൾക്കും സിനിമാ തിയറ്ററുകൾക്കും വിലക്ക് ബാധകമല്ല.
അന്തരിച്ച മുൻ മന്ത്രിയും നടനുമായ അംബരീഷിന്റെ ഭാര്യയും നടിയുമാണ് സുമലത. മാണ്ഡ്യ സീറ്റിൽ സ്വതന്ത്ര സ്ഥാനാർഥിയായാണ് സുമലത ജനവിധി തേടുന്നത്. മൂന്നുവട്ടം മാണ്ഡ്യയിലെ എംപിയായിരുന്നു അംബരീഷ്. കഴിഞ്ഞ വർഷം അംബരീഷ് മരിച്ചു. ഇതോടെ ഇക്കുറി മാണ്ഡ്യ സീറ്റ് വേണമെന്ന് സുമലത ആവശ്യപ്പെട്ടെങ്കിലും കോണ്ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചില്ല. ജെഡിഎസിനു കോണ്ഗ്രസ് മാണ്ഡ്യ സീറ്റ് വിട്ടുനല്കിയതോടെയാണു സുമലത സ്വതന്ത്രയായി മത്സരിക്കുമെന്നു പ്രഖ്യാപിച്ചത്.
തെലുങ്ക്, മലയാളം, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിലായി 200-ൽ ഏറെ ചിത്രങ്ങളിൽ അഭിനയിച്ച നടിയാണ് സുമലത. 1987-ൽ പത്മരാജൻ സംവിധാനം ചെയ്ത തൂവാനത്തുന്പികൾ എന്ന ചിത്രത്തിലെ ക്ലാര എന്ന കഥാപാത്രമാണ് സുമലതയ്ക്കു പിൽക്കാലത്തു മലയാളത്തിൽ പ്രശസ്തി നൽകിയത്. 1991-ലാണ് കന്നഡ നടനും രാഷ്ട്രീയക്കാരനുമായ അംബരീഷിനെ സുമലത വിവാഹം ചെയ്തത്.
കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകനും എച്ച്ഡി ദേവഗൗഡയുടെ കൊച്ചുമകനുമായ നിഖിലാണ് മാണ്ഡ്യയിൽ സുമലതയ്ക്ക് എതിർ സ്ഥാനാർഥി. സുമലത സ്വതന്ത്ര സ്ഥാനാർഥികുന്നതിൽ ജെഡിഎസിന് ആശങ്കയുണ്ട്. കർണാടകയിൽ ആകെയുള്ള 28 സീറ്റിൽ കോണ്ഗ്രസ് 20 സീറ്റിലും ജെഡിഎസ് എട്ടു സീറ്റിലുമാണ് മത്സരിക്കുന്നത്.