നിയാസ് മുസ്തഫ
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ മാണ്ഡ്യയില്നിന്ന് മത്സരിച്ചേ തീരൂവെന്ന പിടിവാശിയില്‍ സുമലത ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു. പ്രമുഖ കോണ്‍ഗ്രസ് നേതാവും നടനുമായിരുന്ന അംബരീഷിന്റെ ഭാര്യയാണ് നടി കൂടിയായ സുമലത. മൂന്നു പ്രാവശ്യമായി മാണ്ഡ്യയിലെ എംപിയായിരുന്നു അംബരീഷ്. 2018 നവംബര്‍ 24ന് ബംഗളൂരുവില്‍വച്ച് ഹൃദയാഘാതത്തെത്തുടര്‍ന്ന് അംബരീഷ് മരണപ്പെട്ടു. ഇതോടെയാണ് ഭര്‍ത്താവിന്റെ പാത പിന്തുടര്ന്ന് ജനസേവനത്തിനിറങ്ങാന്‍ സുമലത തീരുമാനിച്ചത്.
താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ അതു മാണ്ഡ്യ മണ്ഡലത്തില്‍ നിന്നാകുമെന്ന് സുമലത വ്യക്തമാക്കി. സുമലത കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഭാഗമാകണമെന്ന് കോണ്‍ഗ്രസ് നേതാക്കളും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കാര്യത്തോട് അടുത്തപ്പോള്‍ കൈവശമിരുന്ന മാണ്ഡ്യ സീറ്റ് കോണ്‍ഗ്രസ് ജെഡിഎസിനു വിട്ടുനല്‍കിയിരിക്കുകയാണ്. ഇതോടെ സുമലത ഇപ്പോള്‍ കോണ്‍ഗ്രസുമായി ഇടഞ്ഞു.
മാണ്ഡ്യയില്‍ സ്വതന്ത്ര്യ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന നിലപാടിലാണ് സുമലത ഇപ്പോള്‍. പ്രചാരണപ്രവര്‍ത്തനങ്ങള്‍ സുമലത മണ്ഡലത്തില്‍ തുടങ്ങി കഴിഞ്ഞു. മാണ്ഡ്യയില്‍ താന്‍ സ്വതന്ത്ര സ്ഥാനാര്‍ഥി ആയിട്ട് മത്സരിക്കുമെന്നും അംബരീഷിനോട് നാട്ടുകാര്‍ക്കുള്ള സ്നേഹവും സഹതാപതരംഗവും തന്നെ വിജയിപ്പിക്കുമെന്നും സുമലത വ്യക്തമാക്കി. ഇതേസമയം, സുമലതയെ ചാക്കിട്ടുപിടിക്കാന്‍ ബിജെപിക്കാരും പിന്നാലെ കൂടിയിട്ടുണ്ട്.
ജെഡിഎസ് നേതാവ് എച്ച് ഡി ദേവഗൗഡയുടെ മകനായ രേവണ്ണയുടെ പ്രസ്താവനയും സുമലതയെ ചൊടിപ്പിച്ചിരുന്നു. ഭര്‍ത്താവ് മരിച്ച് ആറുമാസം പോലും തികയുന്നതിനു മുമ്പ് മത്സരിക്കേണ്ട ആവശ്യം സുമലതയ്ക്കുണ്ടോയെന്നായിരുന്നു രേവണ്ണയുടെ ചോദ്യം. കര്‍ണാടകയിലെ പൊതുമരാമത്ത് മന്ത്രി കൂടിയാണ് രേവണ്ണ. രേവണ്ണയുടെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്കാണ് തുടക്കമിട്ടത്. ഇങ്ങനെയൊരു പരാമര്‍ശം കേള്‍ക്കേണ്ടി വന്നത് വേദനിപ്പിച്ചെന്നും ഉത്തരവാദിത്തങ്ങളെ കുറിച്ച് തനിക്ക് ബോധ്യമുണ്ടെന്നും സുമലത പ്രതികരിച്ചു.
സംഭവം വിവാദമായതോടെ ദുരുദ്ദേശ്യപരമായിരുന്നില്ല തന്റെ പ്രസ്താവനയെന്ന് വിശദീകരണവുമായി രേവണ്ണ രംഗത്തെത്തി. സുമലത മത്സരിക്കുന്നതില്‍ തനിക്ക് വിയോജിപ്പില്ലെന്നും രേവണ്ണ പറഞ്ഞു. രേവണ്ണ പക്ഷേ മാപ്പ് പറയാന്‍ തയാറായില്ല.
മാണ്ഡ്യയില്‍ സുമലത സ്വതന്ത്ര സ്ഥാനാര്‍ഥി ആയോ ബിജെപി പിന്തുണയോടെയോ മത്സരിച്ചാല്‍ തങ്ങള്‍ക്ക് അതത്ര പന്തിയല്ലെന്ന് മാണ്ഡ്യ സീറ്റ് ലഭിച്ച ജെഡിഎസ് മനസിലാക്കുന്നു. എച്ച്ഡി ദേവഗൗഡയുടെ കൊച്ചുമകനും കുമാരസ്വാമിയുടെ മകനുമായ നിഖില്‍ കുമാരസ്വാമിയാണ് മാണ്ഡ്യയില്നിന്ന് ജെഡിഎസിനു വേണ്ടി മത്സരിക്കുന്നത്.
അതേസമയം മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയ്ക്ക് മാണ്ഡ്യയില്‍ സുമലതയെ മത്സരിപ്പിക്കുന്നതില്‍ എതിര്‍പ്പുണ്ട്. ഇതാണ് കോണ്‍ഗ്രസിന്റെ കൈവശമിരുന്ന മാണ്ഡ്യ സീറ്റ് ജെഡിഎസിന് വിട്ടുനല്‍കിയതിനു പിന്നിലെന്നും ആരോപണമുണ്ട്. കര്‍ണാടകയില്‍ ആകെയുള്ള 28 സീറ്റില്‍ കോണ്‍ഗ്രസ് 20 സീറ്റിലും ജെഡിഎസ് എട്ടു സീറ്റിലുമാണ് മത്സരിക്കുന്നത്.
തെലുങ്ക്, മലയാളം, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിലായി 220ചിത്രങ്ങളില്‍ അഭിനയിച്ച നടിയാണ് സുമലത. 1987ല്‍ പത്മരാജന് സംവിധാനം ചെയ്ത തൂവാനത്തുമ്പികള്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ച ക്ലാര എന്ന കഥാപാത്രം ഇന്നും സുമലതയെക്കുറിച്ചോര്ക്കുമ്പോള് മലയാളികളുടെ മനസില്‍ ഓടിയെത്തുന്ന കഥാപാത്രം.
1980ല്‍ പുറത്തിറങ്ങിയ മൂര്‍ഖന്‍ ആണ് ആദ്യ മലയാളചിത്രം. നിഴല്‍ യുദ്ധം, കിലുങ്ങാത്ത ചങ്ങലകള്‍, എല്ലാം നിനക്കുവേണ്ടി, സാഹസം, കടത്ത്, രക്തം, കോളിളക്കം, മുന്നേറ്റം, ഇതിഹാസം, തേനും വയമ്പും, ആദര്‍ശം, അരഞ്ഞാണം, ഇരട്ടി മധുരം, ധീര, ആരംഭം, കഴുമരം, തടാകം, ജോണ്‍ ജാഫര്‍ ജനാര്ദ്ദനന്, കിലുകിലുക്കം, കൊടുങ്കാറ്റ്, ചക്രവാളം ചുവന്നപ്പോള്‍, ഹിമം, അലകടലിനക്കരെ, ഇടവേളയ്ക്കുശേഷം, നിറക്കൂട്ട്, ശ്യാമ, തൂവാനത്തുമ്പികള്‍, ന്യൂഡല്‍ഹി, ഇസബെല്ല, ഡേവിഡ് ഡേവിഡ് മിസ്റ്റര്‍ ഡേവിഡ്, ദിനരാത്രങ്ങള്‍, ഉണ്ണിക്കൃഷ്ണന്റെ ആദ്യ ക്രിസ്മസ്, നായര്‍ സാബ്, താഴ് വാരം, നം.20 മദ്രാസ് മെയില്‍, ഈ തണുത്ത വെളുപ്പാന്‍ കാലത്ത്, പരമ്പര, പുറപ്പാട്, കാണ്ഡഹാര്‍ എന്നിവയാണ് സുമലത അഭിനയിച്ച മലയാള ചിത്രങ്ങള്‍. 2011ല്‍ പുറത്തിറങ്ങിയ നായിക എന്ന ചിത്രമാണ് മലയാളത്തില്‍ അഭിനയിച്ച അവസാന ചിത്രം.
1991ലാണ് കന്നഡ നടനും രാഷ്ട്രീയക്കാരനുമായ അംബരീഷിനെ വിവാഹം ചെയ്തത്.