അന്പൂരി: അന്പൂരി കുട്ടമലയിൽ ഭർത്താവ് വെട്ടേറ്റു മരിച്ച സംഭവത്തിൽ ഭാര്യ കസ്റ്റഡിയിൽ. കണ്ടംത്തിട്ട ജിബിൻ ഭവനിൽ സെൽവമുത്ത് (52) വെട്ടേറ്റ് മരിച്ച സംഭവത്തിലാണ് ഭാര്യ സുമലതയെ നെയ്യാർ ഡാം പോലീസ് കസ്റ്റഡിയിലെടുത്തത്.
ടാപ്പിംഗ് തൊഴിലാളിയും കെഎസ്ആർടിസിയുടെ താത്കാലിക ഡ്രൈവറായിരുന്ന സെൽവമുത്തു ജോലിക്കിടെ വീണ് പരിക്കേറ്റ് കിടപ്പിലാണെന്നാണ് സുമലത സമീപവാസികളോട് പറഞ്ഞത്.
സംശയം തോന്നിയ നാട്ടുകാർ പരിശോധിച്ചപ്പോൾ സെൽവമുത്തുവിന്റെ തലയിലും കഴുത്തിലും വെട്ടേറ്റ മുറിവുകൾ കണ്ടെത്തിയത്. തുടർന്ന് നെയ്യാർഡാം പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
സുമലതയും സെൽവമുത്തുവുമായി നിരന്തരം വഴക്കുണ്ടാകാറുണ്ടെന്നും സുമലത മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും നാട്ടുകാർ പറയുന്നത്.
സുമലതയെ കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ സംഭവത്തിൽ വ്യക്തത വരികയുള്ളൂവെന്ന് പോലീസ് പറഞ്ഞു. മരിച്ച സെൽവമുത്ത്.
മൂത്തമകൻ ജിബിൻ ബംഗളൂരൂവിലാണ്. ഭിന്നശേഷിക്കാരനായ ജിത്തുവും നാലുവയസുകാരൻ ജിനോയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
ഭിന്നശേഷിക്കാരനായ ജിത്തുവിൽ നിന്നും ബഡ്സ് സ്കൂൾ അധ്യാപികയുടെ സഹായത്തോടെ വിവരങ്ങൾ പോലീസ് ചോദിച്ചറിയുന്നത്.
സുമലതയാണോ വേറെ ആരെങ്കിലുമാണോ ആക്രമിച്ചതെന്ന് വ്യക്തമായിട്ടില്ലെന്നും സെൽവമുത്ത് രാത്രി ടാപ്പിംഗിന് പോയതായി സുമലത പറഞ്ഞത് കളവാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
വിരലടയാള വിദഗ്ധരും ഫൊറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. നെയ്യാർഡാം സിഐയുടെ നേത്യത്വത്തിൽ ഇൻക്വസ്റ്റ് തയാറാക്കിയ ശേഷം മ്യതദേഹം പോസ്റ്റ്മാർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കൊലപാതകവാർത്ത വിശ്വസിക്കാനാവാതെ നാട്ടുകാർ
കാട്ടാക്കട : കുട്ടമല കണ്ടംതിട്ട സ്വദേശി സെൽവമുത്തുവിന്റെ കൊലപാതക വാർത്തകേട്ട് നടുങ്ങി നാട്ടുകാർ.ജിബിൻ ഭവനിൽ സെൽവമുത്തുവിന്റെ (52) കൊലപാതകവാർത്ത വിശ്വസിക്കാനാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
അടുത്തിടെയാണ് ഇവർ കുട്ടമല കണ്ടംതിട്ടയിൽ താമസത്തിന് വന്നത്. നിലവിലെ വീട് മാറ്റി പുതിയ വീട് വയ്ക്കുന്നതിന്റെ ആലോചനയിലായിരുന്നു സെൽവമുത്ത്.
റബർടാപ്പിംഗും ഡ്രൈവർ ജോലി നോക്കിയിരുന്ന സെൽവമുത്ത് കെഎസ്ആർടിസിയിലും താത്കാലികമായി ജോലിക്ക് പോയിരുന്നു.
സുമലതയും സെൽവമുത്തുവുമായി നിരന്തരം വഴക്കും പ്രശ്നങ്ങളും ഉണ്ടാകാറുള്ളതായി നാട്ടുകാർ പറഞ്ഞു.
വീട്ടിൽ നിരന്തരം കലഹമായതോടെ ഇവർ മുന്പ് വാടകയ്ക്കു താമസിച്ചിരുന്ന വീട് ഒഴിയാൻ ഉടമ നിർബന്ധിക്കുകയും പിന്നീട് സ്വന്തം സ്ഥലത്ത് വന്ന താമസിക്കുകയുമായിരുന്നുവെന്ന് അയൽക്കാർ പറഞ്ഞു.
മാനസിക വിഭ്രാന്തി മൂലമാകാം സുമലത അരും കൊല നടത്തിയതെന്ന് നാട്ടുകാർ പറയുന്നു.