നെയ്യാറ്റിന്‍കര : വീടിനുള്ളില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കാണപ്പെട്ട വയോധികന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് ഇന്നലെ വിട്ടുകൊടുത്തു. ചികിത്സയില്‍ കഴിയുന്ന ഭാര്യയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്താലുടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
ആനാവൂര്‍ ഒലിപ്പുറം കാവുവിള വീട്ടില്‍ ജ്ഞാനദാസ് എന്ന ഗോപി (74) യെയാണ് കഴിഞ്ഞ ദിവസം രാവിലെ വീട്ടിലെ കിടപ്പുമുറിയില്‍ നിലത്ത് കഴുത്തറുത്ത നിലയില്‍ കാണപ്പെട്ടത്. ഗോപിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് ഇന്നലെ വിട്ടുകൊടുത്തു.
കൊലപാതക കൃത്യം നിര്‍വഹിച്ചത് താനാണെന്ന് ഡോക്ടറോട് വെളിപ്പെടുത്തിയ ഗോപിയുടെ ഭാര്യ സുമതി (66) തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോലീസ് നിരീക്ഷണത്തില്‍ ചികിത്സയില്‍ തുടരുന്നു.
സുമതിയുടെ മൊഴി മജിസ്ട്രേറ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തി. ഈ മൊഴിപ്പകര്‍പ്പ് പോലീസിന് ലഭിച്ചിട്ടില്ല. ഭര്‍ത്താവിന്റെ അവസ്ഥയില്‍ മനംനൊന്ത് ചെയ്തതാകാമെന്നും കൃത്യം നിര്‍വഹിച്ച് സുമതി സ്വയംഹത്യയ്ക്കായി കുളത്തില്‍ ചാടാന്ശ്രമിച്ചതാകാമെന്നുമാണ് പോലീസ് നിഗമനം.
കൊലപാതകത്തിനു ഉപയോഗിച്ചതായി സംശയിക്കുന്ന കത്തി വീട്ടിനുള്ളില്‍ നിന്നും കണ്ടെടുത്തു. സമീപത്തെ മകന്റെ വീട്ടില്‍ നിന്നും സുമതി എടുത്തു കൊണ്ടുവന്നതാണ് ഈ കത്തിയെന്നും പോലീസ് പറഞ്ഞു. സുമതിയെ വിശദമായി ചോദ്യം ചെയ്താലേ സംഭവത്തെ കുറിച്ചുള്ള വ്യക്തമായ ചിത്രം ലഭിക്കൂ എന്നും പോലീസ് അറിയിച്ചു.