കൊല്ലം: ഒമ്പത് മക്കളെ പ്രസവിച്ച സുമതിയമ്മ ഇന്ന് ആരോരുമില്ലാതെ തകർന്ന് വീഴാറായ വീട്ടിൽ തനിച്ച് ദുരിതദിനങ്ങൾ തള്ളിനീക്കുന്നു.
ആദിച്ചനല്ലൂർ പ്ലാക്കാട് ആനന്ദവിലാസത്തിൽ സുമതിയമ്മ(85)ആണ് ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാതെ ജീവിതം തള്ളിനീക്കുന്നത്. അയൽക്കാർ നൽകുന്ന ഭക്ഷണമാണ് സുമതിയമ്മയുടെ ജീവൻ നിലനിർത്തുന്നത്.
ഒന്പത് മക്കളുണ്ടായിരുന്ന ഇവരുടെ രണ്ടു മക്കൾ മരണപ്പെട്ടിരുന്നു. ബാക്കിയുള്ള ഏഴ് മക്കളും പല സ്ഥലങ്ങളിൽ കുടുംബജീവിതം നയിച്ചുവരുന്നവരാണ്. നാല് ആൺമക്കളും മൂന്ന് പെൺമക്കളുമാണ് ഇപ്പോൾ ഇവർക്കുള്ളത്.
ഭർത്താവ് നേരത്തെ മരിച്ചുപോയി. മക്കൾക്കെല്ലാ ഓഹരി നേരത്തെ കൊടുത്തിരുന്നു. സുമതിയമ്മയുടെ പേരിലുള്ള ഏഴ് സെന്റ് സ്ഥലത്തെ ഇടിഞ്ഞു വീഴാറായ ചെറിയ വീട്ടിലാണ് ഇപ്പോൾ താമസം.
പ്രായാധിക്യത്താൽ ഇപ്പോൾ ഓർമക്കുറവും ഉണ്ട്. മാതാവിനെ സംരക്ഷിക്കാത്ത മക്കൾക്കെതിരേ നടപടി ആവശ്യപ്പെട്ടും ഇവരെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടും സാമൂഹ്യപ്രവർത്തകർ രംഗത്ത് വന്നിട്ടുണ്ട്.