ഒരാൾക്ക് മറ്റൊരാളോട് പ്രണയം തോന്നാൻ പ്രത്യേകിച്ച് വലിയ കാരണങ്ങളൊന്നും വേണ്ട. എന്നാൽ പരസ്പരം പ്രണയിക്കാനും വിവാഹം ചെയ്യാനും പ്രായം ഒരു തടസവുമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഇന്തോനേഷ്യ സ്വദേശികളായ ഒരു നവദന്പതികൾ. കാരണം സെലാമത്ത് റിയാദി എന്ന പതിനാറുകാരനായ ഒരാൾ വധുവായി തെരഞ്ഞെടുത്തത് എഴുപത്തിയൊന്ന് വയസുകാരിയായ റോഹായയേയാണ്. പക്ഷെ ആത്മാർഥതയോടെ പരസ്പരം സ്നേഹിക്കുന്ന ഇവരുടെ വിവാഹത്തിന് ഇരുവരുടെയും കുടുംബാംഗങ്ങൾക്ക് സമ്മതമല്ലായിരുന്നു.
ഇവർ താമസിക്കുന്ന സൗത്ത് സുമാത്രയിലെ കരാൻഗെൻഡ ഗ്രാമത്തിലെ ഗ്രാമമുഖ്യന്റെ നേതൃത്വത്തിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. വിവാഹത്തിന്റെ പ്രത്യേകതകൾ അറിഞ്ഞെത്തിയ നൂറുകണക്കനാളുകളെ സാക്ഷി നിർത്തിയാണ് സെലാമത്ത് റോഹായയുടെ കഴുത്തിൽ മിന്നു ചാർത്തിയത്.
വിധവയായ റോഹായ മുൻപ് രണ്ടു തവണ വിവാഹിതയായതാണ്. മാത്രമല്ല പത്തൊൻപത് വയസ്സുള്ള മകനും ഇവർക്കുണ്ട്. കുടുംബത്തിനുണ്ടാകുന്ന മാനക്കേട് ഭയന്നാണ് ഇരുകുടുംബാംഗങ്ങളും വിവാഹത്തിൽ പങ്കെടുക്കാതിരുന്നത്.
വിവാഹത്തിന് സമ്മതിക്കണമെന്ന് ആവശ്യപ്പെട്ട് സെലാമത്ത് ആദ്യം സമീപിച്ചത് റോഹായയുടെ മകനെ ആയിരുന്നു. ആദ്യം ഞെട്ടിപ്പോയ ഇദ്ദേഹം പിന്നീട് ഗ്രാമത്തിലെ അധികാരികളുടെയും സമ്മതം വാങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. അധികാരികളെ കണ്ടു സംസാരിച്ചപ്പോൾ ആചാരപരമായി വിവാഹത്തിന് കുടുംബാംഗങ്ങളുടെ സമ്മതം ആവശ്യമാണെന്ന് അറിയിക്കുകയായിരുന്നു. ഒരു വിധത്തിലും ആരും തങ്ങളുടെ വിവാഹത്തിന് സമ്മതിക്കില്ല എന്ന് മനസിലാക്കിയ ഇരുവരും ഗ്രാമമുഖ്യന്റെ അടുക്കൽ പോയി തങ്ങളുടെ വിവാഹം നടത്തിത്തരണമെന്ന് അപേക്ഷിക്കുകയായിരുന്നു.
ഗ്രാമമുഖ്യന്റെ സമ്മർദത്തെത്തുടർന്ന് ഇരുവരുടെയും കുടുംബാംഗങ്ങൾ വിവാഹത്തിനു സമ്മതം അറിയിക്കുകയായിരുന്നു. മനസില്ലാ മനസോടെ റോഹായയുടെ എഴുപത്തഞ്ച് വയസുള്ള സഹോദരനും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. വിവാഹ ചിലവിനായി 200,000 രൂപയാണ് റോഹായയുടെ കുടുംബത്തിന് സെലാമത്ത് നൽകിയത്.
വിവാഹശേഷം റോഹായയുടെ വീട്ടിലാണ് സെലാമത്തിന്റെ താമസം. ഇന്തോനേഷ്യയിലെ നിയമം അനുസരിച്ച് വിവാഹപ്രായം പുരുഷന് 19ഉം സ്ത്രീക്ക് 16മാണ്. എന്നാൽ മതാചാരപ്രകാരം വിവാഹം ചെയ്യുന്നതിന് നിയമം ഒരു തടസം അല്ല. ഇതിനു മുന്പ് ഇന്തോനേഷ്യയിൽ 28 വയസുകാരൻ 82 വയസുകാരിയെ വിവാഹം ചെയ്തത് വാർത്തകളിൽ ഇടം നേടിയിരുന്നു. എന്തായാലും സെലാമത്തിന്റെയും റോഹായയുടെയും വിവാഹ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.