കോട്ടയം: ട്രെയിൻ യാത്രക്കാരനു ബിസ്കറ്റ് നൽകി മയക്കിയശേഷം കൊള്ളയടിച്ചത് രണ്ടു തമിഴ് യുവാക്കൾ. പാലക്കാട് സ്വദേശിയായ സമീഷാ(34)ണു തട്ടിപ്പിനിരയായത്. തമിഴ് സംസാരിക്കുന്ന രണ്ടുപേരടങ്ങുന്ന സംഘം വളരെ ആസൂത്രിതമായാണു കവർച്ച നടത്തിയത്.
മഹാരാഷ്ട്രയിൽനിന്നും പാലക്കാട്ടേക്കു യാത്ര ചെയ്യുകയായിരുന്ന സമീഷ് സേലത്തുവച്ച് യുവാവ് നൽകിയ ബിസ്കറ്റ് വാങ്ങിക്കഴിച്ചപ്പോഴാണ് അബോധാവസ്ഥയിലായത്. കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ ട്രെയിനിനുള്ളിൽ അബോധാവസ്ഥയിൽ കിടന്നിരുന്ന സമീഷിനെ റെയിൽവേ പോലീസ് ഉദ്യോഗസ്ഥരാണ് കണ്ടെത്തുന്നത്.
തുടർന്നു മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റെയിൽവേ പോലീസ് മൊഴിയെടുത്തപ്പോഴാണ് തട്ടിപ്പിനിരയായ സംഭവം പുറത്തറിയുന്നത്. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സമീഷ് ജയന്തി ജനതാ ട്രെയിനിൽ കയറിയത്. ട്രെയിൻ സേലത്ത് എത്തിയപ്പോൾ പരിചയഭാവം കാട്ടിയ യുവാവ് കഴിക്കാൻ ബിസ്കറ്റ് നൽകുകയായിരുന്നു.
അബോധാവസ്ഥയിലായ ഇയാളുടെ പക്കൽനിന്നും നാല് ഗ്രാം തൂക്കമുള്ള സ്വർണ മോതിരം, മൂന്ന് ഗ്രാമിന്റെ സ്വർണ ചെയിൻ, മൂന്ന് ഗ്രാമിന്റെ സ്വർണ ലോക്കറ്റ്, ലാപ്ടോപ്പ്, ഐഫോണ്, കയ്യിലുണ്ടായിരുന്ന 6000രൂപ, ടാബ് ലറ്റ്, ബാഗ് എന്നിവയുൾപ്പെടെ രണ്ടു ലക്ഷത്തിന്റെ കവർച്ചയാണ് നടത്തിയത്. റെയിൽവേ പോലീസ് കേസെടുത്തു.
പാലക്കാട് നിന്നും സമീഷിന്റെ ബന്ധുക്കൾ മെഡിക്കൽ കോളജിൽ എത്തിയിട്ടുണ്ട്. ഇന്ന് ഡിസ്ചാർജ് ചെയ്യും. പാലക്കാട് വടക്കുന്തറ ഹൗസ് നന്പർ 41/ 28-ൽ കൃഷ്ണന്റെ മകനാണ് സമീഷ്. മുംബൈ ആൽക്ക ഫാർമസ്യൂട്ടിക്കൽ കന്പനിയിൽ മെഡിക്കൽ റെപ്രസന്റേറ്റീവായ സമീഷ് മുംബൈയിലെ ഡോനവാലിയിൽ നിന്നുമാണ് ട്രെയിനിൽ കയറിയത്.
തമിഴ് സംസാരിക്കുന്ന രണ്ടു യുവാക്കൾ അപ്പോൾ സീറ്റിലുണ്ടായിരുന്നു. അവരാണ് ചങ്ങാത്തം കൂടി ബിസ്കറ്റ് നൽകി മയക്കിയത്.
കംപാർട്ട്മെന്റിൽ ഒപ്പം യാത്ര ചെയ്തിരുന്ന മറ്റു യാത്രക്കാർക്കും അവർ ബിസ്കറ്റ് നൽകിയിരുന്നു. എന്നാൽ സമീഷിനു മാത്രമാണ് മയങ്ങാനുള്ള മരുന്നു നൽകിയുള്ളൂവെന്നാണ് കരുതുന്നത്.