ജെവിൻ കോട്ടൂർ
സിനിമയ്ക്കു വേണ്ടി ആദ്യമായി സംഗീത സംവിധാനം ചെയ്ത ഗാനം ഗാനഗന്ധർവനെ കൊണ്ടു ആലപിപ്പിച്ച ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകൻ, അഞ്ചു വർഷത്തിനിടയിൽ തന്നെ അഞ്ഞൂറോളം ഗാനങ്ങൾക്ക് ഈണം പകർന്ന യുവ സംഗീത സംവിധായകൻ, സംഗീത സംവിധാനത്തിനൊപ്പം കീ ബോർഡിലും കൈവിരൽ കൊണ്ടു മാന്ത്രിക സ്പർശം തീർക്കുന്ന യുവകലാകാരൻ, കോട്ടയം ജില്ലയുടെ മലയോര ഗ്രാമമായ മുണ്ടക്കയം കൂട്ടിക്കൽ സ്വദേശിയായ സുമേഷ് കൂട്ടിക്കൽ സംഗീത ലോകത്തെ യുവവിസ്മയമാണ്. 16-ാമാത്തെ വയസിൽ സംഗീത സംവിധാനം തുടങ്ങിയ സുമേഷ് കഴിഞ്ഞ 14 വർഷമായി സംഗീതത്തിനായി ജീവിതം സമർപ്പിച്ചിരിക്കുകയാണ്. നിരവധി വിദ്യാർഥികൾക്ക് സംഗീത ഗുരുവായ ഇദ്ദേഹം സംഗീത സംവിധാനത്തിനൊപ്പം കീബോർഡ് പെർഫോർമർ എന്ന നിലയിലും ഇപ്പോൾ യുവജനങ്ങളുടെ പ്രിയങ്കരനായിരിക്കുകയാണ്.
ഭക്തിഗാനത്തിലൂടെ തുടക്കം
മാതാപിതാക്കളായ ജോസും കുട്ടിയമ്മയും സംഗീതാഭിരുചിയുള്ളവരായിരുന്നു. അതിനാൽ ചെറുപ്പം മുതലേ സുമേഷിന് സംഗീതത്തോട് താത്പര്യമുണ്ടായിരുന്നു. പാലൂർക്കാവിലെയും തെക്കേമലയിലെയും സ്കൂൾ ജീവിതകാലത്ത് സംഗീതത്തിൽ നിരവധി സമ്മാനങ്ങൾ നേടിയ സുമേഷ് 16-ാമത്തെ വയസിൽ പാവനദീപം എന്ന ക്രിസ്തീയ ഭക്തിഗാന ആൽബത്തിനു സംഗീത സംവിധാനം നിർവഹിച്ചാണു സംഗീത സംവിധാന മേഖലയിൽ ഹരിശ്രീ കുറിക്കുന്നത്. ആദ്യ ആൽബം ഹിറ്റായി. പാവനദീപത്തിലെ ഗാനം ആലപിച്ച കെ.ജി. മർക്കോസ് ആൽബം ഹിറ്റായതോടെ സുമേഷിന്റെ കൂട്ടിക്കലിലെ വീട്ടിലെത്തുകയും മാതാപിതാക്കളോട് സുമേഷിനെ സംഗീതലോകത്തേക്ക് തന്നെ വിടണമെന്ന് അഭ്യർഥിക്കുകയും ചെയ്തു.
കാലം ചെയ്ത ബിഷപ് കൊർണേലിയോസ് ഇലഞ്ഞിക്കൽ രചിച്ച വിശുദ്ധ അൽഫോൻസാമ്മയോടുള്ള നൊവേന, സത്യദാസ് കിടങ്ങൂർ ഛായാഗ്രഹണം നിർവഹിച്ച് പൂർണമായും ഗൾഫ് നാടുകളിൽ ചിത്രീകരിച്ച് നജീം അർഷാദ് ആലപിച്ച ’നാത്തേ റസൂൽ ന്ധ എന്ന മുസ്ളിം ഭക്തിഗാന ആൽബം, രമേഷ് കിടങ്ങൂർ സംവിധാനം ചെയ്ത് മീനാക്ഷി അഭിനയിച്ച കിടങ്ങൂർ അന്പലത്തിൽ എന്ന ഗാനം ഉൾപ്പെടെ നിരവധി ഹിന്ദു ഭക്തിഗാനങ്ങൾക്കും സുമേഷ് സംഗീത സംവിധാനം നിർവഹിച്ചു. ഇതിനിടയിൽ നിരവധി പരസ്യ ചിത്രങ്ങൾക്കും സംഗീതം പകർന്നു. മിസ്ഡ് കോൾ, മൂല്ലപ്പെരിയാറിന്റെ കഥപറയുന്ന ഹാർട്ട് ബീറ്റ്സ് ഓഫ് കേരള, ഓർമയിലെന്നും എന്നീ ആൽബങ്ങൾ സോഷ്യൽ മീഡിയായിൽ വൻ ഹിറ്റായിരുന്നു.
ആദ്യ ഗാനം പാടിയത് യേശുദാസ്
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചിന്നദാദ എന്ന മലയാള സിനിമയിലൂടെയണ് ചലച്ചിത്ര പിന്നണി ഗാന രംഗത്തേക്കു സുമേഷ് പ്രവേശിക്കുന്നത്. ആദ്യ സിനിമയിലെ ഗാനം ഗാനഗന്ധർവൻ യേശുദാസിനെ കൊണ്ട് പാടിപ്പിക്കുവാൻ സുമേഷിനു കഴിഞ്ഞു. സുമേഷിന്റെ സംഗീതത്തിൽ യേശുദാസും, ഷാരോണ്‍ ജോസഫും ചേർന്നാലപിച്ച ’ശിശിര വാനിൽ’ എന്നു തുടങ്ങുന്ന ഗാനം ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാളികൾക്ക് പ്രിയങ്കരമായി മാറിക്കഴിഞ്ഞിരുന്നു. യേശുദാസ് ആദ്യമായിട്ടാണു ഒരു സംഗീത സംവിധായകനു അവാർഡ് നലകുന്നതെന്നു സുമേഷ് കൂട്ടിക്കൽ അവകാശപ്പെടുന്നു. കഴിഞ്ഞ വർഷത്തെ യൂണിവേഴ്സൽ റിക്കാർഡ്സ് ഫോറത്തിന്റെ ഐക്കണ്‍ അവാർഡ് നല്കുന്ന വേളയിൽ തന്നെക്കുറിച്ചു ഗാനഗന്ധർവൻ പറഞ്ഞ കാര്യങ്ങളാണു സുമേഷ് ഏറ്റവും വിലപ്പെട്ട വാക്കുകളാണു കണക്കാക്കുന്നത്. സുമേഷിന്റെ പാട്ടിനോടുള്ള അത്മാർഥതയും ആർപ്പണ ബോധവും തനിക്കു നേരിട്ടറിയാവുന്നതിനാലാണു അവാർഡ് നല്കാൻ താൻ എത്തിയതെന്നു യേശുദാസ് പറഞ്ഞിരുന്നു.
പാട്ടുകൾ പിറക്കുന്ന മൈക്ക് ട്യൂണ്‍സ്
കൂട്ടിക്കലിലുള്ള സുമേഷിന്റെ വീടിനോടു ചേർന്നു മൈക്ക് ട്യൂണ്‍സ് എന്ന പേരിൽ എല്ലാവിധ ആധുനിക സൗകര്യങ്ങളുമുള്ള റിക്കാർഡിംഗ് സ്റ്റുഡിയോയുണ്ട്. സുമേഷിന്റെ എല്ലാ പാട്ടുകളും ജനിക്കുന്നതും ഈണം വയ്ക്കുന്നതും ഈ സ്റ്റുഡിയോയിൽ നിന്നാണ്. സംഗീതം ജീവിതത്തിന്റെ ഭാഗമാക്കിയ സുമേഷിന്റെ ഒരു ദിവസത്തിലെ ഭൂരിഭാഗം സമയവും ചെലവഴിക്കുന്നതും ഇതിനുള്ളിലാണ്.
കഴിഞ്ഞ 14 വർഷമായി സംഗീതം ഉപജീവനമാർഗമാക്കിയ സുമേഷിന്റെ ആദ്യത്തെ ഗുരു ചേർത്തല ഗോവിന്ദൻകുട്ടിയാണ്. ഇപ്പോൾ ഫ്രാൻസിസ് വേലനിലം എന്ന ചെമ്മലമറ്റം സ്കൂളിലെ സംഗീതാധ്യപകനു കീഴിലും സംഗീതം ആഭ്യസിക്കുന്നുണ്ട്. ആദ്യത്തെ ഗുരുവായ ചേർത്തല ഗോവിന്ദൻകുട്ടി ഗാനഗന്ധർവൻ യേശുദാസിന്റെ കൂടെ പഠിച്ചയാളും ഗായകൻ വിജയ് യേശുദാസിന്റെ ഗുരുവുമാണ്. സുമേഷ് ഹിന്ദുസ്ഥാനി സംഗീതം പഠിച്ചതു മഹാരാഷ്്ട്രയിലെ ബെല്ലാർഷയിലാണ്.
സ്റ്റേജ് പെർഫോമൻസിലും താരം
സംഗീത സംവിധാനത്തിനൊപ്പം സ്റ്റേജ് പെർഫോമൻസിലും ഇപ്പോൾ മിന്നും താരമാണു സുമേഷ്. ഗാനങ്ങൾ ആലപിക്കുന്നതിനൊപ്പം ഗിറ്റാർ പെർഫോമൻസിലൂടെയും പ്രേക്ഷകരുടെ കൈയടി നേടി കഴിഞ്ഞു. ആറു മാസത്തിനിടയിൽ കേരളത്തിലുടനീളം നൂറുകണക്കിനു സ്റ്റേജുകളിൽ സുമേഷും സുഹൃത്തുക്കളും ചേർന്നു നിരവധി പരിപാടികൾ സംഘടിപ്പിച്ചു കഴിഞ്ഞു. നിരവധി ചാനൽ റിയാലിറ്റി ഷോകളിൽ ഗിറ്റാർ പെർഫോമർ എന്ന നിലയിലും മിന്നുന്ന പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. സ്റ്റേജ് ഷോകളിൽ ഗാനങ്ങൾ ആലപിക്കുന്നതിനെക്കാൾ കൂടുതൽ ഗിറ്റാർ പ്രകടനമാണു സുമേഷ് കാഴ്ചവയ്ക്കുന്നത്. സ്റ്റേജ് ഷോകളിലും ഉത്സവപ്പറന്പുകലിലും സുമേഷിന്റെ മാന്ത്രിക വിരലുകൾ ഗിറ്റാറിൽ തൊടുന്പോൾ മുതൽ നിലയ്ക്കാത്ത കരഘോഷമാണു പ്രേക്ഷകർ നൽകുന്നത്.
സുമേഷ് കൂട്ടിക്കലിനൊപ്പം ചലച്ചിത്ര ബാലതാരം മീനാക്ഷി, ഗിന്നസ് റിക്കാർഡ് ജേതാവ് അബീഷ് പി. ഡൊമിനിക്, പ്രശസ്ത ജഗ്ളർ വിനോദ് എന്നിവർ ഉൾപ്പെടുന്ന സംഘമാണു സ്റ്റേജ് ഷോകൾ സംഘടിപ്പിക്കുന്നത്. ഏതാനും ആഴ്ചകൾക്കു മുന്‍പു ഇവരുടെ സംഘം തൃശൂർ ശോഭ സിറ്റിയിൽ നടത്തിയ പ്രകടനം സോഷ്യൽ മീഡിയായിൽ ഉൾപ്പെടെ മികച്ച അഭിപ്രായം നേടിയിരുന്നു. സുമേഷിന്റെ ഗിറ്റാർ പെർഫോമൻസ് സോഷ്യൽ മീഡിയയിൽ വൈറലാണ്.
അവാർഡുകൾ
ചെറുതും വലുതുമായ നിരവധി അവാർഡുകളാണ് ഇതിനോടകം സുമേഷിനെ തേടിയെത്തിയത്. ഇല്യൂഷൻ ആർട്ടിസ്റ്റ് അവാർഡ്, ഒമാനിൽ നടന്ന റെയിൻബോ ബെസ്റ്റ് മ്യുസീഷൻ അവാർഡ് എന്നിവയ്ക്കു പുറമേ ഏറ്റവും ഒടുവിലായി മാസങ്ങൾക്കു മുന്‍പു യൂണിവേഴ്സൽ റിക്കാർഡ്സ് ഫോറത്തിന്റെ ഐക്കണ്‍ -2016 അവാർഡും സുമേഷിനെ തേടിയെത്തി. ഡോ. കെ.ജെ. യേശുദാസാണ് അവാർഡ് സമ്മാനിച്ചത്. തന്റെ പ്രകടനങ്ങൾക്കുശേഷം പ്രേക്ഷകരുടെ പക്കൽ നിന്നും ലഭിക്കുന്ന പിന്തുണയും നല്ലവാക്കുകളുമാണു തനിക്കു ലഭിക്കുന്ന ഏറ്റവും വലിയ പിന്തുണയും സമ്മാനവുമെന്ന് സുമേഷ് പറയുന്നു. കോട്ടയം ജില്ലയിലെ മുണ്ടക്കയം റോസ് മൗണ്ട് വട്ടോത്തുകുന്നേൽ ജോസ്- കുട്ടിയമ്മ ദന്പതികളുടെ മകനാണ്. ഭാര്യ ജൂസി, മക്കൾ: ഐവിൻ, എയ്ഞ്ചല. സുമേഷിന്റെ സംഗീതജീവിതത്തിന് ഏപ്പോഴും പിന്തുണയും പ്രോത്സഹനവമായി കുടുംബമുണ്ട്. നീണ്ട ഇടവേളയ്ക്കുശേഷം മലയാളികളുടെ പ്രിയങ്കരനായ ഗാനരചയിതാവ് പൂവച്ചൽ ഖാദർ തിരിച്ചെത്തിയതും സുമേഷ് കൂട്ടിക്കലിനൊപ്പമാണ്.
പൂവച്ചൽ ഖാദറിന്റെ ഗാനരചനയിൽ ’പപ്പയുടെ സ്വന്തം അപ്പൂസ് ’ എന്ന ചിത്രത്തിലെ അപ്പൂസായെത്തിയ ബാദുഷയെ നായകനാക്കി ഷാബു ഉസ്മാൻ സംവിധാനം ചെയ്യുന്ന ’വിശുദ്ധ പുസ്തകം’ സിനിമയ്ക്കു വേണ്ടി സംഗീതം നൽകിയിരിക്കുന്നതും സുമേഷാണ്. ഒരു കത്തനാരുടെ കുന്പസാരം, ചെങ്ങായീസ്, കോട്ടയം ബസ് സ്റ്റാൻഡ് തുടങ്ങി നിരവധി സിനിമകൾക്കു സംഗീത ഒരുക്കുന്നതിന്റെ തിരക്കിലാണ് ഈ യുവ സംഗീത സംവിധായകൻ.