കോട്ടയം: ഭാര്യ ജീവനൊടുക്കിയതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ഭർത്താവും മരണത്തിന് കീഴടങ്ങി. പയ്യപ്പാടി മലകുന്നം പുത്തൻവീട്ടിൽ സുരേഷിന്റെ മകൻ സുമേഷ് (25) ആണ് ഇന്നലെ രാത്രിയിൽ മെഡിക്കൽ കോളജിൽ മരിച്ചത്.
സുമേഷിന്റെ ഭാര്യയും സിഎംഎസ് കോളജിലെ ബികോം അവസാന വർഷ വിദ്യാർഥിനിയുമായ അനുഷ (മാളു-22) കഴിഞ്ഞ 16നാണ് തൂങ്ങി മരിച്ചത്. ഭാര്യ മരിച്ച വിവരമറിഞ്ഞ് ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരാവസ്ഥിൽ മെഡിക്കൽ കോളജിൽ കഴിയുകയായിരുന്നു സുമേഷ്. അയൽവാസിയായ അനുഷയുമായി പ്രണയത്തിലായിരുന്നു സുമേഷ്. തുടർന്ന് ആറു മാസം മുന്പ് രജിസ്റ്റർ വിവാഹമായിരുന്നു ഇവരുടേത്.
വിവാഹശേഷം അനുഷ കോളജ് പഠനം തുടർന്നു. ഇതിനിടയിൽ അനുഷയെ സുമേഷ് സംശയിക്കാൻ തുടങ്ങി. ഇതിന്റെ പേരിൽ നിരന്തരം വഴക്കുണ്ടാകുമായിരുന്നു. ഇതിനൊടുവിലാണ് അനുഷ ആത്മഹത്യ ചെയ്തത്. സുമേഷിന്റെ സംസ്കാരം ഇന്ന് മൂന്നിന് കാഞ്ഞിരത്തുംമൂട് എസ്എൻഡിപി ശ്മശാനത്തിൽ. അമ്മ: ഓമന. സഹോദരി: സുമീഷ.