തൃപ്പൂണിത്തുറ: കൊലപാതകം ആത്മഹത്യയാക്കി മാറ്റാൻ പ്രതിയും കുടുംബവും നടത്തിയ രക്ഷപ്പെടൽ നാടകം തൃപ്പൂണിത്തുറ പോലീസ് അതിവിദഗ്ധമായി പൊളിച്ചടുക്കി. എരൂർ കുളങ്ങരത്തറ സുധീഷിന്റെ മകൻ സുമേഷിനെ സഹോദരൻ സുനീഷ് കുത്തിക്കൊലപ്പെടുത്തിയതാണെന്ന് ഒടുവിൽ തെളിഞ്ഞു.
കേസിൽ പോലീസിനെപ്പോലും വീട്ടുകാർക്ക് ആശയക്കുഴപ്പത്തിലേക്കെത്തിക്കുവാൻ സാധിച്ചു. പോലീസ് പറഞ്ഞതനുസരിച്ച് കൊലപാതകമാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് കൊടുത്തെങ്കിലും പ്രതിയുടെ വീട്ടുകാർ മാധ്യമ പ്രവർത്തകരുമായി ബന്ധപ്പെട്ട് കൊലപാതകം നടന്നിട്ടില്ലെന്ന് സമർഥിക്കാൻ ശ്രമിച്ചു.
ഒടുവിൽ പോലീസിന്റെ ശാസ്ത്രീയമായ കണ്ടുപിടിത്തവും തെളിവുകളും കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുകയായിരുന്നു.എരൂരിലെ വാടക വീട്ടിൽ വച്ച് ചൊവ്വാഴ്ചയായിരുന്നു സുമേഷ് കുത്തേറ്റ് മരിക്കുന്നത്. ഇതിന് ദൃക്സാക്ഷികളില്ല. കൊല്ലപ്പെട്ട സുമേഷ് കുറെനാളായി അപകടത്തെ തുടർന്ന് അസുഖത്തിന്റെ കാരണം പറഞ്ഞ് പണിക്ക് പോകാറില്ല.
വീട്ടിൽ കിടന്ന് സമയാസമയങ്ങളിൽ ഭക്ഷണം കഴിക്കലും ടിവി കാണലുമായിരുന്നു പരിപാടി.സംഭവ ദിവസം പ്രതി സുനീഷ് വീട്ടിലേക്ക് വന്നപ്പോൾ ടിവി കണ്ടു കൊണ്ട് കട്ടിലിൽ കിടക്കുകയായിരുന്ന ചേട്ടനുമായി വഴക്കിട്ടു. വഴക്കിനിടയിൽ കട്ടിലിനടിയിൽ ഒളിപ്പിച്ച് വച്ചിരുന്ന കത്തിയെടുത്ത് സുനീഷ് കുത്തുകയായിരുന്നു.
പതിനൊന്നര സെന്റീമീറ്റർ ആഴത്തിൽ മുറിവേറ്റ സുമേഷിനെ സുനീഷ് തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. വീണ് പരിക്കേറ്റതാണെന്ന് ഒരു മൊഴിയിലും വീഴ്ചക്കിടയിൽ ചില്ല് കുത്തിക്കയറിയാണ് മരണമെന്ന് മറ്റൊരു മൊഴിയിലും സ്വയം കുത്തിയതാണെന്നും പ്രതി പറഞ്ഞു.
ആശുപത്രിയിൽ നൽകിയതും പോലീസിനു നൽകിയതും വ്യത്യസ്തമായ വിശദീകരണങ്ങളായിരുന്നു. സംശയം തോന്നിയ പോലീസ് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറോട് കൂടുതൽ വിശദീകരണങ്ങൾ തിരക്കി. സ്വയം കുത്തിയാൽ കുത്തേൽക്കുന്നത് വയറിന്റെ ഭാഗത്താണെന്നും എന്നാൽ പരിക്ക് നെഞ്ചിന്റെ ഭാഗത്താണെന്നും ഡോക്ടർ വിശദീകരിച്ചു.
സ്വയം കുത്തിയാൽ ഒരിക്കലും പതിനൊന്നര സെന്റീമീറ്റർ ആഴത്തിൽ കത്തി കയറാൻ സാധ്യതയില്ലെന്നും ഡോക്ടർ പറഞ്ഞു. ഇതിനിടയിൽ കുടുംബം മുഴുവൻ പ്രതിക്ക് അനുകൂലമായി മൊഴി നൽകിയത് പോലീസിനെ കുഴക്കി. ഞാൻ സ്വന്തം ചേട്ടനെ അങ്ങനെ ചേയ്യുമോ സാറേയെന്നായിരുന്നു പ്രതിയുടെ മറുചോദ്യം.
പോസ്റ്റ്മോർട്ടം റിപ്പോർട്ടുമായി പ്രതിയെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം ഏറ്റുപറഞ്ഞത്. മരിച്ച സുമേഷ് പത്തോളം ക്രമിനൽ കേസുകളിൽ പ്രതിയാണ്. ഇതിൽ പോലീസിനെ ആക്രമിച്ച കേസുമുണ്ട്. പ്രതി സുനീഷും പല കേസുകളിലും പ്രതിയാണ്. വീട്ടുകാരും കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ള കുടുംബമാണെന്നും പോലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.