കായംകുളം: കണ്ടലൂരിൽ നിരവധി ക്രിമിനൽ കേസിലെ പ്രതിയായ യുവാവിനെ റോഡരുകിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ നാല് പ്രതികളെ അന്വേഷണ സംഘം ഇന്ന് കോടതിയിൽ ഹാജരാക്കും. കായംകുളം സ്വദേശികളായ സെയ്ഫ്, ഹാഷിം, റോഷൻ കണ്ടല്ലൂർ സ്വദേശി വിഷ്ണുദേവ് എന്നിവരെയാണ് കോടതിയിൽ ഹാജരാക്കുക. കണ്ടല്ലൂർ തെക്ക് ശരവണ സദനത്തിൽ സുമേഷി(30 )നെ കൊലപ്പെടുത്തിയ കേസിൽ കായംകുളം ഡിവൈഎസ്പി എൻ. രാജേഷ്. സിഐ റ്റി.മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നലെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
പിന്നീട് പ്രതികളെ കേസിലെ സാക്ഷികൾക്ക് മുന്പിൽ തിരിച്ചറിയൽ പരേഡിന് വിധേയരാക്കും. സംഭവ സ്ഥലത്ത് പ്രതികളുമായെത്തി തെളിവെടുപ്പും നടത്തും. പിടിയിലായ ഹാഷിമിന്റെ അനുജൻ അഫ്സലിനെ 2015 ഫെബ്രുവരി എട്ടിന് കായംകുളം റെയിൽവേ സ്റ്റേഷന് സമീപം വച്ച് ആളുമാറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. നെഞ്ചിലും വയറിലും ആഴത്തിൽ കുത്തേറ്റ അഫ്സൽ ദീർഘകാലം ചികിത്സയിൽ കഴിയേണ്ടി വന്നു. ഇതിന്റെ പ്രതികാരമെന്നോണം സുമേഷിനെ വകവരുത്താൻ ഹാഷിമിന്റെ നേതൃത്വത്തിൽ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുനെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.
ഇതിനായി ഹാഷിം സുഹൃത്തായ സെയ്ഫിന്റെ സഹായം തേടി. ഹാഷിമും സെയ്ഫും സുഹൃത്തായ മണിവേലിക്കടവിലുള്ള മറ്റൊരു സുഹൃത്ത് ആകാശിന്റെ വീട്ടിൽ ഇടയ്ക്കിടെ വാഹനത്തിൽ പോകാറുണ്ടായിരുന്നു. ഈ സമയം കണ്ടല്ലൂർ കളരിയ്ക്കൽ ജംഗ്ഷനിൽ വച്ച് നിരവധി തവണ സുമേഷിനെ കാണാറുണ്ടെന്നും അപ്പോൾ ആംഗ്യ ഭാഷയിൽ സുമേഷ് ഇവരെ വിരട്ടാറുണ്ടെന്നും പ്രതികൾ അനേഷണ സംഘത്തിന് മൊഴിനൽകി. ഇതിനെ തുടർന്നാണ് സുമേഷിന്റെ നീക്കങ്ങൾ വളരെ ആസൂത്രിതമായി നിരീക്ഷിച്ച് ഇയാളെ വകവരുത്താൻ സംഘം തീരുമാനിച്ചത്.
കഴിഞ്ഞ ഫെബ്രുവരി പതിനൊന്നിന് രാത്രി 7.45 ഓടെ മുതുകുളത്തുള്ള രതീഷ് എന്നയാളുടെ ഹുണ്ടായി ഐ 10 ഗ്രാന്റ് വാഹനം വാടകയ്ക്ക് എടുക്കുകയും സംഭവദിവസം രാവിലെ മുതൽ പുല്ലുകുളങ്ങര, കളരിക്കൽ, കണ്ടല്ലൂർ മേഖലകളിൽ നാട്ടുകാരനായ വിഷ്ണുദേവിനെ ഉപയോഗിച്ച് സംഘം സുമേഷിനെ നിരീക്ഷിച്ച് വരുകയുമായിരുന്നു. സംഭവ ദിവസം രാത്രി ഏഴോടെ കളരിക്കൽ ജംഗ്ഷനിലെ പ്രകാശിന്റെ കടയിൽ കാലിൽ മുള്ളുകൊണ്ടത് നീക്കം ചെയ്യാൻ സേഫ്റ്റി പിൻ വാങ്ങാൻ സുമേഷ് എത്തി. ഈ സമയം വിഷ്ണുദേവും മറ്റൊരു കുട്ടികുറ്റവാളിയും ചേർന്ന് വിവരം സെയ്ഫിനെ മൊബൈൽ ഫോണിൽ വിളിച്ചറിയിച്ചെന്നും അന്വേഷണ സംഘം പറഞ്ഞു.
തുടർന്ന് സെയ്ഫ്, ഹാഷിം, റോഷൻ, ഫൈസൽ എന്നിവർ സുമേഷ് നിൽക്കുന്നിടത്ത് കാറിലെത്തുകയും ഒരേസമയം കാറിന്റെ നാല് ഡോറുകളും തുറന്ന് സംഘം പുറത്തിറങ്ങുകയും വടിവാളും വെട്ടുകത്തിയും ഉപയോഗിച്ച് അടുത്ത് നിന്നവരെ ഭീഷണിപ്പെടുത്തി അകറ്റിയശേഷം സുമേഷിനെ ഓടിച്ചിട്ട് വെട്ടുകയായിരുന്നു. ഈ സമയം സമീപത്തെ വയലിലേക്ക് ഓടി സുമേഷ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സംഘം പിന്തുടർന്ന് വെട്ടുകയായിരുന്നെന്നും അന്വേഷണ സംഘം പറഞ്ഞു.
കൈയ്യും കാലും വെട്ടിയശേഷം നെഞ്ചിന്റെ ഇടതുവശത്ത് ആഴത്തിൽ കുത്തി . സംഘത്തിലെ ഫൈസൽ ഒളിവിലാണ്. ഇയാൾക്കുവേണ്ടി അന്വേഷണം ഉൗർജിതമാക്കിയിരിക്കുകയാണന്നും കൊലപാതകത്തിന് സഹായിച്ച നിരവധിപ്പേരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവർക്കുവേണ്ടി അന്വേഷണം ഉൗർജിതമാക്കിയെന്നും പോലീസ് പറഞ്ഞു. സംഭവശേഷം ബാഗ്ലൂരിലേക്ക് രക്ഷപ്പെട്ട പ്രതികൾ അന്വേഷണ സംഘം ബാംഗളൂരിൽ എത്തിയതിനെ തുടർന്ന് തിരികെ ഓച്ചിറയിൽ എത്തി മറ്റിടങ്ങളിലെക്ക് ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം പിടിയിലായത്.