കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയില്‍ ഒരു യുവതിയുടെ പോസ്റ്റ് വൈറലായിരുന്നു. രാത്രിയാകുമ്പോള്‍ പലരും മെസഞ്ചറില്‍ മോശം രീതിയില്‍ ചാറ്റിംഗിനായി വരുന്നെന്നും ഇറക്കംകുറഞ്ഞ വസ്ത്രം ധരിച്ചുള്ള ചിത്രത്തിനൊപ്പം പുരുഷന്മാരെ മുഴുവന്‍ മോശക്കാരാണെന്ന തരത്തില്‍ പോസ്റ്റ് ചെയ്ത ജോമോള്‍ ജോസഫിന്റെ പോസ്റ്റ് വൈറലായിരുന്നു. പലരും അവരുടെ അഭിപ്രായത്തോട് വിയോജിക്കുകയും ചെയ്തു. ഇപ്പോഴിതാ ജോമോളിന് കുറിക്കു കൊള്ളുന്ന മറുപടിയുമായി എത്തിയിരിക്കുകയാണ് സുമേഷ് മാര്‍ക്കോപോളോ എന്ന യുവാവ്.
സുമേഷിന്റെ പോസ്റ്റിലെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ- കുഞ്ഞുടുപ്പിട്ട് നടക്കുന്നത് കൊണ്ട് എന്നെ ഇപ്പം കിട്ടും, ഇപ്പം കിട്ടും’ എന്ന് ആണുങ്ങളെയൊന്നാകെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത കൊച്ചിക്കാരി ‘ജോമോള്‍ ജോസഫി’ന് ഒരു മറുപടിയാണ് ഈ കുറിപ്പ്.
കൊച്ചേ….പെണ്ണുങ്ങളെന്ത് ചെയ്താലും വൈറലാകുന്നത് പോലെ, കൊച്ചിന്റെ പോസ്റ്റും വൈറലായി. കുട്ടിക്കുപ്പായമിട്ടൊരു ഫോട്ടോ കൂടിയായപ്പോള്‍ സംഗതി ജോറായി. സന്തോഷം…കാരണം, മറ്റുള്ളവര്‍ ശ്രദ്ധിക്കണമെന്നാഗ്രഹിക്കുന്നവരാണ് ഇത്തരം ‘തറപ്പണി’ ചെയ്യുന്നത്. കൊച്ചിന്റെ സന്തോഷത്തില്‍ ഞാനും പങ്കുചേരുന്നു. ഇനി കാര്യത്തിലേക്ക് വരാം.
നിങ്ങള്‍, ചില പെണ്ണുങ്ങള്‍ക്കൊരു ധാരണയുണ്ട്. ആണുങ്ങളെല്ലാം പെണ്ണുങ്ങളുടെ പിറകെ മണപ്പിച്ച് നടക്കുന്നവരാണെന്ന്. ആ ധാരണ തെറ്റാണ് മോളേ… അച്ഛന്‍, ആങ്ങള, ചേച്ചിയുടെ അല്ലെങ്കില്‍ അനിയത്തിയുടെ ഭര്‍ത്താവ്…ഇത്രയും പേരാണ് നിങ്ങളുടെ കണ്ണിലെ മാന്യന്മാരായ ആണുങ്ങള്‍. അതങ്ങനെ തന്നെയിരുന്നോട്ടെ, തിരുത്താന്‍ ഞാനാളല്ല.
കൊച്ച്, കൊച്ചീലിരുന്ന് വിശദീകരിച്ച കാര്യത്തിലേക്ക് വരാം. പച്ച ലൈറ്റ് കാണുമ്പോള്‍ പഞ്ചാര വര്‍ത്തമാനവും പറഞ്ഞുകൊണ്ട് വരുന്നവരെപ്പോലെയാണ് എല്ലാം ആണുങ്ങളുമെന്ന ധാരണ തന്നെ മണ്ടത്തരമാണ്. രാത്രി ആണുങ്ങളുടെ പച്ച ലൈറ്റ് കത്തിക്കിടക്കുന്നത് കാണുമ്പോള്‍ പഞ്ചാര വര്‍ത്തമാനം മാത്രമല്ല, പച്ചയ്ക്ക് … ചാറ്റിങിന് വരുന്ന എത്രയോ പെണ്ണുങ്ങളെ എനിക്കറിയാം.!
അമ്മയുടെയും, സഹോദരിയുടെയും, സുഹൃത്തിന്റെയും സ്ഥാനങ്ങളില്‍ കാണുന്ന മുഖപുസ്തകത്തിലെ സൗഹൃദ മുഖങ്ങളുണ്ട്. ഈ ഗണത്തില്‍പ്പെടുന്നവരോടല്ലാതെ പലരോടും അങ്ങോട്ടും, തിരിച്ച് ഇങ്ങോട്ടും ഒരാകര്‍ഷണം തോന്നിയിട്ടുണ്ട്, ഇപ്പോഴും തോന്നുന്നുമുണ്ട്. പക്ഷേ, അതൊന്നും ആരും വിളിച്ചുകൂവി നടക്കുന്നില്ല. ഇനി, ആര്‍ക്കും ആരോടും അത്തരത്തിലൊരാകര്‍ഷണം തോന്നിയിട്ടില്ലെന്ന് പറഞ്ഞാല്‍, ഞാന്‍ പറയും…’നിങ്ങളൊരു കപട സദാചാരക്കാരനാണ്. ഇരുളിന്റെ മറവില്‍ അന്യന്റെ കിടപ്പറയിലേക്ക് ഒളിഞ്ഞു നോക്കാന്‍ തക്കവണ്ണം അധമനായ കപട സദാചാരക്കാരന്‍.’
രാവിലെ കഴിക്കുന്ന ഭക്ഷണം, നിങ്ങളുടെ ദിനചര്യകള്‍, ചിക്കനില്ലാതെ ബിയര്‍ കഴിക്കാത്തത്, ഭര്‍ത്താവുമായുള്ള സ്വകാര്യ നിമിഷങ്ങളും, ഫ്‌ലൈറ്റിലും, ആള്‍ക്കൂട്ടത്തിലും, ഷോപ്പിങ് മാളിലുമൊക്കെ വച്ച് മടിയില്ലാതെ കുഞ്ഞിന് പാല് കൊടുക്കുമ്പോള്‍, മുലകളില്‍ വെയിലടിക്കുന്നത് നിങ്ങളെ അസ്വസ്ഥയാക്കാത്തത്, ത്രീ ഫോര്‍ത്തും, ബര്‍മുഡയും, സ്ലീവ് ലെസ്സ് ടോപ്പും ധരിക്കുന്നതും വരെ നിങ്ങള്‍ പ്രശസ്തിക്കു വേണ്ടി സമൂഹത്തിന് മുമ്പില്‍ തുറന്നു കാണിക്കുമ്പോള്‍, അപഹാസ്യയാവുന്നത് നിങ്ങള്‍ മാത്രമല്ല. നിങ്ങള്‍ പ്രതിനിധീകരിക്കുന്ന ഇവിടുത്തെ എല്ലാ സ്ത്രീകളും കൂടിയാണ്. (കനകദുര്‍ഗ്ഗ, ബിന്ദു കല്യാണി, രഹ്ന ഫാത്തിമ, രേഷ്മ നിശാന്ത് തുടങ്ങിയ ആക്റ്റിവിസ്റ്റുകള്‍ ഈ ഗണത്തില്‍പ്പെടുന്നില്ല.)
ലൈംഗിക ബന്ധമല്ല, ഒരു സ്ത്രീയോട് തോന്നുന്ന ആകര്‍ഷണത്തിന്റെ അവസാന വാക്ക് എന്നറിയണം, നിങ്ങളെപ്പോലെയുള്ളവര്‍. ചിലരോട് തോന്നുന്ന ഇഷ്ടം ബഹുമാനമായോ, ഒരു ചുംബനമായോ, ചേര്‍ത്ത് പിടിച്ചൊരു ആലിംഗനമായോ, ഒരു ചെറിയ സമ്മാനപ്പൊതിയിലൂടെയോ ആണ് പ്രകടിപ്പിക്കേണ്ടത്. ഈ കുറിപ്പില്‍ ഞാന്‍ തുറന്നു കാണിച്ചിരിക്കുന്നത് എന്നെത്തന്നെയാണ്. അതുകൊണ്ട് തന്നെ ഞാനൊരു കപട സദാചാരവാദിയുമല്ല.
ജോമോള്‍ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പ്രസക്തഭാഗങ്ങള്‍
പ്രിയ്യപ്പെട്ട ഫേസ്ബുക്ക് കൂട്ടുകാരേ..
ഞാന്‍ കൊച്ചിയിലാണ് താമസം, രാവിലെ ഒരു ഏഴ് മണി ഏഴര ആകുമ്പോ എണീക്കും. ഒരു കട്ടന്‍ കാപ്പി കുടിക്കും. രണ്ടരവയസ്സുള്ള മോന് ഭക്ഷണം വെച്ച് എട്ടരയാകുമ്പോള്‍ കൊടുക്കും. അതിനിടയില്‍ കെട്ട്യോനും കട്ടന്‍ കാപ്പി കൊടുക്കും (ഞങ്ങള്‍ കട്ടന്‍ കാപ്പി മാത്രമേ കുടിക്കാറുള്ളൂ, ചിലപ്പോ കട്ടന്‍ ചായേം)
അടുക്കളയില്‍ കയറി ഭക്ഷണം വെക്കലും മോനെ നോക്കലും തന്നെ നല്ലൊരു ജോലിയാണ്. എന്തേലും ചെയ്ത് വരുമ്പോള്‍ അവന്‍ കേറി കുളമാക്കുവേ.. ഒരു പത്തുമണിയാകുമ്പോ ഭക്ഷണം കഴിക്കും. പുട്ട്, ദോശ, ഇഡ്ഡലി, കപ്പ, ഇടിയപ്പം ഇതൊക്കെയാണ് പ്രധാനമായും രാവിലത്തെ ഭക്ഷണം.
ഒരു പതിനൊന്നര പന്ത്രണ്ട് മണിക്ക് മോന്‍ ആദിയെ ഭക്ഷണം കൊടുത്ത് കുളിപ്പിച്ച് ഉറക്കും. പിന്നെ തുണിയലക്കലും വീട് വൃത്തിയാക്കലും ഉച്ചക്കത്തെ ഭക്ഷണം കഴിക്കലും ഒക്കെയായി നല്ല തിരക്കാണ്. വീട്ടില്‍ രണ്ട് പഗ്ഗുകളും ഉണ്ട്. ഹാരിയും കുഞ്ഞുവും. അവരുടെ കാര്യവും ഇതിനെടേല് നോക്കണം.
ഒരു മൂന്നര നാലു മണിയാകുമ്പോഴേക്കും ആദി എണീക്കും. പിന്നെ അവന്റെ ഉറക്കപ്പിച്ചൊക്കെ മാറ്റിയെടുത്ത് വല്ലതും കഴിപ്പിക്കാനുള്ള തിരക്കായിരിക്കും. ഭക്ഷണം കഴിച്ചാല്‍ പിന്നെ ആദീടെ പ്രധാന ശ്രദ്ധ അടുക്കിപ്പെറുക്കി വെച്ച വീട് എങ്ങനെ വലിച്ചു വാരിയിടാം എന്നതാണ്. അതിനൊപ്പം തന്നെയാണ് അവന്റെ അതേ പ്രായമുള്ള കുഞ്ഞുവിനേം കൂട്ടിയുള്ള യുദ്ധം. പിന്നെ അവന്‍ ഉറങ്ങുന്നതുവരെ വീടൊരു യുദ്ധഭൂമിയായിരിക്കും.
എട്ടര ഒമ്പത് മണിയാകും ആദി കുളി കഴിഞ്ഞ് ഉറങ്ങാനായിട്ട്. ഉറക്കണേല്‍ ആദീടെ കൂടെ അരമണിക്കൂര്‍ കിടക്കം. അതു കഴിഞ്ഞാല്‍ പിന്നെ അവന്‍ വലിച്ചുവാരിയിട്ടത് മുഴുവനും പഴയതുപോലെ അടുക്കി പെറുക്കി വെക്കണം. കുഞ്ഞൂനും ഹാരിക്കും ഭക്ഷണം കൊടുക്കണം. കുളിക്കണം. ഞങ്ങള്‍ക്ക് ഭക്ഷണം കഴിക്കണം. പിന്നെയാണ് ഞാനും ഭര്‍ത്താവുമായുള്ള ലോകം. ഒരുമിച്ചിരുന്ന് കഥ പറച്ചിലും ഫേസ്ബുക്ക് നോട്ടവും വാട്സാപ്പ് നോട്ടവും ഒക്കെയായി ജോളിയായി അങ്ങ് കൂടും.
ഞാന്‍ സ്ഥിരമായി ധരിക്കുന്നത് മോഡേണ്‍ ഡ്രസ്സാണ്. ത്രീഫോര്‍ത്ത് ജീന്‍സോ, ജീന്‍സോ, മിഡിയോ, ഫ്രോക്കോ ഒക്കെയാണ് സ്ഥിരം വേഷം. കൂടെയിടുന്നത് സ്ലീവ് ലെസ്സ് ടോപ്പാണ്. ആകെ മൂന്ന് കുര്‍ത്തിയാണ് ഉള്ളത്, ബാക്കിയൊക്കെ നേരത്തെ പറഞ്ഞ ഡ്രസ്സുകളാണ്. സാരി ഒരെണ്ണം പോലും എനിക്കില്ല. വീട്ടില്‍ മിനി സ്‌കേര്‍ട്ടും സ്സീവ് ലെസ്സ് സ്ലിറ്റ്സോ ടോപ്പോ ഒക്കെയാണ് രാത്രിയും പകലും വേഷം. ഒരു നൈറ്റിപോലും ഈ വീട്ടിലില്ല.
ഫേസ്ബുക്കില്‍ എന്റെ വാളിലും, ഡോഗ് ലവേഴ്സ് ഗ്രൂപ്പിലും, മറ്റുചില ഗ്രൂപ്പുകളിലും സജീവമാണ്. ചില വാട്സാപ്പ് ഗ്രൂപ്പുകളിലും, സുഹൃത്തുക്കളുമായും ചാറ്റ് ചെയ്യുകയും, ഫോണ്‍ ചെയ്യുകയും ഒക്കെ ചെയ്യുന്ന ഒരാളാണ് ഞാന്‍. എന്റെ ഭര്‍ത്താവല്ലാതെ മനസ്സിന് ഇണങ്ങിയ വേറൊരാളെയും ഇതുവരെ പ്രേമിക്കാനായി കിട്ടിയിട്ടില്ല. എന്നാല്‍ ആണ്‍ പെണ്‍ വേര്‍തിരിവില്ലാതെ നിരവധി നല്ല സുഹൃത്തുക്കളെ എനിക്ക് സോഷ്യല്‍ മീഡിയയില്‍ നിന്ന് കിട്ടിയിട്ടുമുണ്ട്. അവരോടൊക്കെ ഫോണിലോ ചാറ്റിലോ സംവദിക്കാനായി സമയം കിട്ടുമ്പോള്‍ യാതൊരു മടിയുമില്ലാത്ത വ്യക്തിയുമാണ് ഞാന്‍. എന്ന് കരുതി ഭര്‍ത്താവിനെ മറച്ചുവെച്ച് യാതൊരു ഇടപാടുകളും എനിക്കില്ല കേട്ടോ.
ഇത്രയും പറഞ്ഞത് എന്തിനാണെന്ന് നിങ്ങള്‍ക്ക് മനസ്സിലായോ? എനിക്ക് എന്നെ കുറിച്ച് ചോദിച്ച് ദിവസവും വരുന്ന, നൂറ്റമ്പതോളം മെസഞ്ചര്‍ മെസേജുകള്‍ക്ക് മറുപടി കൊടുക്കുക എന്നത് കഴിയുന്ന കാര്യമല്ല. കൂടാതെ യാതൊരു പരിചയവുമല്ലാത്തവരുടെ പത്തമ്പത് മെസഞ്ചര്‍ കോളുകളും സ്വീകരിക്കുക എന്നത് വലിയ സമയമെടുക്കുന്ന പരിപാടിയാണ്. ഒരാള്‍ തന്നെ ദിവസം നാലും അഞ്ചും തവണയൊക്കെയാണ് വിളിക്കുന്നത്.
അതുകൊണ്ട് മെസഞ്ചര്‍ നോക്കാറേയില്ല, നോട്ടിഫിക്കേഷന്‍ പോലും ഓഫാകകിയിട്ടേക്കുകയാണ്. കഴിഞ്ഞ ദിവസം അതായത് ഞായര്‍ തിങ്കള്‍ ദിവസങ്ങളില്‍ മാത്രം എനിക്ക് വന്നത് അഞ്ഞൂറോളം മെസഞ്ചര്‍ മെസേജുകളും, നൂറോളം മെസഞ്ചര്‍ കോളുകളും, പത്തുമുപ്പത് മെസഞ്ചര്‍ വീഡിയോ കോളുകളുമാണ്. ഇതിനൊക്കെ മറുപടി തരാനായി എനിക്ക് സമയമില്ലാത്തതുകൊണ്ടാണ് ഞാാന്‍ മറുപടി തരാത്തത്.
അതുമാത്രമല്ല ഇതൊക്കെ വല്ലാത്ത ശല്യമായി മാറുകയും ചെയ്യുന്നു പലപ്പോഴും. ആദിയെ ഉറക്കാന്‍ കിടത്തി, അവന്‍ ഉറങ്ങി വരുമ്പോഴാണ് ഏതെങകിലും സഹോദരന്റെ മെസഞ്ചര്‍ കോള്‍, ആദി പിന്നെ ഉറങ്ങില്ല. ഉറങ്ങാതെ നടക്കുന്ന ആദി പിന്നെ താലിബാന്‍ ഭീകരന്റെ മാനറിസങ്ങളായിരിക്കും കാണിക്കുക. അതോടെ എന്റെ അന്നത്തെ ജീവിതത്തിന്റെ ഓര്‍ഡര്‍ തെറ്റുകയും ചെയ്യും.
ഇനി രാത്രി പത്തുമണി കഴിഞ്ഞാല്‍ പച്ച ലൈറ്റ് കത്തി മെസഞ്ചര്‍ കിടക്കുന്നത് കാണുമ്പോള്‍, കുറെപ്പേരൊന്നിച്ചൊരു വരവാണ്, എന്നെ ഉറക്കാതെ എന്റെ മെസഞ്ചറിന്റെ പച്ച ലൈറ്റ് അണയാതെ അവര്‍ക്കൊന്നും ഉറക്കം വരാത്ത അവസ്ഥ അതി ഭീകരമാണ്. അപ്പോള്‍ അത്യാവശ്യത്തിന് മാത്രം മെസഞ്ചറില്‍ വരാനായി ശ്രദ്ധിക്കുക, വെറുപ്പിക്കരുത്.
ഞാനെന്ത് വസ്ത്രം ധരിക്കണം, എന്റെ ഏത് ചിത്രം ഫേസ്ബുക്കിലിടണം എന്നത് എന്റെ സ്വാതന്ത്ര്യമാണ്, ആ സ്വാതന്ത്ര്യം എങ്ങനെയുപയോഗിക്കണം എന്നെനിക്ക് നന്നായി അറിയാം. എനിക്ക് അറിവില്ലാത്തത് എന്റെ ഭര്‍ത്താവിനോടോ കൂട്ടുകാരോടോ ചോദിച്ച് മനസ്സിലാക്കാനും മടിയില്ല. അതുകൊണ്ട് തന്നെ തല്‍ക്കാലം ഉപദേശകരുടെ ആവശ്യം ഇല്ല എന്ന് സ്നേഹപൂര്‍വ്വം അറിയിക്കട്ടേ.
പതിനെട്ട് വയസ്സുവരെ അപ്പന്റേയും അമ്മയുടേയും തണലില്‍ ജീവിച്ച ഞാന്‍, പതിനെട്ട വയസ്സിന് ശേഷം ഇന്നുവരെ സ്വന്തം കാലിലാണ് ജീവിക്കുന്നത്. പതിനെട്ട് വയസ്സിന് ശേഷം ഇന്നുവരെ വീട്ടുകാരെ ഒരു കാര്യത്തിനും ആശ്രയിച്ചിട്ടില്ല. ഇപോള്‍ ഏഴ് വര്‍ഷമായി എന്റെ ഭര്‍ത്താവും ഞാനുമടങ്ങുന്നതാണ് ഞങ്ങളുടെ ലോകം.
രണ്ടര വര്‍ഷമായി ഞങ്ങളുടെ ലോകത്തില്‍ ആദി കൂടിയുണ്ട്. ഞങ്ങള്‍ക്ക് മൂന്നു പേര്‍ക്കും സ്വീകാര്യമായ ജീവിതമാണ് ഞങ്ങളുടേത്. അതില്‍ കൂടുതല്‍ ആരേയും ബോധിപ്പിച്ച് ജീവിക്കേണ്ട സാഹചര്യം ഞങ്ങള്‍ക്കില്ല എന്നും സന്തോഷപൂര്‍വ്വം അറിയിക്കുന്നു. ഇനിമുതല്‍ മോഡലിങ് കൂടെ ചെയ്യണം എന്നതാണ് ആഗ്രഹം. അതിനായുള്ള ശ്രമം തുടങ്ങിയ വിവരവും സന്തോഷത്തോടെ അറിയിക്കുകയാണ്.