മുക്കം: ചുമരുകളിലൂടെ ഒലിച്ചിങ്ങുന്ന മഴവെള്ളം. ചോർന്നൊലിക്കുന്ന കോൺക്രീറ്റ് വീടിനുള്ളിൽ പല ഭാഗത്തും പാത്രങ്ങൾ നിരത്തി വച്ചിരിക്കുന്നു. ഒരോ മഴ തോരുമ്പോഴും നിലത്തെ വെള്ളം തുടച്ചെടുക്കണം. നനഞ്ഞ ചുമരുകളിൽനിന്നും ഏതു സമയവും ഷോക്കേൽക്കുമെന്നതിനാൽ വീടിന്റെ ചുമരിൽ തൊടാതെയുള്ള “സാഹസികയാത്ര’ വേറെ. മുക്കം നഗരസഭയിലെ കിഴക്കുംപാടത്ത് ഭാസ്കരന്റെ വീടിന്റെ അവസ്ഥയാണിത്.
25 വർഷങ്ങൾക്കുമുമ്പ് ബ്ലോക്ക് പഞ്ചായത്തിൽ നിന്നും അനുവദിച്ച 35000 രൂപയ്ക്കാണ് വീട് നിർമിച്ചത്. വർഷങ്ങൾ കഴിയും തോറും ചോർച്ച കൂടിയതോടെ പഞ്ചായത്ത് അംഗത്തെയും (മുക്കം പഞ്ചായത്തായിരുന്നപ്പോൾ ) നഗരസഭാ കൗൺസിലറെയും പല തവണ സമീപിച്ചു. യാതൊരു ഫലവുമുണ്ടായില്ല. ഭവന പദ്ധതികളില്ലെന്നും അപേക്ഷിക്കേണ്ട സമയം കഴിഞ്ഞെന്നുമെല്ലാം പറഞ്ഞ് തദ്ദേശസ്ഥാപനാംഗങ്ങളും അധികൃതരും ഇവരെ കയ്യൊഴിഞ്ഞു. അയൽവാസിയായ കിഴക്കുംപാടത്ത് സുമേഷിന്റെ വീടിന്റെ അവസ്ഥയും വ്യത്യസ്തമല്ല.
ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബം പ്ലാസ്റ്റിക് ഷീറ്റിട്ട ഒറ്റമുറി വീട്ടിലാണ് കഴിഞ്ഞ എട്ട് വർഷമായി താമസിക്കുന്നത്. ഷീറ്റ് കീറി വീടിന്റെ പല ഭാഗത്തും വെള്ളം ചോർന്നൊലിക്കുന്നു. ടൂറിസ്റ്റ് ബസിലെ തൊഴിലാളിയായ സുമേഷ് ജോലിക്ക് പോയാൽ ഭാര്യയും രണ്ട് മക്കളും മാത്രമാണ് അടച്ചുറപ്പില്ലാത്ത വീട്ടിലുണ്ടാവുക. വീടിനായി പല തവണ നരസഭയിൽ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധ ഭവന പദ്ധതികൾ നിലനിൽക്കെയാണ് രണ്ട് കുടുംബങ്ങൾ വീടില്ലാതെ ദുരിതമനുഭവിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ പിഎംഎവൈ പദ്ധതി സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ നടപ്പാക്കിയ മുക്കം നഗരസഭാ പരിധിയിലാണ് ഈ രണ്ട് കുടുംബങ്ങളും താമസിക്കുന്നത്. 375 വീടുകളാണ് പിഎംഎവൈ പദ്ധതിയിലൂടെ മുക്കം നഗരസഭ നിർമിച്ചു കൊണ്ടിരിക്കുന്നത്.
വീടില്ലാത്ത, സ്വന്തമായി നാല് സെന്റ് ഭൂമിയുള്ള എല്ലാവരും പിഎംഎവൈ ഭവനത്തിന് അർഹരാണെന്നിരിക്കെയാണ് രണ്ട് കുടുംബങ്ങളെ മാത്രം നഗരസഭാ അധികൃതർ തഴഞ്ഞത്.മുക്കം ഗ്രാമപഞ്ചായത്തായിരുന്നപ്പോൾ ഭവന പദ്ധതിയുടെ ലിസ്റ്റിൽ രണ്ട് ഉൾപ്പെട്ടിരുന്നതായി വീട്ടുകാർ പറയുന്നു. എന്നാൽ ഇവർക്ക് മാത്രം വീടിന് പണം അനുവദിച്ചില്ലെന്നും കാരണം അന്വേഷിച്ചപ്പോൾ വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും സുമേഷ് പറയുന്നു. സ്വന്തമായൊരു വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ബാങ്കിൽ നിന്നും വായ്പയെടുത്ത് വീടു നിർമിക്കാനുള്ള തയ്യാറെടുപ്പിലാണ് സുമേഷ്.