ജെറി എം. തോമസ്
കൊച്ചി: ലോക്ക് ഡൗണിനെത്തുടര്‍ന്ന് വ്യാപാര മേഖല ഒന്നടങ്കം പ്രതിസന്ധി നേരിടുമ്പോഴും പുരയിടത്തിലെ പച്ചക്കറി കൃഷിയില്‍ നിന്നും നേട്ടം കൊയ്ത് വീട്ടമ്മ.
ആലുവ കോമ്പാറ സ്വദേശിനി സുമിയുടെ തോട്ടത്തിലെ പച്ചക്കറികളാണ് ലോക്ക്ഡൗണ്‍ കാലത്തും ചൂടപ്പം പോലെ വിറ്റഴിയുന്നത്. നേരത്തെ ഉണ്ടായിരുന്നതിനേക്കാള്‍ ആവശ്യക്കാരും ഏറിയതോടെ അടുത്ത സീസണില്‍ നെല്‍കൃഷിയും പരീക്ഷിക്കാനൊരുങ്ങുകയാണ് ഇവർ.
ആലപ്പുഴ സ്വദേശിയായ ഭര്‍ത്താവ് ശ്യാം രാജിന് ഇടപ്പള്ളിയിലെ ടയര്‍ കമ്പനിയില്‍ ജോലി ലഭിച്ചതോടെയാണ് നാലു വര്‍ഷം മുമ്പ് ഇവര്‍ എറണാകുളത്തെത്തിയത്.
ഒഴിവുസമയങ്ങളില്‍ വീട്ടിലേക്കാവശ്യമായ പച്ചക്കറികള്‍ മൂന്ന് സെന്റിലെ പുരയിടത്തില്‍ കൃഷി ചെയ്തു തുടങ്ങിയ സുമി ജൈവ പച്ചക്കറികള്‍ക്ക് നിരവധി ആവശ്യക്കാരുണ്ടെന്നറിഞ്ഞതോടെ തോട്ടം വിപുലീകരിക്കുകയായിരുന്നു.
ഇതിനായ അയല്‍വാസി തന്റെ 30 സെന്റ് കൂടി കൃഷിക്കായി വിട്ടുനല്‍കിയതോടെയാണ് വീട്ടാവശ്യങ്ങള്‍ക്കു പുറമേ വില്‍പ്പനയ്ക്കായും കൃഷിയിറക്കി തുടങ്ങിയത്.
കാടുപിടിച്ചുകിടന്ന സ്ഥലം സുമിയും ഭര്‍ത്താവ് ശ്യാംരാജും ചേര്‍ന്നാണ് വെട്ടിത്തെളിച്ച് കിളച്ച് കൃഷിക്കനുയോജ്യമാക്കിയത്. പയര്‍, പാവല്‍.
വെണ്ട, വഴുതന, തക്കാളി, മുള്ളന്‍വെള്ളരി, കപ്പ, ചേന, ചേമ്പ്, കാച്ചില് തുടങ്ങി എല്ലാവിധ വിളകളും ഈ കൃഷിയിടത്തിലുണ്ട്. പൂര്‍ണമായും ജൈവകൃഷിരീതിയാണ് അവലംബിച്ചിട്ടുള്ളതെന്ന് സുമി പറയുന്നു. അതുകൊണ്ടുതന്നെ പച്ചക്കറികള്‍ വില്ക്കാന് ബുദ്ധിമുട്ട് വരുന്നില്ല.
അടുത്തുള്ള വീടുകളില്‍ നേരിട്ട് എത്തിച്ചുനല്‍കുന്നതിന് പുറമേ വാട്സാപ്പ് ഗ്രൂപ്പുകള്‍ വഴിയും വില്‍പ്പന നടത്തുന്നുണ്ട്. വില്‍പ്പനയ്ക്ക് തയാറായിട്ടുള്ള വിഭവങ്ങളുടെ ലിസ്റ്റ് ഇത്തരത്തില്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത് മിനിട്ടുകള്‍ക്കകം അവ വീറ്റു തീരുകയും ചെയ്യും.
കോവിഡിനെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ കാലയളവില്‍ പതിവിലും ഇരട്ടി വില്‍പ്പന നടന്നതായി സുമി പറഞ്ഞു. മുപ്പത് സെന്റില്‍ നിന്ന് പ്രതിമാസം 25000 മുതല്‍ 30000 വരെയാണ് വരുമാനം നേടുന്നത്.
പ്രദേശത്തെ ചെറിയ കടകളിലും ആവശ്യാനുസരണം പച്ചക്കറി എത്തിച്ചു നല്കുന്ന സുമി പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും മികച്ച സമ്മിശ്ര കര്‍ഷകയ്ക്കുള്ള അവാര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്.
പച്ചക്കറിക്ക് പുറമേ ടയറുകൊണ്ടുള്ള ചെടിച്ചട്ടികളും ഇലച്ചെടികളും തന്റെ വരുമാനമാര്‍ഗമാണെന്ന് സുമി പറഞ്ഞു. ഫേസ്ബുക്ക് മാര്‍ക്കറ്റ് പ്ലേസില്‍ പരസ്യം ചെയ്താണ് ഇവയുടെ വില്പന.
ഇന്‍ഡോര്‍ പ്ലാന്റു കളാണ് വിപണിയിലെ മുഖ്യതാരങ്ങള്‍. പ്രളയത്തില്‍ വെള്ളം പൊങ്ങി കൃഷി മുഴുവന്‍ നശിച്ച സാഹചര്യത്തിലാണ് പുതിയ വരുമാനമാര്‍ഗമെന്ന നിലയില്‍ ടയർകൊണ്ടുള്ള ചെടിച്ചട്ടികള്‍ നിര്‍മിച്ചു തുടങ്ങിയത്.
മണ്ണുത്തിയിലെ നഴ്സറി ഗാര്‍ഡനേഴ്സ് ട്രെയിനിംഗില്‍ പങ്കെടുത്തതോടെയാണ് ഈ മേഖലയിലേക്ക് കടന്നുവന്നത്. ഭര്‍ത്താവ് ടയര്‍ ഷോപ്പിലെ ജീവനക്കാരനായതുകൊണ്ട് ഉപയോഗശൂന്യമായ ടയറുകള്‍ സംഘടിപ്പിക്കാന്‍ ബുദ്ധിമുട്ടുവന്നില്ല.
ഇരുവരും ചേര്‍ന്നാണ് ടയര്‍ മുറിച്ച് ചെടിച്ചട്ടികള്‍ നിര്‍മിക്കുന്നത്. ചെടികള്‍ നടാനുള്ള തരത്തിലും ജലസസ്യങ്ങള്‍ നടാനുള്ള തരത്തിലും ചട്ടികള്‍ തയാറാക്കിക്കൊടുക്കും.
250 മുതല്‍ 350 വരെ രൂപ വിലയുള്ള ചട്ടികളാണ് ഇരുവരും തയാറാക്കുന്നത്. വലിയ ഓര്‍ഡറുകള്‍ ലഭിച്ചാല്‍ എത്തിച്ചുനല്‍കുകയും ചെയ്യും. സിമന്റ്, ചിരട്ട എന്നിവ കൊണ്ടും ചട്ടികള്‍ നിര്‍മിച്ചു നല്‍കുന്നുണ്ട്.