കോട്ടയം: കുവൈറ്റിൽ മരിച്ച സംക്രാന്തി സ്വദേശിനിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചു. ചീഫ് സെക്രട്ടറി, നോർക്ക എന്നിവർക്ക് അപേക്ഷ സമർപ്പിച്ചു.
ഹൃദയാഘാതത്തെത്തുടർന്നു സംക്രാന്തി സ്വദേശിയായ പാറന്പുഴ തെക്കനായിൽ ജനാർദനന്റെയും തങ്കമ്മയുടെയും മകൾ ടി.ജെ. സുമി(37)യാണു കുവൈറ്റിൽ മരിച്ചത്.
മെഡിക്കൽ റിപ്പോർട്ട് ലഭിക്കാൻ വൈകുന്നതിനാലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ വൈകുന്നത്. നാലു മാസം മുന്‍പാണു യുവതി കുവൈറ്റിൽ എത്തിയത്. ഹോം നഴ്സിംഗ് ജോലിക്കു പോയതാണ്. പിന്നീട് ജോലി നഷ്ടമായിരുന്നു.
രണ്ടാഴ്ചയിലേറെയായി എംബസിയുടെ ഷെൽട്ടറിലായിരുന്നു കഴിഞ്ഞിരുന്നത്. ഇന്നലെ രാവിലയാണു മരണവിവരം നാട്ടിൽ അറിയുന്നത്.
തുടർ നടപടികൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും, തോമസ് ചാഴിക്കാടൻ എംഎൽഎയും കോണ്‍ഗ്രസ് നേതാവ് സാബു മാത്യു അടക്കമുള്ളവരുമായി ബന്ധപ്പെട്ട ബന്ധുക്കൾ ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ അപേക്ഷ നൽകിയിരുന്നു.
തുടർന്നു ഇന്നു രാവിലെ ചീഫ് സെക്രട്ടറി, നോർക്ക എന്നിവർക്ക് അപേക്ഷ സമർപ്പിച്ചത്. ബന്ധുക്കൾ കുവൈറ്റിലെ മലയാളി അസോസിയേഷൻ അടക്കമുള്ള സംഘടനകളുമായി ബന്ധപ്പെട്ട് യുവതിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
കോവിഡ് ബാധിച്ചാണു മരിച്ചതെന്ന അഭ്യൂഹവും മെഡിക്കൽ റിപ്പോർട്ട് ലഭിക്കാത്തും മൃതദേഹം നാട്ടിലെത്തിക്കുന്നതിനു തടസമായിരിക്കുകയാണ്. മക്കൾ: അഭിജിത്, അൻസു.