ഗുരുവായൂർ: ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. വൈകീട്ട് ശീവേലിക്കുശേഷമായിരുന്നു ദർശനം. ക്ഷേത്രത്തിലെത്തിയ സുമിത്ര മഹാജൻ സോപാനത്തിൽ കദളിക്കുല സമർപ്പിച്ചു തൊഴുതു. മേൽശാന്തി പള്ളിശ്ശേരി മധുസൂദനൻ നന്പൂതിരിയിൽനിന്നു പ്രസാദം ഏറ്റുവാങ്ങി. ഉപദേവന്മാരെയും തൊഴുതാണ് മടങ്ങിയത്.
സി.എൻ.ജയദേവൻ എംപി, ഭരണസമിതി അംഗങ്ങളായ അഡ്വ.എ.സുരേശൻ, കെ.കുഞ്ഞുണ്ണി, അഡ്മിനിസ്ട്രേറ്റർ സി.സി.ശശീധരൻ, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി.ശങ്കുണ്ണിരാജ് എന്നിവരും സ്പീക്കർക്കൊപ്പമുണ്ടായിരുന്നു.സ്പീക്കറുടെ ക്ഷേത്രദർശനത്തോടനുബന്ധിച്ച് സിറ്റി പോലീസ് കമ്മീഷണർ രാഹുൽ എസ്.നായർ, ഗുരുവായൂർ എസിപി പി.എ.ശിവദാസൻ എന്നിവരുടെ നേതൃത്വത്തിൽ വൻ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയിരുന്നു.
ക്ഷേത്രങ്ങളും ആരാധനാലയങ്ങളും സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനുണ്ടെങ്കിലും കൂടുതൽ ഉത്തരവാദിത്വം പൊതുസമൂഹത്തിനാണെന്നു സുമിത്ര മഹാജൻ പറഞ്ഞു.ക്ഷേത്രദർശനത്തിനുശേഷം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു സ്പീക്കർ.
പാർലമെന്ററി നടപടികൾ സമാധാനമായി കൊണ്ടുപോകാനുള്ള പ്രാർത്ഥനയിലാണ് എപ്പോഴും. ഇതിനായി ഈശ്വരനോടു പ്രാർത്ഥിക്കുന്നുണ്ട്. അതോടൊപ്പം പാർലമെന്റ് അംഗങ്ങളോടും പ്രാർത്ഥനയുണ്ട്.മുന്‍പൊരിക്കൽ ഗുരുവായൂർ ക്ഷേത്രദർശനം നടത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു.