കഷ്ടപ്പെട്ട് മക്കളെ വളര്‍ത്തുക എന്നാല്‍ ഇതാണ്! ഒന്നുമില്ലായ്മയില്‍ നിന്ന് അമ്മയും അഞ്ച് മക്കളും ചേര്‍ന്ന് നേടിയ നേട്ടങ്ങള്‍ ലോകത്തിന് മാതൃകയാക്കാവുന്നത്; അറിയാം സുമിത്രയെയും മക്കളെയും കുറിച്ച്

അന്യരുടെ വീടുകളില്‍ പാത്രം കഴുകിയും, വീട്ടുജോലി ചെയ്തും, ഹോട്ടലുകളില്‍ വെള്ളം കോരിക്കൊടുത്തും ,റോഡു വക്കില്‍ പച്ചക്കറി വിറ്റും അഞ്ചുമക്കളെ പഠിപ്പിച്ച അമ്മ. പഠിപ്പിച്ചു എന്ന് പറഞ്ഞാല്‍ സാധാരണ പഠിത്തമല്ല. മൂത്തമകള്‍ ഈ വര്‍ഷം MBBS പൂര്‍ത്തിയാക്കുന്നു. രണ്ടാമത്തെ മകള്‍ MBBS ഒന്നാം വര്‍ഷത്തിനു ചേര്‍ന്നു. മറ്റു മക്കള്‍ മൂന്നുപേരും പഠനത്തില്‍ സ്‌കൂളില്‍ ടോപ്പേര്‍സ്. മക്കളെല്ലാം സ്‌കൂള്‍ വിദ്യാഭ്യാസത്തിനൊപ്പം അവധിസമയങ്ങളില്‍ പച്ചക്കറി വ്യാപാരത്തില്‍ അമ്മയെ സഹായിക്കുകയും ചെയ്യുന്നു. ഉത്തര്‍ പ്രദേശിലെ ഹമീര്‍പ്പൂര്‍ ജില്ലയിലുള്ള ‘മൌദഹ’ ഗ്രാമത്തിലെ സുമിത്ര എന്ന ദരിദ്ര വനിതക്ക് അഞ്ചു മക്കളാണുള്ളത്. മൂന്നു പെണ്ണും രണ്ടാണും. സൈക്കിള്‍ റിക്ഷ ഓടിച്ചിരുന്ന സുമിത്രയുടെ ഭര്‍ത്താവ് ക്ഷയ രോഗം ബാധിച്ചു 12 വര്‍ഷം മുന്‍പാണ് മരിച്ചത്.

അതോടെ അനാഥമായ കുടുംബം, അഞ്ചു കുഞ്ഞുങ്ങളുമായി തെരുവില്‍ ഇറങ്ങേണ്ട നിലയിലായ സുമിത്രയുടെ മുന്നില്‍ ജീവിതം വഴിമുട്ടിനിന്നു. ഒരു വാതിലിലും മുട്ടാതെ ,ആരോടും കെഞ്ചാതെ അവര്‍ അദ്ധ്വാനിക്കാന്‍ തുടങ്ങി. സമീപത്തെ ഹോട്ടലില്‍ പാത്രം കഴുകാനും, വെള്ളം കോരാനും, അടുത്ത വീടുകളില്‍ വീട്ടു വേല ചെയ്യാനും തുടങ്ങിയതോടെ പട്ടിണിമാറി. കുട്ടികളെ സ്‌കൂളിലയയ്ക്കാന്‍ കഴിഞ്ഞു. ഏതോ നിയോഗമെന്നതുപോലെ കുട്ടികളെല്ലാം പഠനത്തില്‍ മിടുമിടുക്കര്‍. മൂത്തമകള്‍ അനിത അടുത്തവീടുകളില്‍ നിന്ന് ശേഖരിക്കുന്ന വാളന്‍ പുളി സ്‌കൂളില്‍ കൊണ്ടുപോയി ഇന്റര്‍വെല്‍ സമയത്ത് വിറ്റ് കിട്ടുന്ന പണവും അമ്മയെ ഏല്‍പ്പിക്കുമാ യിരുന്നു. അതൊരു ചെറു വരുമാനമായി മാറി. ‘മക്കളെ പഠിപ്പിക്കാന്‍ ഇങ്ങനെ കഷ്ടപ്പെടരുതെന്നും അവരൊന്നും പഠിച്ചു വലിയ എഞ്ചിനീയറോ, ഡോക്ടറോ ഒന്നുമാകാന്‍ പോകുന്നില്ലെന്നും ബന്ധുക്കളും ,അയല്‍ക്കാരും ,ജോലിക്ക് നിന്നിരുന്ന വീട്ടുകാരും സുമിത്രയോടു പറയുന്നത് മക്കളും പലതവണ കേട്ടിരുന്നു.

മൂത്തമകള്‍ അനിത പ്ലസ് 2 കഴിഞ്ഞശേഷം CPMT എഴുതി ആദ്യതവണ തന്നെ 682 റാങ്കില്‍ വന്നു. ഡജ യിലെ സെഫായി മെഡിക്കല്‍കോളേജില്‍ അഡ്മിഷനും ലഭിച്ചു. അന്നുരാത്രി മുഴുവന്‍ സുമിത്ര ഉറങ്ങാതെയിരുന്നു കരഞ്ഞതായി ഇപ്പോള്‍ ഫൈനല്‍ വര്‍ഷ MBBS കാരിയായ മകള്‍ അനിത ഓര്‍ക്കുന്നു. കാരണം വീട്ടുവേലചെയ്തും ,പാത്രം കഴുകിയും മകളെ എങ്ങനെ ഡോക്ടറാക്കും, കൂടാതെ മറ്റുള്ളവരെയും പഠിപ്പിക്കണം. വീട്ടു ചെലവുകള്‍ ,ആഹാരം ഒക്കെ ഇതുകൊണ്ട് നടക്കില്ല. മക്കള്‍ അഞ്ചുപേരും അന്നുരാത്രി അമ്മയെ കെട്ടിപ്പിടിച്ചുകരഞ്ഞു നേരം വെളുപ്പിച്ചു. രാവിലെ അമ്മ ഒരു തീരുമാനമെടുത്തു. വീടനടുത്തുള്ള റോഡുവക്കില്‍ പച്ചക്കറി വ്യാപാരം നടത്തുക. കയ്യിലുണ്ടായിരുന്ന 2000 രൂപാ മുടക്കി അവര്‍ വ്യാപാരം തുടങ്ങി. ഒരു താല്‍ക്കാലിക പ്ലാസ്റ്റിക് മേല്‍ക്കൂരക്ക് കീഴില്‍. മക്കള്‍ സ്‌കൂള്‍ വിട്ടുവന്നാല്‍ അമ്മക്കൊപ്പം വ്യാപാരത്തില്‍ പങ്കുചേരും. പഞ്ചായത്തധികൃതര്‍ പലതവണ കട എടുത്തുമാറ്റാന്‍ വന്നു. അവരുടെ കാലുപിടിച്ചു കേണു.

മക്കളെ വളര്‍ത്താന്‍ മറ്റു മാര്‍ഗ്ഗമില്ലെന്ന അവരുടെ യാചനക്ക് മുന്നില്‍ അധികാരികള്‍ക്ക് ദയയുണ്ടായി. സുമിത്രയുടെ സമയം തെളിഞ്ഞു.ഒരു ദിവസം 300 മുതല്‍ 500 രൂപ വരെ ലാഭം കിട്ടാന്‍ തുടങ്ങി. അനിതയുടെ പഠിത്തം മുടങ്ങാതെ നടന്നു.ഇപ്പോള്‍ അവള്‍ അവസാന വര്‍ഷത്തിലാണ്. ഇതിനിടെ പ്ലസ് 2 പാസ്സായ രണ്ടാമത്തെ മകള്‍ സുനിത യും CPMT എഴുതി റാങ്കില്‍ വന്നു. അതേ മെഡിക്കല്‍കോളേജില്‍ ഈ വര്‍ഷം MBBS അഡ്മിഷന്‍ എടുത്തു. സുമിത്രയുടെ ഭര്‍ത്താവ് മതിയായ ചികിത്സ കിട്ടാതെയാണ് മരിച്ചത്. പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ നിന്ന് മറ്റേതെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചപ്പോള്‍ കയ്യില്‍ പണമില്ലാതെ സുമിത്ര വാര്‍ത്ത കണ്ണുനീരിനു മൂത്തമകള്‍ ദൃക്‌സാക്ഷിയായിരുന്നു. ആശുപത്രിയില്‍ അവസാന ശ്വാസം വലിച്ചുകൊണ്ടിരുന്ന ഭര്‍ത്താവിനെ രക്ഷിക്കാന്‍ അവര്‍ നടത്തിയ പരിശ്രമങ്ങള്‍ ഒന്നും ഫലിച്ചില്ല. ഒടുവില്‍ ഡോക്ടര്‍ പോയിട്ട് നഴ്‌സുമാര്‍ പോലും തിരിഞ്ഞുനോക്കാതെ ആ സാധു അവിടെ അന്ത്യശ്വാസം വലിച്ചു.

ഭര്‍ത്താവിന്റെ മൃതദേഹവും അഞ്ചുമക്കളെയും കൊണ്ട് ആശുപത്രിയുടെ പടിയിറങ്ങുമ്പോള്‍ മക്കളോടൊപ്പം അദ്ദേഹത്തിന്റെ ചിതയില്‍ചാടി ആത്മഹത്യ ചെയ്യാനാണ് സുമിത്ര മനസ്സില്‍ തീരുമാനിച്ചിരുന്നത്. ആ തീരുമാനം മാറ്റാനുള്ള കാരണം മൂത്തമകള്‍ അനിതയുടെ വാക്കുകളായിരുന്നു..” അമ്മേ ഞാന്‍ പഠിച്ചു വലുതായി ഒരു ഡോക്ടറാകും,പാവങ്ങളെ സൗജന്യമായി ചികിത്സിക്കും. ഉറപ്പാണ്..” മകളെ കെട്ടിപ്പിടിച്ചുകൊണ്ട് സുമിത്ര പറഞ്ഞു..” നമ്മള്‍ ജീവിക്കും , നമുക്ക് ജീവിച്ചേ മതിയാകു. അനുഗ്രഹിക്കാന്‍ അച്ഛന്‍ എന്നും നമുക്കൊപ്പമുണ്ടാകും..” ആ വാക്ക് പാലിക്കാനാണ് അനിത ഇപ്പോഴും ശ്രമിക്കുന്നത്. ഗ്രാമീണ മേഖലയില്‍ പോകണം.അവിടെയുള്ള സാധുക്കളെ സൌജന്യമായി ചികിത്സിക്കണം. ചികിത്സ കിട്ടാതെ മരിച്ച തന്റെ അച്ചന്റെ അവസ്ഥ ആര്‍ക്കുമുണ്ടാകരുത്.. അമ്മയുടെ ത്യാഗവും , കഷ്ടപ്പാടുകളുമാണ് തങ്ങളെ ഇന്നീ നിലയിലാക്കിയത്. അനിത പത്രക്കാരോട് ഇതുപറയുമ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞിരുന്നു. പലതവണ വാക്കുകള്‍ നഷ്ടമായി.

ഇന്ന് സുമിത്രയോടു പച്ചക്കറി വാങ്ങാന്‍ വരുന്നവ രെല്ലാം മക്കളുടെ വിശേഷം തിരക്കാതെ പോകാറില്ല. അന്ന് മക്കളെ പഠിപ്പിക്കുന്നത് പാഴ് വേലയാണെന്നു പറഞ്ഞവര്‍ പോലും. മാത്രവുമല്ല സുമിത്രയുടെയും മക്കളുടെയും ജീവിതം പ്രേരണയായി കാണുന്ന നിരവധിയാള്‍ക്കാര്‍ ഇന്നവരെ കാണാനും അനുമോദിക്കാനും എത്തുന്നുണ്ട്. സാമ്പത്തിക സഹായം നല്‍കാന്‍ മുന്നോട്ടുവന്ന രാഷ്ട്രീയക്കാരുള്‍പ്പെടെയുള്ളവരോട് സ്‌നേഹപൂര്‍വ്വം അത് നിരസിക്കാനും അവര്‍ മടിക്കുന്നില്ല. അമ്മയ്ക്ക് സാഹയമായി പത്താം ക്ലാസ് വിദ്യാര്‍ഥിയായ മൂന്നാമത്തെ മകന്‍ അരുണ്‍ സ്‌കൂള്‍ കഴിയുന്ന സമയങ്ങളില്‍ ഉന്തുവണ്ടിയില്‍ പഴം കൊണ്ടുനടന്നു വില്‍ക്കുകയും ചെയ്യാറുണ്ട്. മക്കളെയെല്ലാം നല്ലനിലയിലെത്തിച്ചിട്ടു സംതൃപ്തിയോടെ ഭര്‍ത്താവിന്റെ അടുത്തേക്ക് പോകണമെന്നതാണ് തന്റെ ആഗ്രഹമെന്നും സുമിത്ര പറയുന്നു.

 

Related posts