
മുണ്ടക്കയം: വിവാഹ വാർഷികത്തിന് രണ്ടു നാൾ ശേഷിക്കെ സുമയ്യയെയും ഭർത്താവ് ഹനീഫയെയും വിധി തട്ടിയെടുത്തത് വാഹനാപകടത്തിലൂടെ.
പെരുമ്പാവൂർ പുല്ലുവഴിയിൽ ഇന്നലെ പുലർച്ചെയുണ്ടായ വാഹനാപകടത്തിലാണ് മുണ്ടക്കയം കുളമാക്കൽ മണ്ണാർത്തോട്ടം ഇസ്മായിൽ -ഷക്കീന ദമ്പതികളുടെ മൂത്ത മകൾ സുമയ്യ (21), ഭർത്താവ് ഹനീഫ മൗലവി (29), ഭർത്താവിന്റെ സഹോദരൻ ഷാജഹാൻ എന്നിവർ മരണമടഞ്ഞത്.
നാളെയായിരുന്നു സുമയ്യയുടെയും ഹനീഫയുടെയും ഒന്നാം വിവാഹ വാർഷികം. ഏഴുമാസം ഗർഭിണിയായിരുന്ന സുമയ്യ ഭർത്താവിനൊപ്പം കുളമാക്കലെ വീട്ടിലേക്കു വരുംവഴിയാണ് അപകടത്തിൽപ്പെട്ടത്.
ഭർത്താവിന്റെ വീട്ടിൽ നിന്നിറങ്ങിയ സമയത്ത് സുമയ്യ മാതാവ് ഷക്കീനയെ ഫോണിൽ വിളിച്ചിരുന്നു. രാവിലെ വീട്ടിലെത്തുമെന്നു പറഞ്ഞ മകൾക്കും ഭർത്താവിനും നൽകാൻ ചക്കപ്പുഴുക്കും കോഴിക്കറിയും ഉണ്ടാക്കി കാത്തിരുന്ന ഷക്കീനയ്ക്ക് ദുരന്തവാർത്ത താങ്ങാനായില്ല.
ആദ്യം ഇവർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു എന്നായിരുന്നു വിവരം. തുടർന്ന് ഹൈവേ പോലീസാണ് മരണ വിവരം അറിയിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് ലോറിയിൽ ഇടിക്കുകയായിരുന്നു.
സുമയ്യയുടെ പിതാവ് ഇസ്മയിൽ രണ്ടു വർഷമായി ഗൾഫിലാണ്. വിദേശത്ത് ജോലിയിൽ പ്രവേശിച്ച ഉടനെയായതിനാൽ ഇസ്മയിലിന് മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.
ഇപ്പോഴാകട്ടെ കൊറോണ വൈറസ് മൂലം നാട്ടിലേക്ക് വരാൻ സാധിക്കാത്തതിനാൽ സംസ്കാര ചടങ്ങുകളിലും ഇദ്ദേഹത്തിന് പങ്കെടുക്കാൻ സാധിക്കില്ല. പ്ലസ്ടുവിലും ഒന്‍പതിലും പഠിക്കുന്ന രണ്ട് സഹോദരിമാരുണ്ട്. കബറടക്കം മലപ്പുറത്തെ വീട്ടിൽ നടത്തി.