തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂടിന് ആശ്വാസമാകാൻ വേനൽമഴ ശക്തിപ്പെടുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. നാളെ മുതൽ രണ്ട് ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ട്.
കഴിഞ്ഞയാഴ്ച മുതൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നേരിയ അളവിൽ വേനൽ മഴ ലഭിച്ചിരുന്നു. ഇന്നലെ എറണാകുളം സൗത്തിൽ മൂന്ന് സെന്റിമീറ്ററും തൊടുപുഴയിൽ രണ്ട് സെന്റിമീറ്ററും കൊച്ചി പള്ളുരുത്തി എന്നിവിടങ്ങളിൽ ഒരു സെന്റിമീറ്റർ വീതവും മഴ പെയ്തു.
വേനൽ മഴയിൽ 59 ശതമാനം കുറവാണ് സംസ്ഥാനത്ത് ഇന്നലെ വരെ രേഖപ്പെടുത്തിയത്. കണ്ണൂർ ജില്ലയിൽ 99 ശതമാനവും മലപ്പുറത്ത് 96 ശതമാനവും കോഴിക്കോട്ട് 95 ശതമാനവും മഴക്കുറവ് രേഖപ്പെടുത്തി.
കോട്ടയത്താണ് ഇതുവരെ ഏറ്റവും കൂടുതൽ വേനൽ മഴ ലഭിച്ചത്. 15 ശതമാനം മഴക്കുറവ് മാത്രമാണു ജില്ലയിൽ രേഖപ്പെടുത്തിയിട്ടുള്ളതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.