കോട്ടയം: കനത്ത ചൂടില്‍ കോട്ടയം ഉരുകുകയാണ്. വൈകുന്നേരങ്ങളില്‍ ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴ പെയ്യുന്നുണ്ടെങ്കില്‍ മണ്ണും മനവും തണുക്കാനുള്ള മഴ ഇതുവരെ പെയ്തില്ല.
കാര്‍മേഘം ഉരുണ്ടു കൂടുന്നതോടെ ഉഷ്ണത്തിന്റെ തോത് ഉയരും. ചെറിയ ചാറ്റല്‍ മഴ പെയ്താല്‍ പിന്നെ ആവിയില്‍ പുഴുങ്ങുന്ന അവസ്ഥയാണ്. രാത്രിയിലാകട്ടെ കിടന്നുറങ്ങാന്‍ പറ്റാത്ത അവസ്ഥ. ചൂടില്‍ ജീവിതം ദുസഹായി മാറിയിരിക്കുകയാണ്. വരുന്നൂ ശക്തമായ വേനല്‍മഴ എന്നൊക്കെ കാലാവസ്ഥാ വിഭാഗം ആശ്വാസം പറയുന്നതല്ലാതെ മഴ പെയ്യുന്നില്ല, ചൂടിന് ശമനവുമില്ല. മൂന്നു ദിവസമായി രാവിലെ മുതല്‍ മഴക്കാറുണ്ടെങ്കിലും പെയ്ത്തുണ്ടായില്ല.
വറചട്ടിയില്‍ എരിയുന്ന അതിശക്തമായ ചൂടാണ് ജില്ലയിലെ ഏറെ പ്രദേശങ്ങളിലുമുള്ളത്. നാലാള് കൂടുന്നിടത്തെല്ലാം ചൂടിനെക്കുറിച്ചു മാത്രമാണു ചര്‍ച്ച. ചുട്ടുപൊള്ളുന്ന വെയിലില്‍ എല്ലാവരും വീടുകളില്‍ കഴിയുകയാണ്. പകല്‍ സമയങ്ങളില്‍ നഗരങ്ങളിലും റോഡുകളിലും ആളുകള്‍ തീരെയില്ല.
അത്യാവശ്യക്കാര്‍ മാത്രമാണ് പുറത്തിറങ്ങുന്നത്. വാഹനങ്ങളും കുറവാണ്. ടൂവീലര്‍ യാത്ര പലരും ഉപേക്ഷിച്ചു. ബസുകളിലും ആളുകള്‍ കുറവാണ്. പരാതിയുണ്ടാകുമെന്നതിനാല് ബസ് ട്രിപ്പുകള്‍ വെട്ടികുറച്ചിട്ടില്ല. സ്വകാര്യ ബസുകളിലെല്ലാം യാത്രക്കാര്‍ക്ക് കുടിവെള്ള സൗകര്യവും ഉറക്കിയിട്ടുണ്ട്.
കെഎസ്ആര്‍ടിസി സിഫ്റ്റ് ബസില്‍ യാത്ര ദുഷ്കരമാണ് ഗ്ലാസ് പഴുത്ത് ശക്തമായ ചൂടാണ്. കര്ട്ടണ് ഇടുമെന്ന പ്രഖ്യാപനം നടന്നില്ല. കെഎസ്ആര്‍ടിസിയില്‍ എസി ബസുകളോടു പ്രിയമേറിയിട്ടുണ്ട്. നഗരങ്ങളിലെ ഓട്ടോറിക്ഷ തൊഴിലാളികളാണ് ചൂടില്‍ ദുരിതമനുഭവിക്കുന്ന മറ്റൊരു വിഭാഗം. പകല്‍ സമയത്ത് ഇപ്പോള്‍ ഓട്ടം കുറഞ്ഞു. സ്റ്റാന്‍ഡിനോടു ചേര്‍ന്നുള്ള മരങ്ങളടെ ചുവടും പടുത കെട്ടിയ ഷെഡുമാണ് ഇവരുടെ ആശ്രയം.