തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ ശക്തമായിട്ടും കടുത്ത ചൂടിന് ശമനമാകുന്നില്ല. പാലക്കാട് ഇന്നലെയും പകൽച്ചൂട് 40 ഡിഗ്രി സെൽഷസിനും മുകളിലെത്തി. ശനിയാഴ്ച വരെ സംസ്ഥാനത്ത് കടുത്ത ചൂട് തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷസ് വരെയും കൊല്ലം, തൃശൂർ ജില്ലകളിൽ 39 ഡിഗ്രി വരെയും കോഴിക്കോട് ജില്ലയിൽ 38 ഡിഗ്രി വരെയും ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോട്ടയം, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി വരെയും തിരുവനന്തപുരം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ 36 ഡിഗ്രി വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് നിഗമനം.
ഇതിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച വരെ ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിലെ മലയോര മേഖലകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ കടുത്ത ചൂടിനൊപ്പം അസുഖകരമായ കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.