അടൂര്‍: അടൂരിലും പരിസരങ്ങളിലും ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു വീശിയടിച്ച കാറ്റിനു മണിക്കൂറില്‍ 43 കിലോമീറ്റര്‍ വേഗം. ഏനാദിമംഗലത്താണ് കാറ്റിന്റെ ശക്തി ഏറ്റവും പ്രകടമായതെന്നു പത്തനംതിട്ടയിലെ കാലാവസ്ഥ നിരീക്ഷണ സംവിധാനങ്ങളില്‍ രേഖപ്പെടുത്തിയ കണക്കുകളില്‍ പറയുന്നു.
ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് പല ഭാഗങ്ങളിലും കാറ്റ് വീശിത്തുടങ്ങിയത്. നാലോടെ ഇതിന്റെ വേഗം കൂടി. അടൂര്‍ ടൗണില്‍ അടക്കം ശക്തമായ കാറ്റാണ് വീശിയത്.
കടകളുടെ ബോര്‍ഡുകളും മറ്റും പറന്നുപോയി. കൂറ്റന്‍ ബോര്‍ഡുകള്‍ പലേടത്തും തകര്‍ന്നുവീണു. മരങ്ങള്‍ കടപുഴകിയും ശിഖരങ്ങള്‍ ഒടിഞ്ഞുവീണും നാശനഷ്ടമുണ്ടായി.
വൈദ്യുത പോസ്റ്റുകളും ലൈനുകളും നിലംപതിച്ചു. ഇന്നലെ തകരാറിലായ വൈദ്യുതി ബന്ധം പലേടങ്ങളിലും പുനഃസ്ഥാപിച്ചിട്ടില്ല.
പ്രാഥമിക കണക്കുകളില്‍ 22 വീടുകള്‍ക്കു പൂര്‍ണമായ നാശനഷ്ടമുണ്ടായത്. ഏറത്ത് വില്ലേജില്‍ മാത്രം 15 വീടുകള്‍ തകര്‍ന്നു. ചൂരക്കോട്ട് ആഞ്ഞിലിമരത്തിന്റെ ശിഖരം ഒടിഞ്ഞുവീണുണ്ടായ അപകടത്തില്‍ സ്കൂട്ടര്‍ യാത്രക്കാരനായ മനു മോഹന്‍ തത്ക്ഷണം മരിച്ചിരുന്നു.
മരം വീണു തടസപ്പെട്ട ഗതാഗതം രാത്രിയോടെ പുനഃസ്ഥാപിച്ചു. വന്‍തോതില്‍ കൃഷിനാശവുമുണ്ടായി. നാശനഷ്ടമുണ്ടായ പ്രദേശങ്ങള്‍ റവന്യൂ, കൃഷിവകുപ്പ് ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു.
മനുമോഹന്റെ കുടുംബത്തിന് അടിയന്തര സഹായം
അടൂര്‍: കഴിഞ്ഞ ദിവസം ഉണ്ടായ അതിശക്തമായ മഴയില്‍ മരം ഒടിഞ്ഞു വീണുണ്ടായ അപകടത്തില്‍ മരിച്ച സ്കൂട്ടര്‍ യാത്രക്കാരന് നെല്ലിമുകള്‍ സ്വദേശി മനുമോഹന്റെ കുടുംബത്തിന് അടിയന്തര സാമ്പത്തിക സഹായം നല്കുമെന്നു ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. നാശനഷ്ടമുണ്ടായ പ്രദേശ്ങ്ങള് ചിറ്റയം ഗോപകുമാര്‍ ഇന്നലെ സന്ദര്‍ശിച്ചു.
കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിലും മഴയിലും അടൂരും പന്തളത്തും ചൂരക്കോടും മണ്ണടിയിലും ഏനാത്തുമെല്ലാം വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്.
വീട് നഷ്ടപ്പെട്ടവര്‍ക്കും കൃഷിനാശം സംഭവിച്ചവര്‍ക്കും അടിയന്തര സാമ്പത്തിക സഹായം എത്തിക്കാൻ മുഖ്യമന്ത്രിയോടും റവന്യൂമന്ത്രിയോടും അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
നാശനഷ്ടം സംബന്ധിച്ച കണക്കെടുപ്പുകള്‍ ഉടൻ പൂര്‍ത്തീകരിക്കാനുള്ള നിര്‍ദേശം റവന്യു, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നല്‍കിയിട്ടുണ്ട്.
ചങ്ക് തകർന്ന് കർഷകർ
അടൂര്‍: കടം വാങ്ങിയും വസ്തു പാട്ടത്തിനെടുത്തും കൃഷി നടത്തിയവര്‍ക്കാണ് ചൊവ്വാഴ്ചയുണ്ടായ കാറ്റിലും മഴയും നഷ്ടമേറെ ഉണ്ടായത്. ഓണത്തിനു വിളവെടുപ്പ് പ്രതീക്ഷിച്ചിരുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ ഉള്‍പ്പെടെ തകര്‍ന്നടിഞ്ഞു.
ഏത്തവാഴ കൃഷിക്കാണ് നഷ്ടം ഏറെയും നേരിട്ടത്. കുലച്ചതും കുലയ്ക്കാത്തതുമായ വാഴകള്‍ വന്‍തോതില്‍ തകര്‍ന്നടിഞ്ഞു.
അടൂര്‍ വെള്ളംകുളങ്ങര താനുവേലില്‍ പുത്തന്‍വീട്ടില്‍ ഹരികുമാറിന്റെ ഉടമസ്ഥതയില്‍ ഏറത്ത് പഞ്ചായത്ത് 13-ാം വാര്‍ഡിലെ പുല്ലംങ്കാട്ടില്പടി ഏലായില്‍ നൂറോളം കുലച്ച ഏത്തവാഴകളാണ് നശിച്ചത്.
പന്തളം തെക്കേക്കര പടുക്കോട്ടുക്കല്‍, മാമ്മൂട് മേഖലയില്‍ ഏത്തവാഴത്തോട്ടങ്ങള്‍ പൂര്‍ണമായി തകര്‍ന്നടിഞ്ഞു. ഏറത്ത് വില്ലേജ് പ്രദേശങ്ങളിലും വന്‍തോതില്‍ കൃഷിനാശമുണ്ടായി. അപ്രതീക്ഷിതമായ കാറ്റായിരുന്നതിനാല്‍ ഏത്തവാഴ കൃഷി സംരക്ഷിച്ചു നിര്‍ത്താനായില്ല.